Author

Tuesday, January 19, 2016

തീണ്ടാരി പൂവുകൾ പൂക്കുന്ന പെണ്ണുടലുകൾ ഒന്നാം ഭാഗം

( മൂന്നു ഭാഗങ്ങൾ ആയാണിത് പോസ്റ്റ്‌ ചെയ്യുന്നത്...തെരണ്ട് കല്യാണത്തിനു (വയസ്സറിയിക്കൽ ) മുമ്പ് അമ്മയും ഞാനുമെങ്ങനെയായിരുന്നു എന്നാണീ പോസ്റ്റിൽ ...രണ്ടാമത്തെ ഭാഗം, തീണ്ടാരി
പൂവുകൾ പൂത്ത എന്നുടലിന്റെ ആധികളും വിഹ്വലതകളുമായി ഞാൻ നാളെയെത്തും..അതിനെ തുടർന്നുള്ള ചടങ്ങും വിശേഷങ്ങളും മൂന്നാമത്തെ ഭാഗത്തിൽ..മൂന്നു ഭാഗങ്ങളും വായിക്കുമെന്ന് കരുതുന്നു )
പെണ്ണ് വയസ്സറിയിച്ചാൽ പിന്നെ അവളുടെ ജീവിതം കുറെയൊക്കെ മാറാറുണ്ട്..വിലക്കുകളുടെ മതിലുയരും അവൾക്ക് ചുറ്റും..പക്ഷെ എന്റെ ജീവിതമല്ലാ മാറിയത് അത്ര നാൾ വരെ എന്റെ ജീവിതത്തിൽ പ്രാധാന്യം ഇല്ലാതിരുന്ന ഒരാൾ എന്റെ നിഴലും വെളിച്ചവുമായി മാറുകയായിരുന്നു. എന്റെ അമ്മ !
അമ്മയും ഞാനും തമ്മിൽ കൃത്യം 18 വയസ്സിന്റെ വ്യത്യാസമാണുള്ളത് .. പതിനേഴ്‌ വയസ്സിൽ തന്നെ അമ്മയുടെ കല്യാണം കഴിഞ്ഞു പതിനെട്ടാം വയസ്സിൽ ഞാൻ പിറന്നു . അച്ഛനന്ന് 23 വയസ്സ് . പക്വതയെത്താത്ത പ്രായമുള്ള അച്ഛനും അമ്മയ്ക്കും പിറന്നത്‌ കൊണ്ടാണ് ഞാൻ ഇത്ര വല്യ കടിഞ്ഞൂൽ പൊട്ടത്തി ആയതെന്ന് ബന്ധുക്കൾ പറയുമായിരുന്നു . രണ്ടു വയസ്സിന്റെ വ്യത്യാസത്തിൽ അനിയനും പിന്നെ അനിയത്തിയും പിറന്നു.
അമ്മ കാണാനൊരു കുഞ്ഞി പെണ്ണായിരുന്നു .അമ്മയുടെ വീട്ടുകാർ വിളിക്കുന്നത്‌ തന്നെ കുഞ്ഞോളെ ന്നായിരുന്നു . നല്ല പൊക്കവും തടിയുമുള്ള സഹോദരങ്ങളുടെ കൂട്ടത്തിൽ അമ്മ മാത്രം അക്ഷരാർത്ഥത്തിൽ കുഞ്ഞോളായി . വളരുന്തോറും എനിക്കും അമ്മക്കുമിടയിൽ ഒരകലവും വളരുന്നുണ്ടായിരുന്നു. ഞാൻ സ്കൂളിൽ പോവാൻ തുടങ്ങുന്ന പ്രായമായപ്പോഴും അമ്മ കുഞ്ഞിപെണ്ണ് തന്നെയായിരുന്നു . കുട്ടിത്തം വിട്ടുമാറാത്ത മുഖവും സംസാരവുമായി ഒരു കുഞ്ഞിപെണ്ണ് . 
6-7 ക്ലാസ്സിൽ എത്തിയത് മുതൽ അമ്മയും ഞാനും ഒരുമിച്ചു പോവുന്നിടത്തു നിന്നൊക്കെ സ്ഥിരമായി കേൾക്കേണ്ടി വന്നൊരു ചോദ്യമായിരുന്നു അനിയത്തിയാണോ എന്ന്.
ആ ചോദ്യം എന്നിലും അമ്മയിലും ഒരസ്വസ്ഥത പടർത്തി. അമ്മയുടെ കൂടെ എവിടെയെങ്കിലും പോവാൻ എനിക്ക് മടിയായി തുടങ്ങി.
ഞാനും അനിയനും വീട്ടിലെന്നും പുതിയ പുതിയ തലവേദനകൾ സൃഷ്ടിച്ചു കൊണ്ട് വളർന്നു.
അമ്മയുടെ സാരിതുമ്പിൽ തൂങ്ങി നിശ്ശബ്ദ സാന്നിധ്യമായി അനിയത്തിയും .
സത്യത്തിൽ അമ്മ ഒരമ്മയായത് അനിയത്തി പിറന്നപ്പോൾ മാത്രമായിരുന്നു അപ്പോഴാണ്‌ അമ്മക്ക് ശരിക്കും പക്വത വന്നത് .അത് കൊണ്ട് തന്നെ അവളെ ഏറെ ഓമനിച്ചു അവളൊരു സാധു കുഞ്ഞായിരുന്നു .അമ്മയെ പോലെ തന്നെ മെലിഞ്ഞ്..യാതൊരു വിധ ദുശാഠ്യങ്ങളുമില്ലാതെ വളർന്ന ഒരു പാവം കുട്ടി ! അവരെപ്പോഴും അടുക്കളയിൽ കഴിഞ്ഞു കൂടി . ഏതു സമയത്ത് അടുക്കളയിൽ ചെന്നാലും അടുക്കളയുടെ ഒരു മൂലക്ക് പലകയിട്ട് അവളെ ഇരുത്തിയത് കാണാമായിരുന്നു. അവൾക്കെന്നെയും അനിയനെയും ഭയങ്കര പേടിയായിരുന്നു . ഞങ്ങൾ അടുത്തേക്ക് ചെല്ലുമ്പോഴൊക്കെ കുഞ്ഞികണ്ണിൽ ഭയം നിറച്ച് ചുണ്ട് കൂർപ്പിച്ച് അമ്മയുടെ അടുത്തെക്കോടും . അമ്മയായിരുന്നു അവളുടെ ചുറ്റുമതിൽ. അമ്മയുടെ ലോകം അവളിലേക്ക് ചുരുങ്ങി.
ഞങ്ങൾക്കതൊന്നും ഒരു പ്രശ്നമേയല്ലായിരുന്നു സമയത്തിനു നല്ലോണം കഴിക്കണം, കുറെ കളിക്കണം ഇടക്ക് എന്തെങ്കിലും പഠിക്കണം എന്നതിൽ കവിഞ്ഞൊരു ശ്രദ്ധയും എനിക്കും അനിയനുമില്ലായിരുന്നു. അമ്മ അനിയത്തിയെയല്ലാ അടുത്ത വീട്ടിലെ കുട്ടികളെ ഞങ്ങളേക്കാളേറെ സ്നേഹിച്ചാലും പുന്നാരിച്ചാലും അതൊന്നുമൊരു പ്രശ്നമേയല്ലായിരുന്നു.
എന്നും വഴക്കും ബഹളവും അട്ടഹാസവുമായി ഞാനും അനിയനും വളർന്നപ്പോൾ ഞങ്ങളെ പറഞ്ഞു അനുസരിപ്പിക്കാനാവാതെ അമ്മയും അമ്മയുടെ ഒക്കത്ത് പേടിച്ചു വിറച്ച് അനിയത്തിയും വലഞ്ഞു .
പലപ്പോഴും അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ അനിയത്തിയെയും എടുത്തു കൊണ്ട് പടിക്കലോ മുറ്റത്തോ കരയാൻ വെമ്പുന്ന ഭാവത്തിൽ നിൽക്കുന്ന അമ്മയാവും എതിരേൽക്കുക. അകത്തേക്ക് ചൂണ്ടി കാണിച്ചു അമ്മ പറയും ആ രണ്ടു ഹിംസ്രജന്തുക്കളെ നോക്കാൻ എന്നെ കൊണ്ടാവൂല !
കുഞ്ഞി ശബ്ദമായിരുന്നു അമ്മക്ക്. ഞങ്ങളുടെ അലർച്ചക്കിടയിൽ അത് റോപ് മ്യൂസികിനിടയിൽ കവിത ചൊല്ലുന്നത് പോലെയായിരുന്നു .. വഴക്കിടുമ്പോൾ അമ്മയേക്കാൾ പൊക്കവും വണ്ണവുമുള്ള എന്നെയും അനിയനെയും പിടിച്ചു മാറ്റാനോ ശബ്ദമുയർത്തി നിയന്ത്രിക്കാനോ ആവാതെ പാവം അമ്മ നട്ടം തിരിഞ്ഞു. അപ്പോഴൊക്കെ അനിയത്തിയെയുമെടുത്ത് അമ്മ കരയും .
" ഞാനിതിനേം കൊണ്ട് എങ്ങോട്ടെങ്കിലും പോവാ എനിക്ക് വയ്യാ നിങ്ങളുടെയിടക്ക് ഒന്നുകിൽ നിങ്ങള് രണ്ടും തമ്മിൽ തല്ലി ചാവ്‌ അല്ലെങ്കിൽ നിങ്ങള് രണ്ടും കൂടി എന്നെ കൊല്ല്. "
അപ്പോൾ മാത്രം ഞങ്ങൾ ഒന്നടങ്ങും .
അങ്ങനെ ഓരോ ദിവസം കഴിയുന്തോറും ഞങ്ങളെ ഭയന്നും സ്നേഹിച്ചും അമ്മ കഴിഞ്ഞു കൂടി ..
ഇങ്ങനെയൊക്കെ വളർന്നത് കൊണ്ടാവണം ഞാനും അമ്മയും മാനസികമായി ഒരടുപ്പവും ഇല്ലായിരുന്നു ആ നാളുകളിൽ ...ഹൈസ്കൂൾ ഒക്കെ എത്തിയപ്പോഴാണ് അമ്മ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം മനസിലായതും അമ്മക്കെന്നോടുള്ള സ്നേഹം തിരിച്ചറിഞ്ഞു സ്നേഹിച്ചു തുടങ്ങിയതുമൊക്കെ..
ഏഴാം ക്ലാസ്സിൽ പഠിക്കുന്നത് വരെ അമ്മമാർ പറഞ്ഞു മനസ്സിലാക്കി തരേണ്ട പല കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരാൻ അമ്മക്കായില്ല. അച്ഛന്റെ ഏട്ടന്റെ ഭാര്യയായിരുന്നു അമ്മയുടെ തുറുപ്പ് ചീട്ട് ..ഇടയ്ക്കിടെ വീട്ടിൽ വരുന്ന അവരെ ഞങ്ങൾ തലശ്ശേരിയമ്മ എന്നായിരുന്നു വിളിക്കാറ്. തലശ്ശേരിയമ്മ വരുമ്പോഴെക്ക് അമ്മ ഒരു നൂറു പരാതിയുമായി കാത്തിരിക്കും 
"ഏടത്ത്യെ ഒന്നിവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്ക് എപ്പോ നോക്ക്യാലും ചെക്കനുമായി തല്ലാണ് ഇവളല്ലേ മൂത്തത് ഇവക്കൊന്നടങ്ങി കൂടെ പിന്നെ അപ്പുറത്തെ ചെക്കന്മാരുടെ കൂടെ ഇവള് പുഴേല് ഞണ്ടിൻകോല് കുത്താൻ പോവും ( നങ്കീസിട്ട്‌ ഞണ്ടിനെ പിടിക്കുന്നതിനെ അങ്ങന്യാ പറയുക അമ്മയൊക്കെ ) അത്വൊന്നു നിർത്തിക്കണം."
തലശ്ശേരിയമ്മ എന്നെ പിടിച്ചിരുത്തി കുറെ ഉപദേശിക്കും അടുത്ത രണ്ടു ദിവസത്തേക്ക് ഞാൻ നന്നാവും മൂന്നാം ദിനം തഥൈവ !
ഓരോ വെക്കേഷനും അമ്മമ്മയുടെ വീട്ടിലേക്ക് ഞാനും അനിയനും പാർക്കാൻ പോവുന്ന ദിവസങ്ങളിൽ മാത്രമാണ് അമ്മ സമാധാനം എന്തെന്ന് അറിഞ്ഞിരുന്നത് .
ആ വർഷം ഏഴാം ക്ലാസ്സിലായിരുന്നു ഞാൻ.. സ്കൂൾ പൂട്ടാൻ കുറച്ചു ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ..സ്കൂളിലെ ഗ്രൗണ്ടിൽ വെച്ചൊരു വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു എന്റെ ഉടലിൽ തീണ്ടാരിപൂവുകൾ വിരിഞ്ഞത് !
തുടരും....

No comments:

Post a Comment