Author

Tuesday, January 19, 2016

രേവന്തക്കെന്നോട് പ്രണയമായിരുന്നില്ല രണ്ടാം ഭാഗം

അപ്പോഴേക്കും നീലു ചേച്ചി രേവന്തയെ കണ്ടു കഴിഞ്ഞിരുന്നു
" ഡീ അവളെന്താ നിന്നെ കാത്തു നിൽക്കുകയാണോ ? "
" ഏയ്‌ എന്തിന് ? അവളും പോവുന്നത് ഇതേ സമയത്താവാം "
" ഉം അങ്ങനെയായാൽ നന്ന്‌ ..നീയെന്തായാലും മിണ്ടാൻ പോവണ്ട കേട്ടല്ലോ "
" ഉം " 
ഞാൻ തലകുനിച്ചു കൊണ്ട് ചേച്ചിയുടെ കൂടെ നടന്നു.. രേവന്ത നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയതേ ഇല്ല ! ട്രെയിൻ വന്നപ്പോ മാത്രം അവളെവിടെയെന്നു ധൃതിയിലൊന്നു നോക്കി എന്റെ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു ! ഞങ്ങൾ വേഗം അകത്തു കയറി . നീലു ചേച്ചിക്ക് മാത്രം സീറ്റ് കിട്ടി . ഞാനുമവളും ഡോറിനടുത്തായി നിന്നു.
നീലു ചേച്ചി നോക്കുന്നുണ്ടോ ആവോ ..ഞാനൊന്നെത്തി നോക്കി ചേച്ചിയാരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടു .
ഹാവൂ സമാധാനം !
" ദീദിക്കവരെ പേടിയാണോ ? "
അവൾക്ക് മനസ്സിലായെന്നു തോന്നുന്നു..
" പേടിയല്ലാ ചേച്ചിയെ ..ഇഷ്ടമാ "
" അത് മനസ്സിലായി പക്ഷേ എന്നോട് മിണ്ടുന്നത് ആ ചേച്ചിക്കിഷ്ടമല്ലാ അല്ലേ ? "
" അങ്ങനൊന്നുമില്ല നിനക്ക് തോന്നുന്നതാ "
ഞാൻ വിളറിയൊരു ചിരി ചിരിച്ചു
" എന്നോട് കള്ളം പറയണ്ട 
നേരത്തെ പ്ലാറ്റ്ഫോമിൽ വെച്ചെന്നെ കണ്ടിട്ടും ദീദി കാണാത്ത ഭാവത്തിൽ നടന്നു. എന്നിട്ട് ട്രെയിൻ കയറാൻ തുടങ്ങുമ്പോ ഞാനുണ്ടോ എന്ന് നോക്കി .. ഇപ്പോൾ എന്നോട് മിണ്ടുന്നത് പോലും ആ ചേച്ചി കാണുന്നില്ലെന്നു ഉറപ്പു വരുത്തിയിട്ടാ ശരിയല്ലേ ? "
ഞാൻ അത്ഭുതപ്പെട്ടു പോയി എല്ലാം മനസ്സിലാവുന്നുണ്ടല്ലോ ഇവൾക്ക്‌ ! ചിന്തിക്കുന്നതും നമ്മളെ പോലെ തന്നെയാണല്ലോ ? പിന്നെന്താ നീലു ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ എന്തിനാ ഇത്ര വെറുപ്പ് കാണിക്കുന്നേ ?
" രേവന്തയുടെ ഓഫീസ് എവിടെയാ ? "
" ഓഫീസോ ? " 
അവളെന്നെ നോക്കി ചിരിച്ചു കൊണ്ട്
കൈയിലെ വലിയ കവർ ഒതുക്കി വെച്ചു .
" ദീദിയുടെ സ്റ്റേഷൻ കഴിഞ്ഞ് രണ്ടു സ്റ്റേഷനും കൂടി ..മൂന്നാമത്തെ സ്റ്റേഷനടുത്താ എന്റെ ഓഫീസ് "
" ആണോ ?? ഇതാണോ എന്നും പോവുന്ന സമയം ? "
" ഉം ഏകദേശം ഇതേ സമയം ദീദിയോ ? "
" ഞാനും ഇതേ സമയത്താ പോവുന്നേ "
" അപ്പൊ നമുക്കെന്നും കാണാം അല്ലെ രേവാ "
" കാണാം ദീദി ഞാൻ നേരത്തെ വന്നിട്ട് ഇവിടെ നിൽക്കാം ആ ചേച്ചി ഉണ്ടെങ്കിൽ ദീദി എന്നോട് മിണ്ടണ്ടാ കേട്ടോ "
" ഉം പക്ഷെ നീലു ചേച്ചി എന്നും കൂടെയുണ്ടാവും "
" ആണോ അപ്പൊ നമുക്ക് മിണ്ടാൻ കഴിയില്ല അല്ലേ ദീദി "
" അതിനെന്താ നീ മിണ്ടിക്കോ "
എനിക്കവളോട് ഒരുപാട് സംസാരിക്കാൻ തോന്നി ..അവളുടെ കുട്ടിക്കാലത്തെ കുറിച്ച്..എപ്പോൾ മുതൽ ഇങ്ങനെ മാറി ..ആ മാറ്റം വീട്ടുകാരും നാട്ടുകാരും എങ്ങനെ നോക്കി കണ്ടു ? നീലു ചേച്ചിയടക്കമുള്ള സമൂഹം ഇത്രക്ക് വെറുപ്പോടെ പെരുമാറുമ്പോൾ എങ്ങനെ പിടിച്ചു നിൽക്കാനാവുന്നു അങ്ങനെ കുറെയേറെ ചോദ്യങ്ങൾ..സത്യത്തിൽ കുറെ നാളുകളായുള്ള എന്റെ ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളുടെ ആകെ തുകയാണ് രേവന്ത എന്ന ചിന്ത മനസ്സിൽ വന്നതോടെ അവളോട്‌ കൂടുതൽ അടുക്കാനും എല്ലാം ചോദിച്ചറിയാനും എനിക്ക് തിടുക്കമായി. 
പക്ഷേ എങ്ങനെ അതൊക്കെ ചോദിച്ചു തുടങ്ങണം എന്നെനിക്കറിയില്ലായിരുന്നു..അതിനിടെ അവളെന്നോട് വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചുമൊക്കെ ചോദിച്ചു . ഞാൻ പറയുന്നതൊക്കെ വളരെ ശ്രദ്ധയോടെ ..താല്പര്യത്തോടെ കേട്ടു നിന്നു. ഇടക്ക് ഞാൻ നിർത്തിയപ്പോൾ അവൾ നിർബന്ധിച്ചു
" പറയ്‌ ദീദി ഇനിയും "
" ഇനി നാളെ പറയാം കേട്ടോ സ്റ്റേഷൻ എത്താനായി "
നീലു ചേച്ചി സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങുന്നത് കണ്ട് ഞാൻ ധൃതിയിൽ മാറി നിന്നു ..ഓഫീസിലേക്ക് നടക്കുമ്പോൾ ചേച്ചി രേവന്തയെ കുറിച്ചൊന്നും ചോദിച്ചില്ല .സമാധാനമായി .
പിറ്റേന്ന് മുതൽ രേവന്ത എന്നെയും കാത്ത് നിൽക്കാൻ തുടങ്ങി . ഒരു കുഞ്ഞു പൂവ് വിരിയുന്നത് പോലെ ഹൃദ്യമായി ..നിശബ്ദമായി ഒരു സൗഹൃദം പിറക്കുകയായിരുന്നു ..നാട്ടിൻപുറത്തെ ഒരു ഓല മേഞ്ഞ സ്കൂളിലെ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിക്കുന്ന രണ്ടു പെണ്‍കുട്ടികൾ അവരുടെ കുഞ്ഞു വിശേഷങ്ങൾ പോലും പങ്കു വെക്കുന്നത് പോലെ ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരുന്നു. ചില ദിവസങ്ങളിൽ ഒരേ ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും മിക്ക ദിവസങ്ങളിലും ഞങ്ങൾ ഒരുമിച്ചായിരുന്നു യാത്ര അപ്പോഴൊക്കെയും നീലുചേച്ചി എന്നെ വഴക്ക് പറഞ്ഞു .
എന്നാലും രേവന്തയുടെ ചിരി കാണുമ്പോൾ ..ദീദി എന്ന വിളി കേൾക്കുമ്പോൾ ഞാനെല്ലാം മറക്കും .. ഞങ്ങൾ സംസാരിക്കുമ്പോൾ മുന്നിലിരിക്കുന്ന പലരും അമർത്തിയ ചിരിയോടെ നോക്കുന്നതും പുച്ഛത്തോടെ മുഖം കോട്ടുന്നതും പലപ്പോഴും കണ്ടു. എനിക്ക് വല്ലാത്ത സങ്കടം തോന്നി..
" ഇതെന്താ ഇവരൊക്കെ ഇങ്ങനെ "
" അതിനെന്താ ?? ദീദിയെയല്ലാ എന്നെയാ അവരൊക്കെ പരിഹസിക്കുന്നെ അതൊന്നും സാരമില്ലാ ഞാൻ പറഞ്ഞില്ലേ എനിക്കിതൊക്കെ ശീലമായി "
" സത്യമായും നിനക്ക് സങ്കടമില്ലേ രേവാ ?? നീയെന്നെ സമാധാനിപ്പിക്കാൻ വെറുതെ പറയുന്നതല്ലേ ? "
" അല്ലാ ദീദി ഓർമ്മകൾ ശരിക്ക് തെളിഞ്ഞ കാലം മുതൽ എന്നെ നോക്കുന്ന മിക്ക മുഖങ്ങളിലും കാണുന്നതല്ലേ ഇതൊക്കെ..ഇപ്പോ ശീലമായി .ഞാനെങ്ങനെയൊക്കെ ശ്രമിച്ചാലും എനിക്കെന്നെ മാറ്റാനാവില്ല എന്ത് ചെയ്യും ദീദി ഞാൻ ? ആഗ്രഹമുണ്ട് നിങ്ങളെയൊക്കെ പോലെ ജീവിക്കാൻ ..അങ്ങനെ ആഗ്രഹിച്ചിട്ടു മാത്രം കാര്യമില്ലല്ലോ എങ്കിലും ഞാൻ ഇതൊന്നും ശ്രദ്ധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട് . അല്ലെങ്കിൽ ഞാനീ ലോകത്തെയും എന്റെ ജീവിതത്തെയും എന്നെ തന്നെയും വെറുത്തു പോവും . അതൊന്നും പാടില്ല. എനിക്കിവിടെ നന്നായി ജീവിക്കണം ദീദി "
എനിക്കറിയില്ലായിരുന്നു അവളോട്‌ എന്ത് പറയണമെന്ന്.. നെഞ്ചിനകത്ത് സങ്കടം വിങ്ങുന്നുണ്ടായിരുന്നു .
സാരമില്ല ..എല്ലാം ശരിയാവും എന്ന് പറയാനൊരുങ്ങി പിന്നെ ചിന്തിച്ചു എപ്പോൾ ശരിയാവാൻ എങ്ങനെ ശരിയാവാൻ അവളു ജീവിച്ചിരിക്കുന്ന കാലമത്രയും ഇതൊക്കെ അനുഭവിക്കേണ്ടി വരും !
അതിനിടെ മുറുക്ക് വിൽക്കുന്ന സ്ത്രീ വന്നു . കൊട്ടയിലുള്ള മുറുക്ക് ഞാൻ നോക്കുന്നത് കണ്ടപ്പോൾ രേവന്ത എന്നോട് ചോദിച്ചു
" ദീദിക്കിഷ്ടമാണോ ? മുറുക്ക് വേണോ ? "
" ഇഷ്ടമാണ് പക്ഷെ ഇത് വേണ്ട "
" ഇതല്ലാ ..എനിക്കറിയാം മുറുക്കുണ്ടാക്കാൻ ഞാനുണ്ടാക്കി കൊണ്ട് തന്നാൽ തിന്നുമോ? "
" അതെന്താ അങ്ങനെ ചോദിച്ചേ തിന്നാതെ പിന്നെ ? "
" സത്യമാണോ " 
അവളുടെ മുഖത്തു അതിയായ സന്തോഷം കണ്ടു
" ഞാൻ തിന്നും സത്യാ "
" എങ്കിൽ നാളെ ഞാൻ ഉണ്ടാക്കി കൊണ്ട് വരാം . എന്തായാലും നാളെ കാണണേ "
പിറ്റേന്ന് പറഞ്ഞത് പോലെ തന്നെ അവളെനിക്ക് മുറുക്ക് ഉണ്ടാക്കി കൊണ്ട് വന്നു .മൂന്നു പാക്കറ്റ് ഉണ്ടായിരുന്നു
" ഒന്ന് ദീദിക്കാ , ഈ പാക്കറ്റ് വീട്ടില് കൊടുക്കണേ ദാ ഇത് ഓഫീസിലുള്ളോർക്ക് "
" ഉം ശരി "
ഒരു പാക്കറ്റ് അപ്പോൾ തന്നെ പൊളിച്ചു ഒന്നെടുത്തു തിന്നു . കണ്ണ് വിടർത്തി തല കുലുക്കി ഞാൻ ആംഗ്യം കാണിച്ചു നന്നായിട്ടുണ്ടെന്ന് !
ഞാനത് തിന്നുന്നത് നിറഞ്ഞ ചിരിയോടെ അവൾ നോക്കിയിരുന്നു.
ഓഫീസിൽ ടീ ബ്രേക്ക്‌ ആയപ്പോൾ ഞാൻ മുറുക്കിന്റെ പാക്കറ്റ് പൊളിച്ച് എല്ലാവർക്കും കൊടുത്തു.
" നല്ല രുചിയുണ്ടല്ലോ എവിടുന്നാ വാങ്ങിച്ചേ ? "
നീലു ചേച്ചി തിന്നുന്നതിനിടെ ചോദിച്ചു .
" വാങ്ങിയതല്ല രേവ തന്നതാ അവളുണ്ടാക്കിയതാ "
പെട്ടെന്ന് വിഷം വായിലായെന്നറിഞ്ഞത് പോലെ നീലുചേച്ചി സ്തബ്ധയായി. ഒരു നിമിഷം ! ചേച്ചി ബാത്റൂമിലേക്കോടി 
എല്ലാവരും അമ്പരപ്പോടെ നോക്കി ..
കൊടുങ്കാറ്റു പോലെയായിരുന്നു ചേച്ചി തിരിച്ചു വന്നത്.
" നിനക്കിത്രക്ക് ബോധമില്ലേ ആ ഹിജഡ ഉണ്ടാക്കിയത് വാങ്ങി കൊണ്ട് വരാൻ ? എത്ര പറഞ്ഞാലും മനസ്സിലാവില്ലേ നിനക്ക് "
എന്റെ കൈയിലിരുന്നു മുറുക്കിന്റെ പാക്കറ്റ് ഞെരിഞ്ഞു. അടക്കാൻ വയ്യാത്ത സങ്കടം വന്നു .പാവം രേവന്ത എത്ര സ്നേഹത്തോടെയും സന്തോഷത്തോടെയുമാ ഉണ്ടാക്കി കൊണ്ട് വന്നെ .എന്നിട്ടും നോക്ക്യേ ..അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു ...
( തുടരും )

No comments:

Post a Comment