Author

Tuesday, January 19, 2016

രേവന്തക്കെന്നോട് പ്രണയമായിരുന്നില്ല ഒന്നാം ഭാഗം

ഞാനും നീലുചേച്ചിയും സ്റ്റേഷനിൽ എത്തിയപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു .
"വേഗം വാ കയറാം "
ചേച്ചി എന്റെ കൈ പിടിച്ചു വലിച്ചു
" യ്യോ വേണ്ട ചേച്ചീ രണ്ടു മിനിറ്റ് കൊണ്ട് അടുത്ത ട്രെയിൻ വരുമല്ലോ പിന്നെന്താ "
ഞാൻ പ്ലാറ്റ്ഫോമിലെ സിമന്റ് ബഞ്ചിൽ ഇരുന്നു .
" ട്രെയിൻ യാത്ര തുടങ്ങിയിട്ടല്ലേ ഉള്ളൂ നീ, ഇനി ഓടുന്ന വണ്ടിയിലേക്ക് കയറാനും ഇറങ്ങാനുമൊക്കെ പഠിച്ചോളും "
ചേച്ചി എന്റടുത്തു വന്നിരുന്നു .
ട്രെയിൻ പോയിട്ട് ഒരു നിമിഷം ആയിട്ടെ ഉള്ളൂ അത് കൊണ്ടാവണം അല്പം തിരക്ക് കുറവായിരുന്നു .കാണെ കാണെ തിരക്ക് കൂടി വന്നു.
" മാഡം അല്പം നീങ്ങിയിരിക്കാമോ "
ചുമലിൽ തോണ്ടി കൊണ്ടുള്ള ചോദ്യം കേട്ട് ഞാൻ തലയുയർത്തി നോക്കി.
അസാധാരണമായ വേഷവിധാനവും മേക്അപ്പും ശാരീരിക പ്രകൃതവും കണ്ടപ്പോൾ തന്നെ മനസ്സിലായി ആളാരാണെന്ന് !
" ചേച്ചീ ദേ നോക്ക്യേ "
ഞാൻ പതുക്കെ ചേച്ചിയെ വിളിച്ചു
"ഉം ന്തേയ്‌ "
ചേച്ചി മുന്നോട്ടാഞ്ഞു നോക്കി.
" ന്താ പ്രശ്നം ? "
" ഏയ്‌ പ്രശ്നമൊന്നൂല്ലാ നീങ്ങിയിരിക്കാൻ പറഞ്ഞതാ എന്നോട് "
അതും പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റു
" നിങ്ങൾ ഇരുന്നോളൂ എഴുന്നേൽക്കണ്ട എനിക്കല്പ സ്ഥലം മതി "
അവൾ മറാത്തിയിലായിരുന്നു സംസാരിച്ചത് . മറാത്തി എനിക്കറിയില്ലെങ്കിലും കുറച്ചൊക്കെ മനസ്സിലായി എങ്കിലും തിരിച്ചൊന്നും പറയാതെ ഞാൻ ട്രെയിൻ വരുന്നുണ്ടോ എന്ന് നോക്കി കൊണ്ട് നിന്നു.
നീലു ചേച്ചി എഴുന്നേറ്റു എന്റടുത്തേക്ക് വന്നു .
" ഡീ ആരെങ്കിലും നീങ്ങിയിരിക്കാൻ പറഞ്ഞാലോ സീറ്റ്‌ തരാൻ പറഞ്ഞാലോ അതേ പടി അനുസരിക്കണ്ട .ഇത് മുംബൈ ആണ് . ഇവിടെ ജീവിക്കാനും യാത്ര ചെയ്യാനുമൊക്കെ സാമർത്ഥ്യം വേണം "
" ഉം ചേച്ചി പറയുന്നത് ശരിയാ ഇവിടെ യാത്ര ചെയ്യാൻ നല്ല സാമർത്ഥ്യം വേണം .ഹോ എന്തൊരു തിരക്കാ "
അപ്പോഴേക്കും ട്രെയിൻ വന്നു.
ഞങ്ങൾക്ക് സീറ്റ് കിട്ടി. എന്റടുത്തു തന്നെയായി പ്ലാറ്റ്ഫോമിൽ കണ്ട സ്ത്രീയും വന്നിരുന്നു .
ഞാനവളുടെ കൈ നോക്കി ആണിന്റെ കൈ പോലെ പരുക്കനായ കൈകൾ. വിരലുകളിലൊക്കെ പല തരം മോതിരങ്ങൾ .നഖങ്ങളിൽ കടും നിറത്തിൽ നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്. മുഖത്തേക്ക് പാളി നോക്കി ..
നന്നായി മേക്അപ്പ് ചെയ്തിട്ടുണ്ട് . റൂഷും ലിപ്സ്റ്റികുമൊക്കെ അളവിൽ കൂടുതൽ ഇട്ടിട്ടുണ്ട്..ഏതോ വിലകുറഞ്ഞ സുഗന്ധദ്രവ്യം വാരി പൂശിയിട്ടുണ്ട് തലവേദന ഉണ്ടാക്കുന്ന ഒരു തരം ഗന്ധം !
കമ്മലും മാലയും സാരിയുമൊക്കെ നിറപകിട്ടാർന്നതായിരുന്നു . ആകെ കൂടി ബഹളം നിറഞ്ഞ ഉത്സവപറമ്പിലേക്ക് നോക്കുന്നത് പോലെ തോന്നി ! ഞാൻ സാകൂതം മുഖത്തേക്ക് നോക്കുന്നത് കണ്ടാവണം അവളെന്നെ നോക്കി. ഞാൻ വേഗം നോട്ടം മാറ്റി
" എന്റടുത്തിരിക്കാൻ മടിയുണ്ടോ ? "
ഇത്തവണ അവൾ ഹിന്ദിയിലാണ് ചോദിച്ചത് !
"എന്തിന് ? "
ഞാൻ അമ്പരന്നു.
" ഒന്നുമില്ല ചോദിച്ചതാ നീങ്ങിയിരിക്കാൻ പറഞ്ഞപ്പോൾ എന്തിനാ എഴുന്നേറ്റത് ? "
" ഓഹ് അതോ ? നിങ്ങളുടെ കൈയിൽ ലഗ്ഗേജ് ഉണ്ടായിരുന്നല്ലോ അതും കൊണ്ടിരിക്കാൻ ബുദ്ധിമുട്ടാവണ്ട എന്ന് കരുതിയാ "
അവളൊന്നു ചിരിച്ചു ..വിശ്വാസം വരാത്ത പോലെ ... ഞാനൊന്ന് പരുങ്ങി . എങ്കിലും ഇടയ്ക്കിടെ അവളെ ഒളി കണ്ണിട്ടു നോക്കി ..ആദ്യമായാ ഇങ്ങനൊരാളെ ഇത്ര അടുത്തു കാണുന്നെ ..അവളുടെ മുഖവും സംസാരരീതിയും ഓരോരോ ചലനങ്ങളും എന്നിൽ കൗതുകമുണർത്തി . അവൾ എന്നെ നോക്കുമ്പോഴൊക്കെ ഞാൻ വെപ്രാളത്തോടെ നോട്ടം മാറ്റി .എന്നിട്ടും എന്റെ മനസ്സ് വായിച്ചത് പോലെ അവൾ ചോദിച്ചു..
" ആദ്യമായാണോ എന്നെ പോലൊരാളെ കാണുന്നത് ? "
സാധാരണ മട്ടിൽ ചിരിയോടെയാണ് ചോദ്യം..
"ഉം അതേ "
ഞാൻ തല കുനിച്ചു.. പെട്ടെന്നാണ് പറഞ്ഞതിലെ അബദ്ധം ഞാനോർത്തത്
"യ്യോ അങ്ങനെയൊന്നുമില്ല ... "
അങ്ങനെ പറഞ്ഞു പോയതിലുള്ള വിഷമത്തോടെ ഞാനവളുടെ കൈ പിടിച്ചു .
" സാരമില്ല ദീദി.. ഞങ്ങൾക്കിതൊക്കെ ശീലമാ ..തുറിച്ചു നോട്ടവും അറപ്പും വെറുപ്പും പരിഹാസവും കലർന്ന പെരുമാറ്റവുമെല്ലാം ശീലമായി "
ഞാൻ വല്ലായ്മയോടെ കേട്ടിരുന്നു ...
" എന്താ പേര് ? "
" രേവന്ത ...വളരെ കുറച്ചു ആളുകളേ എന്നെ പേര് വിളിക്കാറുള്ളൂ അത് കൊണ്ട് ഞാൻ പോലുമെന്റെ പേര് മറന്നു തുടങ്ങി "
അങ്ങനെ പറയുമ്പോഴും പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല.. അപ്പോഴേക്ക്‌ ഇറങ്ങേണ്ട സ്റ്റേഷൻ എത്തി. രേവന്തയോട് യാത്ര പറഞ്ഞ് ഞാനിറങ്ങി .
" ഡീ നീയെന്താ ആ ഹിജഡയോട് ഇത്ര നേരം സംസാരിച്ചേ "
നീലു ചേച്ചിയുടെ അമർഷം കലർന്ന ചോദ്യം കേട്ടപ്പോൾ എനിക്കെന്തോ സങ്കടം തോന്നി . ചേച്ചി ദേഷ്യപ്പെട്ടതിലല്ല.. ഇത്ര നേരം എന്നോട് സൌമ്യമായി സംസാരിച്ച് യാത്ര പറഞ്ഞ കൂട്ടുകാരിയെ ഹിജഡ എന്ന് പറഞ്ഞു കേട്ടപ്പോൾ ഒരു നൊമ്പരം ..
"ചേച്ചീ അവളുടെ പേര് രേവന്ത എന്നാണ് "
അങ്ങനെ വിളിച്ചാൽ മതി എന്നൊരു ധ്വനിയുണ്ടായിരുന്നു എന്റെ ആ വാചകത്തിൽ..
" എന്ത് രേവന്ത ..ആര് ചോദിക്കുന്നു ആര് വിളിക്കുന്നു ഇവറ്റകളുടെ പേരൊക്കെ
നിനക്കിവരെ കുറിച്ചൊന്നും അറിഞ്ഞു കൂടാഞ്ഞിട്ടാ ..ഞാൻ കണ്ടു നീ വായും പൊളിച്ച് അവളുടെ മുഖത്തേക്ക് നോക്കിയിരിക്കുന്നത്...ഇങ്ങനത്തെ ആളുകളോട് മിണ്ടാനേ പാടില്ല മനസ്സിലായല്ലോ "
" ഉം " ഞാൻ തല കുലുക്കി
എന്താ മിണ്ട്യാല് ?? എത്ര നന്നായാ അവൾ പെരുമാറിയത് ..പിന്നെന്താ ?? എന്റെ മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു കൊണ്ടേയിരുന്നു ...
പിറ്റേന്ന് ..പതിവ് സമയത്ത് ഞാനും നീലു ചേച്ചിയും പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ തലേന്നത്തെ പോലെ വലിയൊരു ബാഗും തൂക്കി നിൽക്കുന്ന രേവന്തയെ കണ്ടു ..എന്നെ കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു ..ഞാൻ അല്പം ഭയത്തോടെ നീലു ചേച്ചിയെ നോക്കി കൊണ്ട് തിരിച്ചൊരു ചെറുചിരി നൽകി
( തുടരും )

No comments:

Post a Comment