Sunday, January 31, 2016

രേവന്തക്കെന്നോട് പ്രണയമായിരുന്നില്ല അവസാനഭാഗം

മഞ്ജുളാംഗി തൻ മോഹമേതോ ജലധിയിൽ ആഴുകയോ ...
രാവിലെ മുതൽ നീലു ചേച്ചി പാടുന്നുണ്ടായിരുന്നു ..ഓഫീസ് വിട്ട് സ്റ്റേഷനിലേക്ക് നടക്കുമ്പോഴും അതേ
പാട്ട് !
"എന്താ ചേച്ചി കുറെ നേരമായല്ലോ ഒരേ പാട്ട് ഏത്‌ സിനിമയിലേയാ ? "
ചേച്ചി എന്റെ മുഖത്തേക്ക് നോക്കി
" അർദ്ധനാരി ! "
പേര് കേട്ടപ്പോൾ ഞാനൊരു നിമിഷം രേവയെ ഓർത്തു പോയി പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല ..
പെട്ടെന്നുള്ള എന്റെ മൗനത്തിനു കാരണം ചേച്ചിക്കും മനസ്സിലായി കാണണം ..
ഡീ !
ഉം ...
"അത് കണ്ടു കഴിഞ്ഞപ്പോൾ മുതൽ എന്തോ പോലെ .. "
" എന്താ പ്രശ്നം ? "
" രേവന്തയെ തന്നെ ഓർമ്മ വന്നു മനസ്സിലൊരു വിഷമം "
ആദ്യമായാണ്‌ ചേച്ചി പുച്ഛത്തോടെയല്ലാതെ രേവന്ത എന്ന പേര് ഉച്ചരിക്കുന്ന‌ത് .
" പിന്നെ നീയവളെ കണ്ടിരുന്നോ ? "
" ഇല്ല ചേച്ചി ഇപ്പൊ വർഷങ്ങളായില്ലേ അതിനു ശേഷം കണ്ടിട്ടില്ല അവളെ
എവിടെ, ഏതവസ്ഥയിലായിരിക്കും ആവോ ഒന്നുമറിയില്ല "
" സത്യത്തിൽ എന്തായിരുന്നു പ്രശ്നം ? അന്ന് നീയവളോട്‌ പിണങ്ങിയത് എന്തിനായിരുന്നു ? ഓഫീസിന്റെ കാര്യത്തെ കുറിച്ച് നുണ പറഞ്ഞതൊന്നുമല്ല എന്നുറപ്പാ "
ഞാനൊന്നും മിണ്ടാതെ നടന്നു . രേവ അവളുടെ മുറിയിലേക്ക് എന്നെ വിളിച്ചെന്ന് പറയാൻ എന്ത് കൊണ്ടോ തോന്നിയില്ല.
" നീയൊന്നാ സിനിമ കാണണം കേട്ടോ ..മനസ്സിനെ വല്ലാതെ വേട്ടയാടുന്നു അതിലെ രംഗങ്ങൾ "
അപ്പോഴേ ഞാൻ തീരുമാനിച്ചു നീലു ചേച്ചിയുടെ മനസ്സിനെ പോലും ഈ വിധത്തിൽ സ്പർശിച്ചെങ്കിൽ ആ സിനിമ കാണുന്ന പ്രശ്നമേയില്ല ..അല്ലെങ്കിലേ ഒരു നോവായി ഉള്ളിലുണ്ട് രേവന്ത !
ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഓഫീസിലെ ഒരു സ്റ്റാഫിന്റെ കല്യാണത്തിനു പോയി . ചെമ്പൂരിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് നടക്കുന്ന വഴിയിൽ ഒരു പാൻ കട കണ്ടു . അഡ്രെസ്സ് എഴുതിയ കടലാസ് അവിടെയിരുന്ന ചെറുപ്പക്കാരന് കാണിച്ചു കൊടുത്തു.അവൻ വഴി പറഞ്ഞു തന്നു .നന്ദി പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുകയായിരുന്നു...
ദീദീ ...
പിറകിൽ നിന്നൊരു വിളി ! ഞെട്ടിപോയി ഞാൻ , രേവയല്ലാതെ ആരുമങ്ങനെ വിളിച്ചിട്ടില്ലായിരുന്നു
ഒരാൾ അടുത്തേക്ക് വന്നു
" ദീദീ കല്യാണം കഴിഞ്ഞു വരുമ്പോൾ ഒന്നിവിടെ വരണേ ഈ കടയിൽ.. എനിക്കൊരു കാര്യം പറയാനുണ്ട് "
അമ്പരപ്പോടെ ഞാനയാളുടെ മുഖത്തേക്ക് നോക്കി
" ആരാണ് നിങ്ങൾ ? എന്താണ് പറയാനുള്ളത് "
" പറയാം.. പ്ലീസ് ദീദി തിരിച്ച് ഈ വഴി തന്നെ വരണം ഞാൻ കാത്തു നിൽക്കാം "
" നിങ്ങൾ ആരാണെന്ന് പറയൂ എന്നോടെന്താ പറയാനുള്ളത് ? "
എന്റെ സ്വരമുയർന്നു
" നീയിങ്ങു വന്നേ അല്ലെങ്കിൽ തന്നെ ലേറ്റ് ആയി "
കൂടെയുള്ളവൾ കൈ പിടിച്ചു വലിച്ചു
" ദീദി ഞാൻ കാത്തിരിക്കും സംസാരിക്കാനുണ്ട്..രേവന്തയെകുറിച്ചാ "
മുന്നോട്ടു നടന്നു തുടങ്ങിയ ഞാൻ ഒരു നിമിഷം നിന്നു ! 
തിരിഞ്ഞു നോക്കിയപ്പോൾ അയാൾ കടയിലേക്ക് തന്നെ നടക്കുന്നത് കണ്ടു .
കല്യാണ വീട്ടിലിരിക്കുമ്പോഴും മനസ്സിൽ ആ വാക്കുകൾ ആയിരുന്നു . അയാൾ ആരാണ് രേവയുടെ , ? എന്താണയാൾക്ക്‌ എന്നോട് രേവയെ കുറിച്ച് പറയാനുള്ളത് .ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടിയില്ല .ഒരു വിധേന ഊണ് കഴിച്ചെന്നു വരുത്തി. എത്രയും വേഗം ആ പാൻ കടയിൽ തിരിച്ചെത്തണം അത് മാത്രമായിരുന്നു ചിന്ത ! ഞാൻ തിരക്ക് കൂട്ടി വേഗം മടങ്ങാൻ. കൂടെ വന്നവർ മടങ്ങാൻ വൈകുമെന്ന് അറിഞ്ഞപ്പോൾ ഞാനൊറ്റക്ക് സ്റ്റേഷനിലെക്ക് തിരിച്ചു . ഏകദേശം ആ കടക്കു അടുത്തായി തന്നെയായിരുന്നു ഓട്ടോ നിർത്തിയത് പുറത്തിറങ്ങി ഓട്ടോക്കാരന് പൈസ കൊടുക്കുന്നതിനിടെ ഞാനൊന്ന് തിരിഞ്ഞു നോക്കി . അയാൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ മുന്നോട്ടു വന്നു .
" ദീദി വേഗം എത്തിയല്ലോ "
അയാളൊന്നു ചിരിച്ചു
" ഉം പറയൂ ആരാണ് നിങ്ങൾ രേവയുടെ ? അവളിപ്പോ എവിടെയാണുള്ളത് ?"
" പറയാം ദീദി വരൂ ...
അയാൾ തൊട്ടടുത്തുള്ളൊരു റെസ്റ്റൊറന്റിലേക്ക് നടന്നു .
പിറകെ നടക്കുമ്പോൾ അടക്കാനാവാത്ത ആകാംക്ഷയായിരുന്നു എന്താണ് രേവയെ കുറിച്ച് പറയാനുള്ളത് എന്നറിയാൻ..
" ഇരിക്കൂ ദീദി "
അയാൾ മുന്നിലെ കസേര ചൂണ്ടി കാണിച്ചു
" എന്നെയെങ്ങനെയാണ് കണ്ടപ്പോൾ മനസ്സിലായത്‌ ? മുന്നേ കണ്ടിട്ടുണ്ടോ ?"
" ഉം ഒരുപാട് തവണ ! പലപ്പോഴും ഞാൻ രേവന്തയെ സ്റ്റേഷൻ വരെ കൊണ്ട് വിടാൻ വരാറുണ്ട് "
" ആണോ ? ഞാനിതു വരെ കണ്ടിട്ടില്ല . എന്താ നിങ്ങളുടെ പേര് ? "
" ദീദി ഞാനെല്ലാം പറയാം . എന്റെ പേര് ഹിമാൻശു എന്നാണ് ..ഞാൻ രേവന്തയുടെ ഭർത്താവ് ആണ് ! "
അയാൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന ഞാൻ രണ്ടു കാര്യങ്ങൾക്കാണ് ഞെട്ടിയത് .
ഒന്ന് അല്പം സ്ത്രൈണത കലർന്ന അയാളുടെ ചലനങ്ങളും സംസാര രീതിയും ശ്രദ്ധയിൽ പെട്ടപ്പോൾ ! രണ്ടാമത്തേത് അയാൾ സംസാരിച്ചു നിർത്തിയ വാചകം കേട്ടപ്പോൾ ,
ഞാൻ രേവന്തയുടെ ഭർത്താവ് ആണ് !
അമ്പരപ്പോടെ ഞാനയാളെ തന്നെ ശ്രദ്ധിച്ചു .
" ദീദി രേവന്തയെ കുറിച്ച് കുറച്ചൊക്കെ നിങ്ങൾക്ക് അറിയാമല്ലോ അവൾ അവളുടെ വിഷമങ്ങളൊന്നും ആരോടും പറയാറില്ല എല്ലാവരുടെയും മുന്നിൽ എന്ത് കേട്ടാലും പ്രശ്നമില്ല എന്ന മട്ടിലേ പെരുമാറാറുള്ളൂ പക്ഷേ എന്നും വൈകുന്നേരം എന്റെ കടയിൽ വരും അപ്പോൾ മാത്രം ഉള്ളിലെ സങ്കടങ്ങൾ തുറന്നു പറയും . ഓരോ പ്രഭാതങ്ങളും സന്തോഷത്തോടെ, നന്മയോടെ തുടങ്ങുന്ന അവൾക്ക് പുറംലോകം എന്നും വേദനയും പരിഹാസവും നിറഞ്ഞ പകലുകളേ സമ്മാനിച്ചിട്ടുള്ളൂ. വൈകുന്നേരമാവുമ്പോൾ വാടിയ പൂവ് പോലെ അവളെന്റടുത്തേക്ക് വരും . ദീദി എനിക്കും ശാരീരിക പരിമിതികളുണ്ട് അത് ഈ പത്തു മിനിറ്റ് കൊണ്ട് മനസ്സിലായി കാണുമല്ലോ ... ഞാനും രേവയെ പോലെ ചെറുപ്പത്തിലെ നാട് വിട്ടതാ.
ജനിച്ചു വളർന്ന ചുറ്റുപാടുകൾ സമ്മാനിച്ച പരിഹാസവും അവഗണനയും താങ്ങാനാവാതെ ഞാനും വീട് വിട്ടിറങ്ങി എങ്ങനെയൊക്കെയോ ഇവിടെ എത്തി ചേർന്നു .കണ്ടില്ലേ ആ പാൻ കട അതെന്റേതായിരുന്നു . അവിടെയെന്നും രേവന്ത കൂട്ടുകാരികളോടൊപ്പം വരാറുണ്ടായിരുന്നു . എന്ത് കൊണ്ടോ അവൾ പാൻ ചവക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു . ഇനി പാൻ കഴിക്കരുതെന്ന് ഞാൻ പറഞ്ഞ ദിവസം തന്നെ അവളതു നിർത്തി. പിന്നെ പിന്നെ എവിടെയെങ്കിലും പോവുമ്പോൾ എന്നോട് സമ്മതം ചോദിക്കുന്നത് പതിവായി ..എന്ത് വിശേഷമുണ്ടെങ്കിലും എന്നോട് പറയും
എന്നോട് ചോദിക്കാതെ ഒരു തീരുമാനവും എടുക്കില്ലായിരുന്നു അവൾ ..ഇടക്ക് ഞാൻ നാട്ടിൽ പോയപ്പോൾ അവൾ വല്ലാതെ ഒറ്റപ്പെട്ടു .തിരിച്ചെത്തിയപ്പോൾ അവൾ എന്നോട് തുറന്നു ചോദിച്ചു കൂട്ടായി ഉണ്ടാവുമോ ജീവനുള്ളിടത്തോളം കാലമെന്ന്
ഞാനുമേറെ ആഗ്രഹിച്ചു ചോദിക്കാനിരുന്ന കാര്യമായിരുന്നു അത്! ...ഞങ്ങൾക്കറിയാം ഞങ്ങളുടെ പരിമിതികൾ..സമൂഹം ഇന്നനുശാസിക്കുന്ന രീതിയിലൊരു കുടുംബ ജീവിതം നയിക്കാൻ ഞങ്ങളാൽ ആവില്ലാ . എന്നാലും ബന്ധുക്കൾക്ക് പോലും വേണ്ടപ്പെട്ടവരായി മാറാനാവാതെ പോയ ഞങ്ങൾക്ക് പരസ്പരം തുണയായി ജീവിക്കാലോ.. പുറം ലോകം എത്രയൊക്കെ പരിഹസിച്ചാലും ഞങ്ങളുടെ കുഞ്ഞു ലോകത്ത് സ്നേഹത്തോടെ കഴിയാമല്ലോ വയ്യായ്ക വന്നാൽ താങ്ങായി ഉണ്ടാവുമല്ലോ ഒരാൾ..അത്രയൊക്കെയേ ഞങ്ങൾ ഓർത്തുള്ളൂ ..പ്രകടിപ്പിക്കാൻ ആവാതെ പോയ കുന്നോളം സ്നേഹമുണ്ട് മനസ്സില് .അവകാശികൾ ഇല്ലാത്തതിനാൽ കാത്തു സൂക്ഷിച്ച സ്നേഹം അത് മാത്രമേ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോൾ കൈമുതലായി ഉണ്ടായിരുന്നുള്ളൂ. അവൾക്ക് വലിയ ആഗ്രഹമായിരുന്നു നാട്ടു നടപ്പ് പോലെ ആദ്യം നിശ്ചയം, പിന്നെ വിവാഹം അങ്ങനെ വേണമെന്ന് . അങ്ങനെ ഞങ്ങൾ ഒരു ഞായറാഴ്ച നിശ്ചയം നടത്താൻ തീരുമാനിച്ചു എന്റെ കുറച്ചു കൂട്ടുകാരും അവളുടെ കൂട്ടുകാരും . അവൾ ആദ്യം പറഞ്ഞത് ദീദിയുടെ പേരാ ..വലിയ മോഹമായിരുന്നു ദീദിയെ കാര്യമൊന്നു അറിയിക്കാതെ ക്ഷണിക്കണം വരുമ്പോൾ ചടങ്ങ് കണ്ടു ദീദി അമ്പരക്കണം അപ്പോൾ നേരെ ചെന്ന് അനുഗ്രഹം വാങ്ങണം എന്നൊക്കെ . അനുഗ്രഹവും ആശംസയുമൊക്കെയേകാൻ വളരെ കുറച്ചു പേരേ ഉള്ളൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവൾ തീവ്രമായി ആഗ്രഹിച്ചിരുന്നു ദീദിയുടെ സാന്നിധ്യം .പക്ഷെ അതിനിടക്കാണ്‌ ഓഫീസിന്റെ പേരിൽ നുണ പറഞ്ഞെന്നു പറഞ്ഞ് ദീദി പിണങ്ങിയത് . ദീദിക്കറിയോ പലഹാരം ഉണ്ടാക്കി ഒരു കടയിൽ കൊണ്ട് കൊടുത്താണ് രേവന്ത ജീവിച്ചു പോന്നത് . ഒരിക്കൽ നിങ്ങൾ ഏതു ഓഫീസിലാണ് ജോലി എന്ന് ചോദിച്ചപ്പോൾ അവൾ ഭയന്നു ഇതാണവളുടെ ജോലി എന്നറിഞ്ഞാൽ ഒരുപക്ഷെ നിങ്ങളവളെ സുഹൃത്തായി കണ്ടില്ലെങ്കിലോ എന്ന് "
നിറഞ്ഞ കണ്ണുകളോടെ ഞാൻ കേട്ട് കൊണ്ടിരുന്നു. ഒരക്ഷരം മിണ്ടാനാവാതെ ..
" നിങ്ങളോടോപ്പം കൂടുതൽ നേരം സംസാരിക്കാനാ അവൾ ഓഫീസ് നിങ്ങളുടെ ഓഫീസിനടുത്താണെന്നും പറഞ്ഞ് എന്നും ഇടക്കിറങ്ങി നിങ്ങളെ കൊണ്ട് വിട്ട ശേഷം വീണ്ടും അവളുടെ സ്റ്റേഷനിൽ പോയ്‌ കൊണ്ടിരുന്നത് ..അത്രക്ക് അവൾ ഇഷ്ടപ്പെട്ടിരുന്നു നിങ്ങളെ..എപ്പോഴും പറയുമായിരുന്നു.. നിങ്ങളവളോട് ദേഷ്യപ്പെട്ട അന്ന് അവളാകെ തളർന്നു പോയി .ഞാനെത്ര സമാധാനിപ്പിച്ചിട്ടും സങ്കടപ്പെട്ടിരുന്നു . എത്ര ശ്രമിച്ചതാ ദീദീ ആ പാവം ഇതാണ് കാര്യമെന്നു അറിയിക്കാൻ.. ഒരിക്കൽ പോലും കേൾക്കാനുള്ള മനസ്സ് കാണിച്ചില്ലല്ലോ .എന്റെ രേവ അവൾ ഒരുപാട് സങ്കടപ്പെട്ടു ..വിവാഹം കഴിഞ്ഞ് ഒരുമിച്ചു താമസം തുടങ്ങിയപ്പോഴും അവൾ ശ്രമിച്ചിരുന്നു നിങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ..അവളുടെ സങ്കടം സഹിക്കാനാവാതെ ഒരു ദിവസം ഞാൻ വഴക്ക് പറഞ്ഞു എന്തിനാ ഇങ്ങനെ നാണം കെട്ട് പിറകെ ചെല്ലുന്നത് എന്ന് ഒന്നേ അവൾ പറഞ്ഞുള്ളൂ എന്നോട് മിണ്ടുന്നില്ലെങ്കിൽ സാരമില്ലാ പിണക്കം മാറിയില്ലെങ്കിലും സാരമില്ല പക്ഷെ ദീദി അറിയണം എന്റെ മനസ്സില് ദീദിയോട് എത്ര മാത്രം സ്നേഹവും ബഹുമാനവുമാണെന്ന്. ദീദിയിപ്പോ എന്നെ കുറിച്ച് മോശമായാ ചിന്തിക്കുന്നത് എനിക്കതോർക്കുമ്പോഴാ വിഷമം ഒന്നും വേണ്ടാ ദീദിയുടെ ഓർമകളിൽ എങ്കിലും ഞാനൊരു നല്ല കൂട്ടുകാരിയായിരുന്നാൽ മതിയായിരുന്നു "
ഹിമാൻശുവിന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു സങ്കടം കൊണ്ട് ..
എന്റെ കണ്ണുകൾ നിറഞ്ഞ് ആകെ മൂടൽ പോലെ തോന്നി ചുറ്റിലും .രേവാ രേവാ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു ...എന്ത് മാത്രം സങ്കടപ്പെട്ടിരിക്കും അവൾ ! എന്ത് മാത്രം അപമാനിതയായിട്ടുണ്ടാവും അവൾ ! ..എങ്ങനെ ഞാനിതിനു പ്രായശ്ചിത്തം ചെയ്യും ..
" രേവ എവിടെയുണ്ട് ഇപ്പോൾ ? എനിക്കവളെ കാണണം "
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി .
" ഇല്ല ദീദി ഞങ്ങളിപ്പോ മുംബൈയിൽ അല്ലാ താമസം കർണ്ണാടകയിൽ രേവയുടെ വീട്ടിലാ അവിടെ അവളും അമ്മയും പിന്നെ ചേച്ചിയുടെ മകളുമാണ് ഉള്ളത് . വീട് വിട്ടാണ് ജീവിതമെങ്കിലും രേവ ഇടക്ക് അമ്മയെ കാണാൻ പോവാറുണ്ടായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അമ്മ തനിച്ചായി. അപ്പോൾ ഞങ്ങൾ അവളുടെ വീട്ടിൽ താമസമാരംഭിച്ചു.സത്യം പറഞ്ഞാൽ ഞങ്ങൾ അവിടെ താമസിക്കുന്നതിനു പിറകിൽ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട് "
ഹിമാൻശു ഒരു നിമിഷം നിശ്ശബ്ദനായി 
ഞാൻ ചോദ്യഭാവത്തിൽ ആ മുഖത്തേക്ക് നോക്കി
" ഞങ്ങൾക്ക് രേവയുടെ ചേച്ചിയുടെ മോളെ ദത്തെടുക്കാൻ ആഗ്രഹമുണ്ട് . പക്ഷെ അതിനു നിയമം അനുവദിക്കുമോ എന്നറിയില്ല അതിന്റെ കാര്യങ്ങൾ അന്വേഷിക്കാനാ ഞാൻ മുംബൈയിൽ വന്നത് . ഇവിടെ ഞങ്ങളുടെ സംഘടനയിൽ കാര്യം പറഞ്ഞു അന്വേഷിച്ചിട്ട് വേണ്ടത് ചെയ്യാമെന്ന് അവര് പറഞ്ഞിട്ടുണ്ട് . ഒരുപക്ഷെ ഞങ്ങൾക്ക് ആ മോളെ കിട്ടിയാൽ തിരിച്ച് മുംബൈയിൽ തന്നെ വരും ..അല്ലെങ്കിൽ അവിടെ തന്നെ ജീവിക്കും ഞങ്ങൾ ആ മോളോടൊപ്പം "
" ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ?"
" രേവയുടെ ചേച്ചി മരിച്ചു കുട്ടിയെ പത്തു വയസ്സ് വരെ അവളുടെ അച്ഛൻ വളർത്തി പിന്നീട് ഉപേക്ഷിച്ചു പോയി "
ഞാൻ ഹിമാൻശുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു
" ജാൻവിക്കിപ്പോ പതിനൊന്നു വയസ്സായി ..അവൾ മറ്റൊരു രേവന്തയാണ് ദീദി ! "
ഹിമാൻശു മുഖം താഴ്ത്തി
എന്റെ ഇടനെഞ്ചിലൊരു പിടച്ചിൽ ഉണർന്നു ..
" ഞങ്ങൾ അനുഭവിച്ചതാ ഈ ശാരീരിക അവസ്ഥ കാരണം നേരിടേണ്ടി വന്ന നരക യാതനകൾ ..പരിഹാസം , അവഗണന, മൃഗതുല്യമായ രീതിയിൽ പലയിടത്തു നിന്നും ആട്ടിയകറ്റപ്പെട്ടത് .ജാൻവിയെ അങ്ങനൊരു ലോകത്തേക്ക് ഞങ്ങൾ അറിഞ്ഞു കൊണ്ട് തള്ളി വിടില്ല ഞങ്ങൾ അവളെ വളർത്തും.ഞങ്ങളെ കൊണ്ടാവുന്ന പോലെ നല്ല രീതിയിൽ , പ്രസവിക്കാൻ കഴിയാത്ത ..എന്തിനേറെ സ്ത്രീ എന്ന് തികച്ചു വിശേഷിപ്പിക്കാൻ പോലും കഴിയാത്ത എന്റെ രേവ അവൾക്ക് അമ്മയാവും.ബാഹ്യരൂപത്തിൽ മാത്രം പുരുഷനായ ഈ ഹിമാൻശു ജാൻവിക്ക് അച്ചനുമാവും . ഏതൊരു കുഞ്ഞിനെയും പോലെ അവൾ സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കും. ഞങ്ങളുടെ മനസ്സിലെ മുഴുവൻ സ്നേഹവും അവൾക്കായി നൽകും.. ഞങ്ങളുടെ ലോകത്ത് ഏറ്റവും സന്തോഷമായി ജീവിക്കും .."
ദൃഡമായിരുന്നു ഹിമാൻശുവിന്റെ ഓരോ വാക്കുകളും
"ഹിമാൻശൂ എനിക്ക് കാണണം രേവയെ ഞാൻ വരാം കർണ്ണാടകയിലേക്ക് ..."
എനിക്ക് താങ്ങാനാവുന്നുണ്ടായിരുന്നില്ല മാനസിക സമ്മർദ്ദം..
" വേണ്ടാ ദീദി അങ്ങനെയൊന്നു ചിന്തിക്കുക പോലും വേണ്ടാ ..ഇനി അവളുടെ ജീവിതത്തിലേക്ക് കടന്നു വരരുത് കാരണം ഇനിയുമൊരിക്കൽ കൂടി കണ്ടാലും പിന്നെയും നിങ്ങൾക്ക് പഴയ സൗഹൃദം തുടരാൻ ആവില്ലാ അന്നത്തെ അതേ, മാറ്റമില്ലാത്ത സമൂഹത്തിൽ ആണ് ദീദിയും രേവയും ഇപ്പോഴും ജീവിക്കുന്നത് ദീദിയെ കണ്ടതും സംസാരിച്ചതുമെല്ലാം ഞാനവളോട് പറയാം രേവന്തയോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതി തന്നോളൂ "
പേന കൈയിലെടുത്ത് ഞാനൊരു നിമിഷം ആലോചിച്ചു..റെയിൽവേ സ്റ്റേഷനിൽ എനിക്ക് മുന്നിൽ തൊഴു കൈയോടെ... നിറഞ്ഞ മിഴികളോടെ നിന്ന രേവയുടെ മുഖം മനസ്സിലേക്ക് വന്നു . ഹൃദയം വേദന കൊണ്ട് നീറുന്നുണ്ടായിരുന്നു
ഹിമാൻശു നീട്ടിയ കടലാസ്സിൽ ഞാൻ എഴുതി.
" രേവാ ...രേവാ ..മാപ്പ് ...എനിക്ക് മനസ്സിലാക്കാൻ ആയില്ലാ ഒന്നും ..തിരിച്ചറിയാനായില്ല നിന്റെ മനസ്സിന്റെ നന്മ ..ദീദിയോടു ക്ഷമിക്കണം.എല്ലാ പരിമിതികളെയും മറികടന്ന് സ്നേഹവും സന്തോഷവും ഇത്രയേറെ നിറഞ്ഞൊരു കുടുംബജീവിതം നീ നേടിയെടുത്തത് കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു..നിന്റെയീ മനോഹരമായ മനസ്സ് എന്നും ഹിമാൻശുവിനും ജാൻവിക്കും തുണയാവട്ടെ. ജാൻവിയെ നിങ്ങൾ ആഗ്രഹിച്ചത്‌ പോലെ വളർത്താൻ നിനക്കാവും എനിക്കുറപ്പുണ്ട്.. എങ്ങനെ നിങ്ങൾ വളരാൻ ആഹ്രഹിച്ചുവോ ജീവിക്കാൻ ആഗ്രഹിച്ചുവോ അതൊക്കെ ജാൻവിയിലൂടെ സാധ്യമാവട്ടെ , സ്നേഹം കൊണ്ട് മനസ്സ് കീഴടക്കാൻ മറ്റാരേക്കാളും നന്നായി അറിയുന്ന..കഴിയുന്ന മറ്റൊരു രേവന്തയായി മാറാനാവട്ടെ ജാൻവിക്ക്‌.. നിന്നെ മാറ്റിനിർത്തിയ ഈ സമൂഹം ജാൻവിയെ എങ്കിലും ചേർത്തു നിർത്തട്ടെ..മറക്കില്ല രേവാ ..നിന്നെ ..നിന്റെ ഹിമാൻശുവിനെ..നിങ്ങളുടെ ജാൻവിയെ..

No comments:

Post a Comment