Author

Tuesday, January 19, 2016

എന്‍റെ പേരുകള്‍ എന്നോട് പറഞ്ഞത്

ഒരു സുപ്രഭാതത്തിൽ മനസ്സ് അടിച്ചു വാരുന്നതിനിടെ എന്റെ പേരുകളൊക്കെ കൂടി ഒരു സഞ്ചിയിലാക്കി വെക്കാൻ തീരുമാനിച്ചു . അവിടേം ഇവിടേം ചിതറി കിടക്കുവാരുന്നു എല്ലാം . യഥാർത്ഥ പേരായ നിഷ , ചെല്ല പേരുകളായ ഐഷ , നിച്ചു , പാറു , ജാനു , ഐഷു , ആയ്ച്ചു , ആമ്പൽ ,പിന്നെ ദേഷ്യം വരുമ്പോൾ പലരും വിളിക്കുന്ന പല പേരുകളും ...സ്നേഹം കൂടുമ്പോൾ പ്രിയപ്പെട്ടവർ വിളിക്കുന്ന പേരുകൾ..എല്ലാം കൂടി സഞ്ചി നിറയെ ഉണ്ടാവും . പെറുക്കിയിടുന്നതിനിടെ കൂട്ടത്തിൽ വില്ലത്തിയായ ഐഷ ചോദിച്ചു
" എന്താ ഭാവം ? "
" ഏയ്‌ ഒന്നുല്ല്യാ എല്ലാരേം ഒരിടത്ത് ആക്കുകയാ "
" എന്നെയങ്ങനെ പൂട്ടാമെന്ന് കരുതല്ലേ അടങ്ങിയിരിക്കാൻ ഇഷ്ടമല്ലാ എനിക്ക് "
" ആഹാ നീ കൊള്ളാമല്ലോ നിഷക്ക് ഇല്ലല്ലോ ഇത്ര അഹങ്കാരം "
" അതൊക്കെ ഞാനെന്തിനു നോക്കണം എനിക്ക് കളിച്ചും ചിരിച്ചും സ്വാതന്ത്ര്യത്തോടെ നടക്കണം അത് കൊണ്ട് എന്നെ മുകളിൽ തന്നെ വെക്കണം ഇടയ്ക്കിടെ ഇറങ്ങി ഓടും ഞാൻ "
"ഉം ശരി സമ്മതിച്ചു "
നിഷയെ എടുക്കാൻ തുനിഞ്ഞപ്പോൾ അവളെന്നെ നോക്കിയൊന്നു ചിരിച്ചു അല്പം സങ്കടം കലർന്നിട്ടുണ്ടോ ??
" ഐഷ വന്നപ്പോൾ എന്നെ വേണ്ടാതായി അല്ലേ ? "
" ഏയ്‌ അങ്ങനെ പറയല്ലേ നീയല്ലേ എന്റെ ഔപചാരിക നാമം സർട്ടിഫിക്കറ്റ്കളിൽ വരെയുള്ളത് ! "
" ഉം ശരിയാ എന്നാലും നിങ്ങളുടെ ജീവിതത്തിൽ ഐഷക്കാണ് പ്രാധാന്യം കൂടുതൽ "
" അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ "
ഞാൻ കൂടുതൽ തർക്കിക്കാൻ നിന്നില്ല അവളെ സഞ്ചിയിലേക്കിട്ടു .
നിലത്തു വീണു കിടക്കുന്ന ആമ്പൽ എന്ന പേര് എന്നെ നോക്കി സങ്കടപ്പെട്ടു .
" അല്ലെങ്കിലേ ഞാനും നിങ്ങളും ഒരിക്കലും ചേരില്ല നിങ്ങളെ ആമ്പലെ എന്ന് വിളിക്കുന്ന ആ ഒരേ ഒരാളിനി വരില്ല പിന്നെയെന്തിന് സൂക്ഷിച്ചു വെക്കണം ? കളയരുതോ എന്നെ ? "
" വേണ്ട ! നോക്കിയേ പലരും പലപ്പോഴായി വിളിക്കുന്ന പേരുകൾ പോലും ഞാനീ സഞ്ചിയിൽ ഇട്ടു വെക്കും . അപ്പൊ എനിക്കേറ്റവും ഇഷ്ടമുള്ള നിന്നെ എങ്ങനെ കളയും ? "
കല്ലു എന്നെ നോക്കിയൊരു കള്ളചിരി ചിരിച്ചു. കല്യാണി എന്നെന്നെ വിളിച്ചു തുടങ്ങിയ കൂട്ടുകാരൻ ഇടക്കെപ്പോഴോ അത് ചുരുക്കി കല്ലു എന്നാക്കിയതായിരുന്നു..കല്ലൂനെ എടുക്കാൻ നോക്കിയപ്പോൾ അവൾ കുതറി മാറി
" വേണ്ട എന്നെ ആ കൂട്ടത്തിൽ ഇടണ്ടാ എന്റെ പേര് ചൊല്ലി നിങ്ങളെ വിളിക്കുന്ന ആൾ അല്പം തിരക്കിലായതു കൊണ്ട് മാത്രാ ഞാനിങ്ങനെ തിരക്കില്ലാതിരിക്കുന്നത് ..ആളിങ്ങു വന്നാൽ ഞാൻ എപ്പോഴും നിങ്ങളോട് കൂടെയുണ്ടാവും "
" അറിയാം എനിക്ക് ..എന്നാലും നീയിതിനുള്ളിലിരിക്ക് പെണ്ണെ "
ഒരൊറ്റ പിടിയിൽ കല്ലൂനെ ഒതുക്കി ഞാൻ സഞ്ചിയിലെക്കിട്ടു .
തള്ള എന്നൊരു പേര് കണ്ണ് മിഴിച്ചെന്നെ നോക്കി.കാവിലെ കൂട്ടുകാർ വിളിച്ചു കേൾക്കാനായി ഞാൻ തന്നെ ഉണ്ടാക്കിയതായിരുന്നു . എടുക്കാൻ ചെന്നപ്പോ അവളെന്നെ ഭീഷണിപ്പെടുത്തി
" ഞാൻ പോയി പറയുമേ അവരോടൊക്കെ ..എന്നെയിങ്ങനെ പൂട്ടിയിട്ടാൽ "
" ഏയ്‌ ആര് പൂട്ടിയിടുന്നു ഞാനോ ? ഒരിക്കലുമില്ല ഇടക്കിടെ വിളിക്കുമ്പോഴൊക്കെ നീ വരണം കേട്ടോ "
ഞാൻ സ്നേഹത്തോടെ അവളേം എടുത്തിട്ടു
ബൊമ്മാലി എന്ന പേര് അമ്പരന്നു
"എന്നെയും ? "
" ഉം എല്ലാരെയും ഒരുമിച്ചു കാണണം എനിക്ക് "
" എന്നെയെന്തിനാ ഈ കൂട്ടത്തിൽ ഇടുന്നെ ? നിങ്ങളുടെ പ്രിയപ്പെട്ട അനിയത്തി വിളിക്കുന്നതല്ലേ ? "
" ഞാൻ പറഞ്ഞല്ലോ വിളിക്കുമ്പോൾ ഇറങ്ങി വരാനാവും ..സഞ്ചി കെട്ടുകയൊന്നുമില്ല "
നിച്ചുവിന്റടുത്തെത്തിയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു
" എല്ലാം മറന്നോ ? കോളേജ് ലെ കൂട്ടുകാര് വിളിച്ചതൊക്കെ "
ഞാൻ അരുമയോടെ അവളെ തലോടി
" ഇല്ലെടീ ഇടയ്ക്കിടെ നിന്നെ വിളിക്കാൻ അവരൊക്കെ വരാറില്ലേ അത് കൊണ്ട് നീ മൂലക്കൊതുങ്ങി പോവില്ല "
കാക്കോത്തി എന്നെ നോക്കിയൊന്നു മുറുക്കി തുപ്പി
" അറിയാലോ നിങ്ങൾ തന്നെയാ ഐഷുവിനൊപ്പം എന്നെയും ചേർത്തത് അത് കൊണ്ട് എന്നെയും മുകളിൽ തന്നെ വെക്കണം ഐഷുവിനും മുകളിൽ ! "
" ശരി സമ്മതിച്ചു നീയിതിലേക്ക് കയറ് "
ഞാൻ സഞ്ചി തുറന്നു കാണിച്ചപ്പോൾ 
മുടി കോതി മുറുക്കാൻ ചവച്ചു കൊണ്ട് കാക്കോത്തി കയറി പോയി .
ഐശൂത്ത കാതിലെ ലോലാക്ക് കിലുക്കി ചിരിച്ചു കൊണ്ട് സഞ്ചിയിൽ ചാടി കയറി ഞാൻ പറയാതെ തന്നെ...ഷാനിയെ നോക്കിയപ്പോൾ ഞങ്ങൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു
" വേണ്ട എന്നെ ഒഴിവാക്കിയേക്ക് ഇങ്ങനെ വിളിക്കുന്ന ആളേ ഈ ലോകത്തില്ലല്ലോ ...പിന്നെന്തിനാ ഞാൻ മാത്രം "
പ്രിയപ്പെട്ടൊരാൾ ഒരുപാട് വാത്സല്യത്തോടെ വിളിച്ചൊരു പേര് ..എനിക്ക് ജീവനുള്ളിടത്തോളം കാലം കളയുവതെങ്ങനെ ?
ഒടുവിൽ എല്ലാരേം ഒരുതരത്തിൽ അനുനയിപ്പിച്ചും സാന്ത്വനിപ്പിച്ചും ഒരു സഞ്ചിയിലാക്കി മുറിയിലെ ഒരു മൂലക്ക് ചാരി വെച്ചു. സഞ്ചി നിറയെ ഉണ്ട് . പലതിന്റെം അവകാശിയാരെന്ന് പോലും ഞാൻ മറന്നിരിക്കുന്നു .എന്നാലും ഞാനതെല്ലാം സൂക്ഷിച്ചു വെക്കും എപ്പോഴൊക്കെയോ എന്റടുത്തേക്ക് ഓരോരോ പേര് ചൊല്ലി കടന്നു വന്ന പ്രിയപെട്ടവർ എനിക്കായി സമ്മാനിച്ചവയാണവ. ഈ പേരുകൾ കാണുമ്പോൾ മറന്നു തുടങ്ങിയ പലരെയും ഓർത്തെടുക്കാനാവുന്നുണ്ട് ..ഇതൊക്കെ ആണെങ്കിലും എനിക്കറിയാമായിരുന്നു ഇതിനിടെ എന്റെ കണ്ണ് വെട്ടിച്ച് ഓടി പോയി വാതിൽ മറവിൽ ഒളിച്ചിരിക്കുന്നുണ്ടൊരു പൂത്താങ്കീരി എന്ന് !

No comments:

Post a Comment