Sunday, January 31, 2016

രേവന്തക്കെന്നോട് പ്രണയമായിരുന്നില്ല അവസാനഭാഗം

മഞ്ജുളാംഗി തൻ മോഹമേതോ ജലധിയിൽ ആഴുകയോ ...
രാവിലെ മുതൽ നീലു ചേച്ചി പാടുന്നുണ്ടായിരുന്നു ..ഓഫീസ് വിട്ട് സ്റ്റേഷനിലേക്ക് നടക്കുമ്പോഴും അതേ
പാട്ട് !
"എന്താ ചേച്ചി കുറെ നേരമായല്ലോ ഒരേ പാട്ട് ഏത്‌ സിനിമയിലേയാ ? "
ചേച്ചി എന്റെ മുഖത്തേക്ക് നോക്കി
" അർദ്ധനാരി ! "
പേര് കേട്ടപ്പോൾ ഞാനൊരു നിമിഷം രേവയെ ഓർത്തു പോയി പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല ..
പെട്ടെന്നുള്ള എന്റെ മൗനത്തിനു കാരണം ചേച്ചിക്കും മനസ്സിലായി കാണണം ..
ഡീ !
ഉം ...
"അത് കണ്ടു കഴിഞ്ഞപ്പോൾ മുതൽ എന്തോ പോലെ .. "
" എന്താ പ്രശ്നം ? "
" രേവന്തയെ തന്നെ ഓർമ്മ വന്നു മനസ്സിലൊരു വിഷമം "
ആദ്യമായാണ്‌ ചേച്ചി പുച്ഛത്തോടെയല്ലാതെ രേവന്ത എന്ന പേര് ഉച്ചരിക്കുന്ന‌ത് .
" പിന്നെ നീയവളെ കണ്ടിരുന്നോ ? "
" ഇല്ല ചേച്ചി ഇപ്പൊ വർഷങ്ങളായില്ലേ അതിനു ശേഷം കണ്ടിട്ടില്ല അവളെ
എവിടെ, ഏതവസ്ഥയിലായിരിക്കും ആവോ ഒന്നുമറിയില്ല "
" സത്യത്തിൽ എന്തായിരുന്നു പ്രശ്നം ? അന്ന് നീയവളോട്‌ പിണങ്ങിയത് എന്തിനായിരുന്നു ? ഓഫീസിന്റെ കാര്യത്തെ കുറിച്ച് നുണ പറഞ്ഞതൊന്നുമല്ല എന്നുറപ്പാ "
ഞാനൊന്നും മിണ്ടാതെ നടന്നു . രേവ അവളുടെ മുറിയിലേക്ക് എന്നെ വിളിച്ചെന്ന് പറയാൻ എന്ത് കൊണ്ടോ തോന്നിയില്ല.
" നീയൊന്നാ സിനിമ കാണണം കേട്ടോ ..മനസ്സിനെ വല്ലാതെ വേട്ടയാടുന്നു അതിലെ രംഗങ്ങൾ "
അപ്പോഴേ ഞാൻ തീരുമാനിച്ചു നീലു ചേച്ചിയുടെ മനസ്സിനെ പോലും ഈ വിധത്തിൽ സ്പർശിച്ചെങ്കിൽ ആ സിനിമ കാണുന്ന പ്രശ്നമേയില്ല ..അല്ലെങ്കിലേ ഒരു നോവായി ഉള്ളിലുണ്ട് രേവന്ത !
ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ ഓഫീസിലെ ഒരു സ്റ്റാഫിന്റെ കല്യാണത്തിനു പോയി . ചെമ്പൂരിൽ ട്രെയിൻ ഇറങ്ങി പുറത്തേക്ക് നടക്കുന്ന വഴിയിൽ ഒരു പാൻ കട കണ്ടു . അഡ്രെസ്സ് എഴുതിയ കടലാസ് അവിടെയിരുന്ന ചെറുപ്പക്കാരന് കാണിച്ചു കൊടുത്തു.അവൻ വഴി പറഞ്ഞു തന്നു .നന്ദി പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുകയായിരുന്നു...
ദീദീ ...
പിറകിൽ നിന്നൊരു വിളി ! ഞെട്ടിപോയി ഞാൻ , രേവയല്ലാതെ ആരുമങ്ങനെ വിളിച്ചിട്ടില്ലായിരുന്നു
ഒരാൾ അടുത്തേക്ക് വന്നു
" ദീദീ കല്യാണം കഴിഞ്ഞു വരുമ്പോൾ ഒന്നിവിടെ വരണേ ഈ കടയിൽ.. എനിക്കൊരു കാര്യം പറയാനുണ്ട് "
അമ്പരപ്പോടെ ഞാനയാളുടെ മുഖത്തേക്ക് നോക്കി
" ആരാണ് നിങ്ങൾ ? എന്താണ് പറയാനുള്ളത് "
" പറയാം.. പ്ലീസ് ദീദി തിരിച്ച് ഈ വഴി തന്നെ വരണം ഞാൻ കാത്തു നിൽക്കാം "
" നിങ്ങൾ ആരാണെന്ന് പറയൂ എന്നോടെന്താ പറയാനുള്ളത് ? "
എന്റെ സ്വരമുയർന്നു
" നീയിങ്ങു വന്നേ അല്ലെങ്കിൽ തന്നെ ലേറ്റ് ആയി "
കൂടെയുള്ളവൾ കൈ പിടിച്ചു വലിച്ചു
" ദീദി ഞാൻ കാത്തിരിക്കും സംസാരിക്കാനുണ്ട്..രേവന്തയെകുറിച്ചാ "
മുന്നോട്ടു നടന്നു തുടങ്ങിയ ഞാൻ ഒരു നിമിഷം നിന്നു ! 
തിരിഞ്ഞു നോക്കിയപ്പോൾ അയാൾ കടയിലേക്ക് തന്നെ നടക്കുന്നത് കണ്ടു .
കല്യാണ വീട്ടിലിരിക്കുമ്പോഴും മനസ്സിൽ ആ വാക്കുകൾ ആയിരുന്നു . അയാൾ ആരാണ് രേവയുടെ , ? എന്താണയാൾക്ക്‌ എന്നോട് രേവയെ കുറിച്ച് പറയാനുള്ളത് .ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടിയില്ല .ഒരു വിധേന ഊണ് കഴിച്ചെന്നു വരുത്തി. എത്രയും വേഗം ആ പാൻ കടയിൽ തിരിച്ചെത്തണം അത് മാത്രമായിരുന്നു ചിന്ത ! ഞാൻ തിരക്ക് കൂട്ടി വേഗം മടങ്ങാൻ. കൂടെ വന്നവർ മടങ്ങാൻ വൈകുമെന്ന് അറിഞ്ഞപ്പോൾ ഞാനൊറ്റക്ക് സ്റ്റേഷനിലെക്ക് തിരിച്ചു . ഏകദേശം ആ കടക്കു അടുത്തായി തന്നെയായിരുന്നു ഓട്ടോ നിർത്തിയത് പുറത്തിറങ്ങി ഓട്ടോക്കാരന് പൈസ കൊടുക്കുന്നതിനിടെ ഞാനൊന്ന് തിരിഞ്ഞു നോക്കി . അയാൾ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ മുന്നോട്ടു വന്നു .
" ദീദി വേഗം എത്തിയല്ലോ "
അയാളൊന്നു ചിരിച്ചു
" ഉം പറയൂ ആരാണ് നിങ്ങൾ രേവയുടെ ? അവളിപ്പോ എവിടെയാണുള്ളത് ?"
" പറയാം ദീദി വരൂ ...
അയാൾ തൊട്ടടുത്തുള്ളൊരു റെസ്റ്റൊറന്റിലേക്ക് നടന്നു .
പിറകെ നടക്കുമ്പോൾ അടക്കാനാവാത്ത ആകാംക്ഷയായിരുന്നു എന്താണ് രേവയെ കുറിച്ച് പറയാനുള്ളത് എന്നറിയാൻ..
" ഇരിക്കൂ ദീദി "
അയാൾ മുന്നിലെ കസേര ചൂണ്ടി കാണിച്ചു
" എന്നെയെങ്ങനെയാണ് കണ്ടപ്പോൾ മനസ്സിലായത്‌ ? മുന്നേ കണ്ടിട്ടുണ്ടോ ?"
" ഉം ഒരുപാട് തവണ ! പലപ്പോഴും ഞാൻ രേവന്തയെ സ്റ്റേഷൻ വരെ കൊണ്ട് വിടാൻ വരാറുണ്ട് "
" ആണോ ? ഞാനിതു വരെ കണ്ടിട്ടില്ല . എന്താ നിങ്ങളുടെ പേര് ? "
" ദീദി ഞാനെല്ലാം പറയാം . എന്റെ പേര് ഹിമാൻശു എന്നാണ് ..ഞാൻ രേവന്തയുടെ ഭർത്താവ് ആണ് ! "
അയാൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന ഞാൻ രണ്ടു കാര്യങ്ങൾക്കാണ് ഞെട്ടിയത് .
ഒന്ന് അല്പം സ്ത്രൈണത കലർന്ന അയാളുടെ ചലനങ്ങളും സംസാര രീതിയും ശ്രദ്ധയിൽ പെട്ടപ്പോൾ ! രണ്ടാമത്തേത് അയാൾ സംസാരിച്ചു നിർത്തിയ വാചകം കേട്ടപ്പോൾ ,
ഞാൻ രേവന്തയുടെ ഭർത്താവ് ആണ് !
അമ്പരപ്പോടെ ഞാനയാളെ തന്നെ ശ്രദ്ധിച്ചു .
" ദീദി രേവന്തയെ കുറിച്ച് കുറച്ചൊക്കെ നിങ്ങൾക്ക് അറിയാമല്ലോ അവൾ അവളുടെ വിഷമങ്ങളൊന്നും ആരോടും പറയാറില്ല എല്ലാവരുടെയും മുന്നിൽ എന്ത് കേട്ടാലും പ്രശ്നമില്ല എന്ന മട്ടിലേ പെരുമാറാറുള്ളൂ പക്ഷേ എന്നും വൈകുന്നേരം എന്റെ കടയിൽ വരും അപ്പോൾ മാത്രം ഉള്ളിലെ സങ്കടങ്ങൾ തുറന്നു പറയും . ഓരോ പ്രഭാതങ്ങളും സന്തോഷത്തോടെ, നന്മയോടെ തുടങ്ങുന്ന അവൾക്ക് പുറംലോകം എന്നും വേദനയും പരിഹാസവും നിറഞ്ഞ പകലുകളേ സമ്മാനിച്ചിട്ടുള്ളൂ. വൈകുന്നേരമാവുമ്പോൾ വാടിയ പൂവ് പോലെ അവളെന്റടുത്തേക്ക് വരും . ദീദി എനിക്കും ശാരീരിക പരിമിതികളുണ്ട് അത് ഈ പത്തു മിനിറ്റ് കൊണ്ട് മനസ്സിലായി കാണുമല്ലോ ... ഞാനും രേവയെ പോലെ ചെറുപ്പത്തിലെ നാട് വിട്ടതാ.
ജനിച്ചു വളർന്ന ചുറ്റുപാടുകൾ സമ്മാനിച്ച പരിഹാസവും അവഗണനയും താങ്ങാനാവാതെ ഞാനും വീട് വിട്ടിറങ്ങി എങ്ങനെയൊക്കെയോ ഇവിടെ എത്തി ചേർന്നു .കണ്ടില്ലേ ആ പാൻ കട അതെന്റേതായിരുന്നു . അവിടെയെന്നും രേവന്ത കൂട്ടുകാരികളോടൊപ്പം വരാറുണ്ടായിരുന്നു . എന്ത് കൊണ്ടോ അവൾ പാൻ ചവക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു . ഇനി പാൻ കഴിക്കരുതെന്ന് ഞാൻ പറഞ്ഞ ദിവസം തന്നെ അവളതു നിർത്തി. പിന്നെ പിന്നെ എവിടെയെങ്കിലും പോവുമ്പോൾ എന്നോട് സമ്മതം ചോദിക്കുന്നത് പതിവായി ..എന്ത് വിശേഷമുണ്ടെങ്കിലും എന്നോട് പറയും
എന്നോട് ചോദിക്കാതെ ഒരു തീരുമാനവും എടുക്കില്ലായിരുന്നു അവൾ ..ഇടക്ക് ഞാൻ നാട്ടിൽ പോയപ്പോൾ അവൾ വല്ലാതെ ഒറ്റപ്പെട്ടു .തിരിച്ചെത്തിയപ്പോൾ അവൾ എന്നോട് തുറന്നു ചോദിച്ചു കൂട്ടായി ഉണ്ടാവുമോ ജീവനുള്ളിടത്തോളം കാലമെന്ന്
ഞാനുമേറെ ആഗ്രഹിച്ചു ചോദിക്കാനിരുന്ന കാര്യമായിരുന്നു അത്! ...ഞങ്ങൾക്കറിയാം ഞങ്ങളുടെ പരിമിതികൾ..സമൂഹം ഇന്നനുശാസിക്കുന്ന രീതിയിലൊരു കുടുംബ ജീവിതം നയിക്കാൻ ഞങ്ങളാൽ ആവില്ലാ . എന്നാലും ബന്ധുക്കൾക്ക് പോലും വേണ്ടപ്പെട്ടവരായി മാറാനാവാതെ പോയ ഞങ്ങൾക്ക് പരസ്പരം തുണയായി ജീവിക്കാലോ.. പുറം ലോകം എത്രയൊക്കെ പരിഹസിച്ചാലും ഞങ്ങളുടെ കുഞ്ഞു ലോകത്ത് സ്നേഹത്തോടെ കഴിയാമല്ലോ വയ്യായ്ക വന്നാൽ താങ്ങായി ഉണ്ടാവുമല്ലോ ഒരാൾ..അത്രയൊക്കെയേ ഞങ്ങൾ ഓർത്തുള്ളൂ ..പ്രകടിപ്പിക്കാൻ ആവാതെ പോയ കുന്നോളം സ്നേഹമുണ്ട് മനസ്സില് .അവകാശികൾ ഇല്ലാത്തതിനാൽ കാത്തു സൂക്ഷിച്ച സ്നേഹം അത് മാത്രമേ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചപ്പോൾ കൈമുതലായി ഉണ്ടായിരുന്നുള്ളൂ. അവൾക്ക് വലിയ ആഗ്രഹമായിരുന്നു നാട്ടു നടപ്പ് പോലെ ആദ്യം നിശ്ചയം, പിന്നെ വിവാഹം അങ്ങനെ വേണമെന്ന് . അങ്ങനെ ഞങ്ങൾ ഒരു ഞായറാഴ്ച നിശ്ചയം നടത്താൻ തീരുമാനിച്ചു എന്റെ കുറച്ചു കൂട്ടുകാരും അവളുടെ കൂട്ടുകാരും . അവൾ ആദ്യം പറഞ്ഞത് ദീദിയുടെ പേരാ ..വലിയ മോഹമായിരുന്നു ദീദിയെ കാര്യമൊന്നു അറിയിക്കാതെ ക്ഷണിക്കണം വരുമ്പോൾ ചടങ്ങ് കണ്ടു ദീദി അമ്പരക്കണം അപ്പോൾ നേരെ ചെന്ന് അനുഗ്രഹം വാങ്ങണം എന്നൊക്കെ . അനുഗ്രഹവും ആശംസയുമൊക്കെയേകാൻ വളരെ കുറച്ചു പേരേ ഉള്ളൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവൾ തീവ്രമായി ആഗ്രഹിച്ചിരുന്നു ദീദിയുടെ സാന്നിധ്യം .പക്ഷെ അതിനിടക്കാണ്‌ ഓഫീസിന്റെ പേരിൽ നുണ പറഞ്ഞെന്നു പറഞ്ഞ് ദീദി പിണങ്ങിയത് . ദീദിക്കറിയോ പലഹാരം ഉണ്ടാക്കി ഒരു കടയിൽ കൊണ്ട് കൊടുത്താണ് രേവന്ത ജീവിച്ചു പോന്നത് . ഒരിക്കൽ നിങ്ങൾ ഏതു ഓഫീസിലാണ് ജോലി എന്ന് ചോദിച്ചപ്പോൾ അവൾ ഭയന്നു ഇതാണവളുടെ ജോലി എന്നറിഞ്ഞാൽ ഒരുപക്ഷെ നിങ്ങളവളെ സുഹൃത്തായി കണ്ടില്ലെങ്കിലോ എന്ന് "
നിറഞ്ഞ കണ്ണുകളോടെ ഞാൻ കേട്ട് കൊണ്ടിരുന്നു. ഒരക്ഷരം മിണ്ടാനാവാതെ ..
" നിങ്ങളോടോപ്പം കൂടുതൽ നേരം സംസാരിക്കാനാ അവൾ ഓഫീസ് നിങ്ങളുടെ ഓഫീസിനടുത്താണെന്നും പറഞ്ഞ് എന്നും ഇടക്കിറങ്ങി നിങ്ങളെ കൊണ്ട് വിട്ട ശേഷം വീണ്ടും അവളുടെ സ്റ്റേഷനിൽ പോയ്‌ കൊണ്ടിരുന്നത് ..അത്രക്ക് അവൾ ഇഷ്ടപ്പെട്ടിരുന്നു നിങ്ങളെ..എപ്പോഴും പറയുമായിരുന്നു.. നിങ്ങളവളോട് ദേഷ്യപ്പെട്ട അന്ന് അവളാകെ തളർന്നു പോയി .ഞാനെത്ര സമാധാനിപ്പിച്ചിട്ടും സങ്കടപ്പെട്ടിരുന്നു . എത്ര ശ്രമിച്ചതാ ദീദീ ആ പാവം ഇതാണ് കാര്യമെന്നു അറിയിക്കാൻ.. ഒരിക്കൽ പോലും കേൾക്കാനുള്ള മനസ്സ് കാണിച്ചില്ലല്ലോ .എന്റെ രേവ അവൾ ഒരുപാട് സങ്കടപ്പെട്ടു ..വിവാഹം കഴിഞ്ഞ് ഒരുമിച്ചു താമസം തുടങ്ങിയപ്പോഴും അവൾ ശ്രമിച്ചിരുന്നു നിങ്ങളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ..അവളുടെ സങ്കടം സഹിക്കാനാവാതെ ഒരു ദിവസം ഞാൻ വഴക്ക് പറഞ്ഞു എന്തിനാ ഇങ്ങനെ നാണം കെട്ട് പിറകെ ചെല്ലുന്നത് എന്ന് ഒന്നേ അവൾ പറഞ്ഞുള്ളൂ എന്നോട് മിണ്ടുന്നില്ലെങ്കിൽ സാരമില്ലാ പിണക്കം മാറിയില്ലെങ്കിലും സാരമില്ല പക്ഷെ ദീദി അറിയണം എന്റെ മനസ്സില് ദീദിയോട് എത്ര മാത്രം സ്നേഹവും ബഹുമാനവുമാണെന്ന്. ദീദിയിപ്പോ എന്നെ കുറിച്ച് മോശമായാ ചിന്തിക്കുന്നത് എനിക്കതോർക്കുമ്പോഴാ വിഷമം ഒന്നും വേണ്ടാ ദീദിയുടെ ഓർമകളിൽ എങ്കിലും ഞാനൊരു നല്ല കൂട്ടുകാരിയായിരുന്നാൽ മതിയായിരുന്നു "
ഹിമാൻശുവിന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു സങ്കടം കൊണ്ട് ..
എന്റെ കണ്ണുകൾ നിറഞ്ഞ് ആകെ മൂടൽ പോലെ തോന്നി ചുറ്റിലും .രേവാ രേവാ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു ...എന്ത് മാത്രം സങ്കടപ്പെട്ടിരിക്കും അവൾ ! എന്ത് മാത്രം അപമാനിതയായിട്ടുണ്ടാവും അവൾ ! ..എങ്ങനെ ഞാനിതിനു പ്രായശ്ചിത്തം ചെയ്യും ..
" രേവ എവിടെയുണ്ട് ഇപ്പോൾ ? എനിക്കവളെ കാണണം "
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി .
" ഇല്ല ദീദി ഞങ്ങളിപ്പോ മുംബൈയിൽ അല്ലാ താമസം കർണ്ണാടകയിൽ രേവയുടെ വീട്ടിലാ അവിടെ അവളും അമ്മയും പിന്നെ ചേച്ചിയുടെ മകളുമാണ് ഉള്ളത് . വീട് വിട്ടാണ് ജീവിതമെങ്കിലും രേവ ഇടക്ക് അമ്മയെ കാണാൻ പോവാറുണ്ടായിരുന്നു. അച്ഛൻ മരിച്ചപ്പോൾ അമ്മ തനിച്ചായി. അപ്പോൾ ഞങ്ങൾ അവളുടെ വീട്ടിൽ താമസമാരംഭിച്ചു.സത്യം പറഞ്ഞാൽ ഞങ്ങൾ അവിടെ താമസിക്കുന്നതിനു പിറകിൽ മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട് "
ഹിമാൻശു ഒരു നിമിഷം നിശ്ശബ്ദനായി 
ഞാൻ ചോദ്യഭാവത്തിൽ ആ മുഖത്തേക്ക് നോക്കി
" ഞങ്ങൾക്ക് രേവയുടെ ചേച്ചിയുടെ മോളെ ദത്തെടുക്കാൻ ആഗ്രഹമുണ്ട് . പക്ഷെ അതിനു നിയമം അനുവദിക്കുമോ എന്നറിയില്ല അതിന്റെ കാര്യങ്ങൾ അന്വേഷിക്കാനാ ഞാൻ മുംബൈയിൽ വന്നത് . ഇവിടെ ഞങ്ങളുടെ സംഘടനയിൽ കാര്യം പറഞ്ഞു അന്വേഷിച്ചിട്ട് വേണ്ടത് ചെയ്യാമെന്ന് അവര് പറഞ്ഞിട്ടുണ്ട് . ഒരുപക്ഷെ ഞങ്ങൾക്ക് ആ മോളെ കിട്ടിയാൽ തിരിച്ച് മുംബൈയിൽ തന്നെ വരും ..അല്ലെങ്കിൽ അവിടെ തന്നെ ജീവിക്കും ഞങ്ങൾ ആ മോളോടൊപ്പം "
" ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ?"
" രേവയുടെ ചേച്ചി മരിച്ചു കുട്ടിയെ പത്തു വയസ്സ് വരെ അവളുടെ അച്ഛൻ വളർത്തി പിന്നീട് ഉപേക്ഷിച്ചു പോയി "
ഞാൻ ഹിമാൻശുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു
" ജാൻവിക്കിപ്പോ പതിനൊന്നു വയസ്സായി ..അവൾ മറ്റൊരു രേവന്തയാണ് ദീദി ! "
ഹിമാൻശു മുഖം താഴ്ത്തി
എന്റെ ഇടനെഞ്ചിലൊരു പിടച്ചിൽ ഉണർന്നു ..
" ഞങ്ങൾ അനുഭവിച്ചതാ ഈ ശാരീരിക അവസ്ഥ കാരണം നേരിടേണ്ടി വന്ന നരക യാതനകൾ ..പരിഹാസം , അവഗണന, മൃഗതുല്യമായ രീതിയിൽ പലയിടത്തു നിന്നും ആട്ടിയകറ്റപ്പെട്ടത് .ജാൻവിയെ അങ്ങനൊരു ലോകത്തേക്ക് ഞങ്ങൾ അറിഞ്ഞു കൊണ്ട് തള്ളി വിടില്ല ഞങ്ങൾ അവളെ വളർത്തും.ഞങ്ങളെ കൊണ്ടാവുന്ന പോലെ നല്ല രീതിയിൽ , പ്രസവിക്കാൻ കഴിയാത്ത ..എന്തിനേറെ സ്ത്രീ എന്ന് തികച്ചു വിശേഷിപ്പിക്കാൻ പോലും കഴിയാത്ത എന്റെ രേവ അവൾക്ക് അമ്മയാവും.ബാഹ്യരൂപത്തിൽ മാത്രം പുരുഷനായ ഈ ഹിമാൻശു ജാൻവിക്ക് അച്ചനുമാവും . ഏതൊരു കുഞ്ഞിനെയും പോലെ അവൾ സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കും. ഞങ്ങളുടെ മനസ്സിലെ മുഴുവൻ സ്നേഹവും അവൾക്കായി നൽകും.. ഞങ്ങളുടെ ലോകത്ത് ഏറ്റവും സന്തോഷമായി ജീവിക്കും .."
ദൃഡമായിരുന്നു ഹിമാൻശുവിന്റെ ഓരോ വാക്കുകളും
"ഹിമാൻശൂ എനിക്ക് കാണണം രേവയെ ഞാൻ വരാം കർണ്ണാടകയിലേക്ക് ..."
എനിക്ക് താങ്ങാനാവുന്നുണ്ടായിരുന്നില്ല മാനസിക സമ്മർദ്ദം..
" വേണ്ടാ ദീദി അങ്ങനെയൊന്നു ചിന്തിക്കുക പോലും വേണ്ടാ ..ഇനി അവളുടെ ജീവിതത്തിലേക്ക് കടന്നു വരരുത് കാരണം ഇനിയുമൊരിക്കൽ കൂടി കണ്ടാലും പിന്നെയും നിങ്ങൾക്ക് പഴയ സൗഹൃദം തുടരാൻ ആവില്ലാ അന്നത്തെ അതേ, മാറ്റമില്ലാത്ത സമൂഹത്തിൽ ആണ് ദീദിയും രേവയും ഇപ്പോഴും ജീവിക്കുന്നത് ദീദിയെ കണ്ടതും സംസാരിച്ചതുമെല്ലാം ഞാനവളോട് പറയാം രേവന്തയോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതി തന്നോളൂ "
പേന കൈയിലെടുത്ത് ഞാനൊരു നിമിഷം ആലോചിച്ചു..റെയിൽവേ സ്റ്റേഷനിൽ എനിക്ക് മുന്നിൽ തൊഴു കൈയോടെ... നിറഞ്ഞ മിഴികളോടെ നിന്ന രേവയുടെ മുഖം മനസ്സിലേക്ക് വന്നു . ഹൃദയം വേദന കൊണ്ട് നീറുന്നുണ്ടായിരുന്നു
ഹിമാൻശു നീട്ടിയ കടലാസ്സിൽ ഞാൻ എഴുതി.
" രേവാ ...രേവാ ..മാപ്പ് ...എനിക്ക് മനസ്സിലാക്കാൻ ആയില്ലാ ഒന്നും ..തിരിച്ചറിയാനായില്ല നിന്റെ മനസ്സിന്റെ നന്മ ..ദീദിയോടു ക്ഷമിക്കണം.എല്ലാ പരിമിതികളെയും മറികടന്ന് സ്നേഹവും സന്തോഷവും ഇത്രയേറെ നിറഞ്ഞൊരു കുടുംബജീവിതം നീ നേടിയെടുത്തത് കാണുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു..നിന്റെയീ മനോഹരമായ മനസ്സ് എന്നും ഹിമാൻശുവിനും ജാൻവിക്കും തുണയാവട്ടെ. ജാൻവിയെ നിങ്ങൾ ആഗ്രഹിച്ചത്‌ പോലെ വളർത്താൻ നിനക്കാവും എനിക്കുറപ്പുണ്ട്.. എങ്ങനെ നിങ്ങൾ വളരാൻ ആഹ്രഹിച്ചുവോ ജീവിക്കാൻ ആഗ്രഹിച്ചുവോ അതൊക്കെ ജാൻവിയിലൂടെ സാധ്യമാവട്ടെ , സ്നേഹം കൊണ്ട് മനസ്സ് കീഴടക്കാൻ മറ്റാരേക്കാളും നന്നായി അറിയുന്ന..കഴിയുന്ന മറ്റൊരു രേവന്തയായി മാറാനാവട്ടെ ജാൻവിക്ക്‌.. നിന്നെ മാറ്റിനിർത്തിയ ഈ സമൂഹം ജാൻവിയെ എങ്കിലും ചേർത്തു നിർത്തട്ടെ..മറക്കില്ല രേവാ ..നിന്നെ ..നിന്റെ ഹിമാൻശുവിനെ..നിങ്ങളുടെ ജാൻവിയെ..

Tuesday, January 19, 2016

നാട്ടറിവ്

ഓറഞ്ച് തിന്നുമ്പോ അറിയാതെ കുരു വിഴുങ്ങീട്ട്‌ വയറ്റിലെത്ത്യാ പിറ്റേന്ന് അത് മുളക്കുമത്രേ 😱
മൂക്കിലൂടെം കണ്ണിലൂടേം വായിലൂടേം ഒക്കെ ചില്ലകളും ഇലകളും വരുമത്രേ 😨
കുഞ്ഞിമാമനാ ഇത്തരം അറിവുകളൊക്കെ പകരുക 😔ഞങ്ങളത് വെള്ളം തൊടാതെ വിഴുങ്ങും പ്രത്യേകിച്ച് ഞാൻ ! മാമനെ അത്രക്ക് വിശ്വാസമായത് കൊണ്ടല്ല ഇമ്മാതിരി എന്ത് കേട്ടാലും അതേ പടി വിശ്വസിക്കുന്ന ഒരു ശീലം ണ്ടാരുന്നു എനിക്ക്‌ .
അമ്മമ്മേടെ വീട്ടില് നിന്ന് രാത്രി ഓറഞ്ച് തിന്നു കൊണ്ടിരിക്കെ കുരു വിഴുങ്ങി പോയപ്പോ മാമനോട് ചോദിച്ചു ന്തേലും സംഭവിക്ക്യോ ന്ന് അപ്പൊ മാമനാ ഇത് പറഞ്ഞു തന്നത് 😣 !
ഞാനാകെ പേടിച്ചു വശം കെട്ടു. ബാക്കി ഓറഞ്ച് കൈയിൽ പിടിച്ചു തരിച്ചിരുന്നു പോയി . നടക്കുന്ന ഒരു ഓറഞ്ച് മരമായി ഞാൻ മാറുന്നതും ആളുകള് വന്നു ഓറഞ്ച് പറിക്കുന്നതും കുട്ടികളൊക്കെ എന്റെ കണ്ണിലൂടെ പുറത്തേക്ക് വന്ന നാരങ്ങയിലകൾ പറിക്കുന്നതുമോർത്തപ്പോൾ ഞാൻ ഭയന്നു കണ്ണടച്ചു .
അന്ന് രാത്രി എനിക്ക് ഉറക്കമേ വന്നില്ല . ഞാൻ ഇടയ്ക്കിടെ മൂക്ക് തൊട്ടു നോക്കി ..കണ്ണടച്ച്‌ നോക്കി ..കണ്ണാടിക്ക് മുന്നില് ചെന്ന് നിന്ന് വല്ല മാറ്റവും മുഖത്തു വരുന്നുണ്ടോ എന്ന് നോക്കി . പാതിരാത്രിയായപ്പോ വയറിനകത്തൊരു വേദന . 
യ്യോ ഇനിയെങ്ങാനും ആ നാരങ്ങ കുരു മുള പൊട്ടിയതാണോ 😱 🔫 ഭയം കാരണം ..ഞാൻ വിയർത്തു തളർന്നു വേദന കൂടി വരുന്നത് പോലെ തോന്നി ..അടുത്ത് കിടക്കുന്ന അമ്മമ്മയെ കുലുക്കി വിളിച്ചുണർത്തി . അമ്മമ്മ കണ്ണ് തുറന്നപ്പോൾ പരവശയായി വിയർത്തിരിക്കുന്ന എന്നെ കണ്ടപ്പോൾ ആകെ ഭയന്ന് പോയി .
"ന്താടീ ന്താ നിനക്ക് "
" വയറ്റില് ന്തോ മുളച്ചു വരണ് ണ്ട് "
എനിക്ക് മെൻസസ് തുടങ്ങാത്ത പ്രായമായതോണ്ട് അത് കേട്ടിട്ട് അമ്മമ്മ ബോധം കെട്ടില്ല ന്നാലും എന്റെ പറച്ചിലും മുഖഭാവവും കണ്ടപ്പോ പാവം ആകെ തളർന്നു.
" ന്താ മോളെ എന്താ പറ്റിയെ " 
" കുരു മുളച്ചെന്നാ തോന്നുന്നേ അമ്മമ്മേ 😭 ഇപ്പൊ ഇലയൊക്കെ വരും ഞാൻ ചത്തു പോവും "
അമ്മമ്മ കണ്ണും മിഴിച്ച് എന്നെ നോക്കി
" ഓറഞ്ച് ന്റെ കുരു വിഴുങ്ങി പോയി 😭 ഇപ്പോ മരം മുളച്ചു തുടങ്ങീണ്ട് ഭയങ്കര വയറു വേദന "
" നിന്നോടിതു ആരാ പറഞ്ഞെ ? കുരു വയറ്റിലായാ മുളക്കുമെന്ന് 😕 "
" കുഞ്ഞിമാമൻ ! "
" രണ്ടിനും ഭ്രാന്താ ന്നിട്ട് ബാക്കിള്ളോർക്ക് മെനക്കേടും കിടന്നുറങ്ങാൻ നോക്കെടീ അവൾടെയൊരു കുരു കിളിർക്കല് "
" ങേ ഒരു പ്രശ്നല്ല്യെ കുരു തിന്നു പോയാല് അപ്പോ ഈ വയറു വേദന്യോ 😨 "
" നീ കക്കൂസീ പോ ..ന്നിട്ട് കിടന്നുറങ്ങാൻ നോക്ക് ഞാനുറങ്ങട്ടെ "
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അമ്മമ്മേടെ കൂർക്കംവലി ഉയർന്നു തുടങ്ങി . 
പേടിച്ചിട്ടു എണീക്കാൻ പോലും ആവാതെ ഞാൻ കിടന്നു .വയറും അമർത്തി പിടിച്ചു കൊണ്ട് ...പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ കണ്ണാടിക്ക് മുന്നില് നിന്ന് വിശദമായി പരിശോദിച്ചപ്പോൾ ആണെനിക്ക് സമാധാനമായത് 😜
👉 ഇങ്ങനെ എത്രയെത്ര അറിവുകൾ ! യുക്തിക്ക് നിരക്കാത്ത, ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലാത്തതാണെന്ന് മനസ്സിലാക്കിയാലും നമ്മളൊക്കെ ചിലപ്പോഴെങ്കിലും പിൻതുടരുന്ന ചില ശീലങ്ങൾ , വിശ്വാസങ്ങൾ ! പണ്ടെങ്ങോ ആരോ നമുക്ക് നേരെ ചൂണ്ടിയ വിരലിന് മുന്നിൽ തല കുനിച്ചാണ് നാമിപ്പോഴും 🙏
നിങ്ങൾക്കൊന്നു കേൾക്കണോ ? എനിക്കിപ്പോഴും നാരങ്ങ കുരു വിഴുങ്ങി പോയാൽ പേടിയാണെന്നേ 😝
( വയറു വേദനയുടെ കാരണം രാവിലെയാ മനസ്സിലായത് ..അത് വിശദമായി അടുത്ത പോസ്റ്റിൽ പറയാംട്ടോ 😃

കുപ്പിവള

എന്റെ കുപ്പിവള കൈത്തണ്ടയിൽ ബലം പരീക്ഷിച്ച് ചോര കിനിയിച്ചൊരാൾ !
ഇങ്ങനൊരു വാചകം എന്റെ പ്രണയപോസ്റ്റിൽ എഴുതുമ്പോഴേ കരുതിയിരുന്നു കുപ്പിവളകളെ കുറിച്ചെഴുതണമെന്ന് .
പക്ഷെ ഇതുമായി ബന്ധപ്പെട്ടു നല്ല ഓർമ്മകൾ കൂടുതലൊന്നും എനിക്കില്ലാ 😒 ഞാനിതു അധികമൊന്നും ഇട്ടിട്ടില്ലാന്നേ ..എങ്ങാനും അച്ഛൻ വാങ്ങി തന്നാൽ പിറ്റെന്നേക്ക് അതൊക്കെ വളപൊട്ടുകളായി മാറീണ്ടാവും 😣. ഇതിങ്ങനെ പൊട്ടാതെ കൊണ്ട് നടക്കുന്ന പെണ്‍കുട്ടികളെ അത്ഭുതത്തോടെ നോക്കാറുണ്ട് 😱
അന്നൊക്കെ കൊട്ടയിലാക്കി വളേം മാലേമൊക്കെ വിൽക്കാൻ വരുന്ന ഒരു അണ്ണാച്ചിയുണ്ടായിരുന്നു. അയാള് ആഴ്ചക്ക് ഒരീസം വരും .അതാണ്‌ ഞങ്ങളുടെ ഫാൻസി ഐറ്റംസ് ഷോപ്പിംഗ്‌ നടത്താനുള്ള ഏക മാർഗ്ഗം പിന്നെ കൊല്ലത്തിലൊരിക്കൽ തലശ്ശേരി പുത്യമ്പലത്തിൽ ഉത്സവം നടക്കുമ്പോ ഒരു മാസം മുന്നേ തുടങ്ങുന്ന സോപ്പിടലിന്റെ ഫലമായി ഒരു ഷോപ്പിങ്ങും അനുവദിക്കപ്പെടും . ന്തായാലും വീട്ടിലിരുന്നു ഷോപ്പിംഗ്‌ നടത്താം ന്നു ആദ്യായി മനസ്സിലാക്കി തന്ന ഓണ്‍ലൈൻ ഷോപ്പിംഗ്‌ സെന്റെർ അണ്ണാച്ചിയുടെ കൊട്ടയായിരുന്നു ! 😜
എന്റെ വീടിന്റെ കോലായിൽ അയാള് കൊട്ട ഇറക്കി വെക്കുമ്പോൾ അടുത്ത വീട്ടിലെ ചേച്ചിമാരും അമ്മമാരും ഒക്കെ ഓടിയെത്തും അതൊരു രസാ എല്ലാരും കൂടി അതെടുക്ക് ഇതെടുക്ക് ന്നും പറഞ്ഞ് കലപില ! അങ്ങേര് എന്തൊക്കെയോ പേരൊക്കെ പറഞ്ഞാ ഓരോന്നും എടുത്തു തരിക. അന്നേ ഉള്ള പതിവാ ഹിറ്റ്‌ സിനിമ പേരുകളും കഥാപാത്രങ്ങളുമൊക്കെ മാലയുടേം വളയുടേമൊക്കെ പേരാവുന്നത് പടയപ്പ വളയും അരുണാചലം മാലയുമൊക്കെ ഇട്ട് എത്ര വിലസീണ്ടെന്നറ്യോ 😜കുറെ കെഞ്ചിയാൽ ഒരു ഡസൻ കുപ്പി വള വാങ്ങി തരുമായിരുന്നു അമ്മ .പക്ഷേ അയാള് കൊട്ടേം കൊണ്ട് പടി കടക്കുമ്പോൾ എന്റെ കൈയിലെ കുപ്പിവളകൾ പൊട്ടി തുടങ്ങും😁 ഞാൻ കൈ പ്ലാസ്റ്റർ ഇട്ട പോലെ നടക്കും ന്നാലും പൊട്ടും ...എങ്ങനെ നടന്നാലും തട്ടും മുട്ടും ഏൽക്കുക കുപ്പിവളകൾക്ക് തന്ന്യാവും ! ഓരോ വള പൊട്ടുമ്പോഴും അമ്മയും പൊട്ടിക്കും എനിക്കിട്ടോരോന്ന് 😱 
ഇടയ്ക്കിടെ അമ്മ വന്നെണ്ണി നോക്കും എണ്ണം കുറഞ്ഞാൽ അപ്പോ കിട്ടും ...
ഇതിനൊക്കെ പുറമേ ഓവർ ആക്ടിങ്ങിൽ സുധാ ചന്ദ്രനെ കടത്തി വെട്ടുന്ന ഒരു നടൻ വീട്ടിലുണ്ട് .. അനിയൻ മൂപ്പര് !
യ്യോ അമ്മേ ഏച്ചീന്റെ വള കൊണ്ടെന്റെ കാല് മുറിഞ്ഞേ കൈ മുറിഞ്ഞേ ന്നും പറഞ്ഞ് അദൃശ്യ മുറിവുകൾ അമർത്തി പിടിച്ച് അലമുറയിടുന്ന അവനെ കാണുന്ന നിമിഷം അമ്മ ഇന്ത്യൻ കോടതി പോലാവും. തെളിവും വേണ്ട സാക്ഷിയും വേണ്ടാ തോന്നുന്ന വിധിയങ്ങ് നടപ്പിലാക്കും 😏 
അങ്ങനെ ഇഷ്ടം പോലെ അടി ഫ്രീയായി വാങ്ങി തരുന്ന കുപ്പിവളകളെ ഞാൻ ജൂനിയർ മാൻഡ്രെക്കിലെ പ്രതിമയെ കാണുന്നത് പോലെ പേടിയോടെ നോക്കിയതിൽ വല്ല തെറ്റൂണ്ടോ😢
ഈ കുരിശ് ഒന്ന് പൊട്ടി തീർന്നാ മതീന്നാവും ! എന്തായാലും രാത്രിയാവുമ്പോഴേക്ക് ഏകദേശം എല്ലാം വളപൊട്ട് ഇട്ടു വെക്കുന്ന പെട്ടിയിൽ ആയിട്ടുണ്ടാവും . 
അച്ഛൻ വന്നാ ഉടനെ അമ്മ പറഞ്ഞു കൊടുക്കും
" ദേ ഇന്ന് അണ്ണാച്ചി വന്നപ്പോ ഇവൾക്ക് ഒരു ഡസൻ കുപ്പി വള വാങ്ങി കൊടുത്ത് ഇപ്പൊ നോക്ക്യേ ഇവളുടെ കൈയിൽ എത്രെണ്ണം ബാക്കിണ്ട് ന്ന് "
അച്ഛൻ കൈയിലേക്കേ നോക്കില്ലാ അച്ഛനറിയാം ഒരൊറ്റ വള ബാക്കിണ്ടാവില്ലെന്നും കൈ ഞാൻ പിന്നാമ്പുറത്തു ഒളിപ്പിച്ചിട്ടുണ്ടാവുംന്നും 😜
"ഇവൾക്ക് കുപ്പിവള വാങ്ങി കൊടുക്കുന്ന നിന്നെയാദ്യം ചവിട്ടണം വർക്ക്‌ഷോപ്പിൽ നിന്ന് വല്ല ടയറിന്റെയോ ഇരുമ്പിന്റെയോ വളയുണ്ടാക്കി കൊണ്ടോരാം ഇനിയതിട്ടാ മതി ഇവള് . ഇന്നത്തോടെ നിർത്തിക്കോണം കുപ്പിവളക്കളി "
അമ്മയെന്നെ നോക്കും 
കേട്ടല്ലോ എന്ന ഭാവത്തിൽ !
ഓഹ് വല്യ കാര്യമല്ലേ ഇത്തിരിയില്ലാത്ത മോളെ ഒറ്റികൊടുത്തിട്ട് ഒടുക്കം കഥകളി കളിക്കുന്നു 😏😏
അന്ന് തീർന്നതാ തിരുമേനീ കുപ്പിവളകളോടുള്ള മതിപ്പ് 😜
ന്നാലും മറ്റുള്ളോര് ഇടുന്നത് കാണാൻ ഇഷ്ടാട്ടോ ..കുപ്പിവളകളണിഞ്ഞ കൈകളുടെ ഭംഗി ! അതൊന്നു വേറെ തന്ന്യാ 😘

ചോറൂണ്

ഭക്ഷണം ഉണ്ടാക്കുന്നതു മാത്രമല്ലാ വിളമ്പുന്നതും ഒരു കലയാണ്‌ . അത് പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഒരു കല തന്നെയാണ് !
ചിലര് ഭക്ഷണം കഴിക്കുന്നത്‌ കാണാൻ തന്നെ ന്തൊരു രസായിരിക്കും ല്ലേ ..കുട്ടിക്കാലത്ത് എന്റെ വീടിന്നടുത്തൊരു ചേച്ചിയുണ്ടായിരുന്നു. മിക്ക സമയവും ഞാനാ വീട്ടിലാണുണ്ടാവുക..ആ ചേച്ചി തിന്നുന്നത് കാണുമ്പോ തന്നെ കൊത്യാവും . 
ഇച്ചിരി എടുത്തു വായിലിട്ടു തലയൊന്നു താളത്തിൽ കുലുക്കി ചുണ്ട് അമർത്തി വെച്ച് ഒരു ചിരിയുണ്ട് അപ്പൊ മനസ്സിലാക്കാം നല്ല രുചിയുണ്ട് കഴിക്കുന്നതിനു ന്ന് . ഓരോ ഉരുളേം തിന്നു കഴിഞ്ഞാൽ നാവു കൊണ്ട് ഒരു പ്രത്യേക ശബ്ദമുണ്ടാക്കും കിലുക്കത്തിൽ രേവതി പൊരിച്ച കോഴീനെ തിന്നുമ്പോൾ ഉണ്ടാക്കിയ ശബ്ദം പോലെ .അത് കാണുമ്പൊൾ ഭക്ഷണൊക്കെ കഴിച്ച് വയറ് നിറഞ്ഞിരിക്ക്യാണേലും അറിയാതെ ഒരുരുളക്ക് കൈ നീട്ടി പോവും ! 
ആ ചേച്ചിക്കൊരു അനിയനുണ്ടായിരുന്നു ഞാനും അവനും ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ.അവൻ ചോറുരുട്ടി എറിയും വായിലേക്ക് നല്ല രസാ അത് കാണാൻ . കടല കൊറിക്കുന്നത് പോലെ..ഞാൻ കൌതുകത്തോടെ നോക്കിയിരിക്കുമ്പോൾ അവൻ ഓടിക്കുമെന്നെ..
"എണീച്ചു പോടീ നിന്നോട് പറഞ്ഞിട്ടില്ലേ തിന്നുമ്പോ വായീ നോക്കി ഇരിക്കരുതെന്ന് "
"ഓഹ്ഹ് ആര്ക്ക് വേണം നിന്റെ ചോറ് നോക്കിക്കോ അടുത്ത ഉരുള മൂക്കില് കേറും " 
എപ്പോഴെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടോ ആവോ ന്തായാലും ഞാൻ കണ്ടിട്ടില്ലാ ..
കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ ഒരു കല്യാണവീട്ടില് വെച്ചു കണ്ടു ചോറുരുട്ടി വായിലേക്ക് എറിയുന്നതിനിടെ എന്നോട് ചോദിച്ചു
എപ്പ്ഴടീ നീ വന്നേ ...
ഞാൻ ചിരിയോടെ അവൻ തിന്നുന്നതും നോക്കിയിരുന്നു പണ്ടത്തെ പോലെ..
അച്ചച്ചൻ തിന്നുമ്പോൾ ഭയങ്കര ശബ്ദമാണ്
" അല്ല മനുഷ്യാ നിങ്ങള് തിന്നുമ്പോ അടുത്ത വീട്ടിലുള്ളോർക്ക് വരെ കേൾക്കാലോ ഒന്ന് മെല്ലെ തിന്ന് "
ഇങ്ങനെ അമ്മമ്മ പറയാത്ത ഒരു ദിവസം പോലുമില്ലായിരുന്നു.ആര് കേൾക്കാൻ ? 
അമ്മമ്മ ഉരുളയുരുട്ടുന്നത് കണ്ടാൽ തോന്നും ഭഗവാനു മുന്നില് നിവേദ്യമായി വെക്കാൻ പോവാണെന്ന് ! 
അത്രക്ക് ഭംഗിയായി കൈയിലിട്ടു ഉരുട്ടിയു
രുട്ടിയാ ഓരോ ഉരുളയും കഴിക്കുക
വല്യമാമൻ തിരക്കിട്ട് കഴിക്കുന്നത്‌ കാണാം എപ്പോഴും. ഇത് കഴിഞ്ഞിട്ട് വേണം കിണറ്റിൻ കരയിൽ കിടത്തിയ കുഞ്ഞിനെ താഴെയിറക്കാൻ എന്ന വെപ്രാളമാ മുഖത്തുണ്ടാവുക .
എന്റനിയൻ തിന്നുന്നത് കാണുമ്പോ ഒരു കുത്ത് വെച്ച്‌ കൊടുക്കാൻ തോന്നും. കോഴി ചിള്ള്ന്നത് പോലെയാ വിരല് കൊണ്ടിളക്കി ചോറ് തിന്നുക .നടുക്ക് നിന്നും തിന്നു തുടങ്ങും. തിന്നെഴുന്നേൽക്കുമ്പോ കുരുക്ഷേത്രയുദ്ധം കഴിഞ്ഞ അടർക്കളം പോലുണ്ടാവും പ്ലേറ്റും പരിസരവും ! 
അനിയത്തി ഭക്ഷണം കഴിക്കുന്നത്‌ കാണുമ്പോൾ ഒരു അവാർഡ്‌ സിനിമ കാണുന്ന ഫീലാ ഉണ്ടാവുക ..വളരെ നിശബ്ദമായി ...ക്ഷമയോടെ കഴിക്കും . 
ഞാൻ ജനിച്ചതും രണ്ടാം ക്ലാസ്സ് വരെ പഠിച്ചതും കോഴിക്കോട് ആയിരുന്നു. അമ്മ വീട് അവിടെയാണ്. അവിടുത്തു
കാരൊക്കെ കുഴച്ചുരുട്ടിയാണ് തിന്നുക പതിവ് ! ഞാനുമത് ശീലിച്ചു .
മൂന്നാം ക്ലാസ്സിൽ എത്തിയപ്പോൾ തലശ്ശേരി സ്കൂളിൽ ചേർത്തു ആ ദിവസങ്ങളിൽ ഇതൊരു പ്രധാന പ്രശ്നമായി മാറി. വീട്ടിലുള്ള ബാക്കിയുള്ളവർ ഭംഗിയായി വിരൽ തുമ്പ് കൊണ്ട് ചോറ് വാരിയുണ്ണുമ്പോൾ ഞാൻ മാത്രം കുഴച്ചുരുട്ടി കഴിക്കും . അതിനു കേൾക്കേണ്ടി വന്ന വഴക്ക് ചില്ലറയൊന്നുമല്ല 😪അച്ഛന്റെ കണ്ണിൽ പെടാതെ അടുക്കളയിൽ ഇരുന്നാണ് മിക്കപ്പോഴും ചോറ് തിന്നുക . ചോറ് കൈവെള്ളയിൽ ആവുന്നത് കാണുമ്പോൾ അച്ഛനു കലി വരും . കല്യാണ വീട്ടിലൊക്കെ പോവുമ്പോൾ അച്ഛനും അമ്മയും എനിക്ക് പ്രത്യേക ക്ലാസ് തരും !
കുറേ ബുദ്ധിമുട്ടിയാണ് ഈ ശീലം മാറ്റിയെടുത്തത്..
അച്ഛൻ പെങ്ങളുടെ മോൻ സ്കൂൾ പൂട്ടിയാൽ വീട്ടിൽ വരും.അവൻ
ചവക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. ചോറൊക്കെ വാരി വിഴുങ്ങും .ചൂടുള്ള ഉരുളകിഴങ്ങ് വായിൽ പെട്ടത് പോലെ ഒരു ആക്ഷൻ കാണാം .
ഇങ്ങനെ ചുറ്റിലുമുള്ള ഓരോ ആളുകൾക്കുമുണ്ടാവും ഭക്ഷണം കഴിക്കുന്നതിനു അവരുടെതായൊരു സ്റ്റൈൽ ! എങ്കിലും ബഹുഭൂരിഭാഗം പേരും ഭക്ഷണം കഴിക്കുന്നതിന് വീട്ടിലൊരു രീതി ആൾക്കൂട്ടത്തിൽ മറ്റൊരു രീതി പിൻതുടരുന്നവരാകും !
എന്ത് തന്നെയായാലും കൈയറിഞ്ഞ്..മനം നിറഞ്ഞ് തന്നെ ആവട്ടെ വയറ് നിറക്കുന്നത് !
അതേയ് ഒരു കാര്യം ..നിങ്ങളൊക്കെ എങ്ങന്യാ കഴിക്കുന്നേ 😃

ദിയ എന്ന ആ പെണ്‍കുട്ടി

ദിയ എന്ന പെണ്‍കുട്ടി
സ്വയം എരിയുമ്പോഴും മറ്റുള്ളവർക്ക് പ്രകാശം പരത്തുന്ന ചിരാതുകൾ ഒരുങ്ങി കഴിഞ്ഞു ..ദീപാവലിയെ വരവേൽക്കാൻ..അതു പോലൊരു ചിരാതിന്റെ കഥ പറയാം ഞാൻ..
ദിയ ! അവളുടെ പേര് യാഥാർത്ഥമല്ലാ എങ്കിലും ഒരു കുഞ്ഞു തിരിനാളം പോലെ വർഷങ്ങൾക്കു മുന്നേയുള്ളൊരു ദീപാവലിക്ക് എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അവളെ ദിയ എന്ന് തന്നെ പേരിട്ട് വിളിക്കാം ! 
വിവാഹം കഴിഞ്ഞ് ഇവിടെയെത്തിയപ്പോൾ, ഭർത്താവിന്റെ വീട്ടുകാരെയല്ലാതെ ആരെയും പരിചയമില്ലാത്ത ഈ മഹാനഗരത്തിലെ എന്റെ ആദ്യ കൂട്ടുകാരിയായിരുന്നു അവൾ. ഓഫീസിൽ പോവാനായി എന്നും സ്ഥിരമായി കയറുന്ന ബസ്സിൽ എന്നെയും കാത്തു അവളുണ്ടാവുമായിരുന്നു .
എന്നെ കാണുമ്പോൾ പതുക്കെ പുഞ്ചിരിക്കും. മുംബൈയിൽ ജനിച്ചു വളർന്ന കുട്ടിയാണെങ്കിലും അതിന്റേതായ ഒരു പകിട്ടും അവളുടെ വസ്ത്രധാരണത്തിലോ ഒരുക്കത്തിലോ ഉണ്ടായിരുന്നില്ല . പലപ്പോഴും ഏതോ ദുരന്തകഥയിൽ നിന്നിറങ്ങി വന്നൊരു കഥാപാത്രത്തെ പോലെ തോന്നാറുണ്ടായിരുന്നു . എങ്കിലും വാ തോരാതെ നാടിനെകുറിച്ചും വീട്ടുകാരെയും കൂട്ടുകാരെയും കുറിച്ചൊക്കെ ഞാൻ പറയുമ്പോൾ അവൾ സാകൂതം കേട്ടിരിക്കും . അവൾക്കത് ഏറെ ഇഷ്ടവുമായിരുന്നു. ചിലപ്പോൾ പറഞ്ഞു പറഞ്ഞെന്റെ കണ്ണുകൾ നിറയും 
ഏയ്‌ ചേച്ചീ ..
എന്ന് മെല്ലെ പറഞ്ഞു കൊണ്ട് അരുതെന്ന് തല വെട്ടിച്ച് ഓർമ്മപ്പെടുത്തികൊണ്ടവൾ എന്റെ കൈ മെല്ലെ അമർത്തും ..എല്ലാവരെയും പിരിഞ്ഞ് ഇത്ര ദൂരം വരേണ്ടി വന്നതിന്റെ ഒറ്റപ്പെടലും വേദനയും അസഹ്യമായ ആ നാളുകളിൽ അവളെന്നെ എപ്പോഴും ആശ്വസിപ്പിച്ചു കൊണ്ട് പറയുന്നൊരു വാചകമുണ്ട്
" ചേച്ചീ ..ഇതൊന്നുമല്ലാ ജീവിതം ...ശരിക്കുള്ള വേദന..ഒറ്റപ്പെടൽ എന്തെന്ന് ചേച്ചി അറിഞ്ഞിട്ടില്ല അത് കൊണ്ടാണ് ഇത്തരം ചെറിയ സങ്കടങ്ങളിൽ ഇങ്ങനെ പതറി പോവുന്നത് "
നിസ്സംഗതയോടെ അവളത് പറയുമ്പോൾ എനിക്ക് ചിരി വരും . ഈ കൊച്ചു പെണ്ണാണോ ജീവിതത്തെ കുറിച്ച് ഈ വിധമൊക്കെ പറയുന്നത് !
ഒരിക്കൽ അവളുടെ കൂടെ മറ്റൊരു പെണ്‍കുട്ടിയേയും ഒരു മോളെയും കണ്ടു .
എനിക്ക് പരിചയപ്പെടുത്തി തന്നു .ഏടത്തിയമ്മയാണ് മലയാളിയല്ലാ യു പി ക്കാരിയാണ് എന്നൊക്കെ.. ഏട്ടനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്ന് രണ്ടു വാക്കുകളിൽ പറഞ്ഞു നിർത്തി ..
ഒരു ആക്സിഡന്റ്റ് ൽ പെട്ട് ഏട്ടനും അച്ഛനും മരിച്ചു അമ്മ അതോടെ കിടപ്പിലായി ഇപ്പോഴും അമ്മ കിടപ്പിലാണ് . അത് പറയുമ്പോൾ സങ്കടം കൊണ്ടാ മുഖം വലിഞ്ഞു മുറുകുന്നത് പോലെ തോന്നി . ഞാൻ തുടർന്നൊന്നും ചോദിച്ചില്ല .
പിന്നീട് ഞാൻ നാട്ടിലേക്ക് പോയ സമയത്ത് അവൾ ഓഫീസ് മാറി. തിരിച്ചു വന്നതിനു ശേഷം എനിക്കവളെ കാണാനേ ആയില്ലാ . ഫോണ്‍ നമ്പർ വാങ്ങാഞ്ഞതിനു ഞാനെന്നെ നൂറു വട്ടം ശപിച്ച നാളുകളായിരുന്നു അന്നൊക്കെ ..പിന്നെ ജീവിതത്തിലേക്ക് നന്നുമോൻ വന്നു ..തിരക്ക് നിറഞ്ഞ ദിനങ്ങളിലൂടെ കടന്നു പോവുമ്പോഴും ഇടക്കൊക്കെ ദിയയെ ഓർക്കുമായിരുന്നു. അവൾ എവിടെയായിരിക്കും എന്നെ മറന്നിട്ടുണ്ടാവുമോ എന്നൊക്കെ...
7 വർഷങ്ങൾ കടന്നു പോയി. ഒരിക്കൽ അവിചാരിതമായി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞാനൊരു സ്ത്രീയെ പരിചയപെട്ടു . സംസാരത്തിനിടെ മകനെ നഷ്ടമാകാനിടയായ കഥ എനിക്കവർ പറഞ്ഞു തന്നു.
മുംബൈയെ ..പ്രത്യേകിച്ച് മുംബൈ മലയാളികളെ നടുക്കിയ 'വസായ് കൂട്ടക്കൊല 'യെ കുറിച്ചായിരുന്നു അവരുടെ സംസാരം ! വസായ് എന്ന സ്ഥലത്ത് താമസിച്ചിരുന്ന അവരുടെ ചേച്ചിയുടെ കുടുംബമായിരുന്നു കൂട്ടക്കൊലക്കിരയായത് .ചേച്ചിയുടെ മകൻ ഒരു അന്യസംസ്ഥാനക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്തു. അതിന്റെ പകയായി ആ പെണ്ണിന്റെ വീട്ടുകാർ പെട്ടെന്നൊരു ദിവസം ചേച്ചിയുടെ വീട്ടിൽ വന്നാക്രമിച്ചു . അന്നാ ദുരന്തത്തിൽ ഈ സ്ത്രീക്ക് നഷ്ടമായത് സ്വന്തം മകനും ചേച്ചിയുടെ മകനും ഭർത്താവും അടുത്ത വീട്ടിലെ ഒരു കുട്ടിയുമായിരുന്നു .ചേച്ചിക്കും മകൾക്കും പരിക്കേറ്റു .ചേച്ചിക്കായിരുന്നു മാരകമായി പരിക്കേറ്റത് അതോട് കൂടി ചേച്ചി കിടപ്പിലായി . ഒരുപാട് ദുരിതമനുഭവിച്ചൊടുവിൽ ആ പാവം മരിച്ചു . 
കൂട്ടക്കുരുതി നടക്കുമ്പോൾ മരുമകൾ ഗർഭിണിയായിരുന്നു പിന്നീട് അവൾ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു . കോളിളക്കം സൃഷ്ടിച്ച ദുരന്തമായതു കൊണ്ട് സർക്കാർ ഇടപെട്ടു മരുമകൾക്കൊരു ജോലി നൽകി. ചേച്ചിയുടെ മകളുടെ കാര്യമായിരുന്നു ഏറെ കഷ്ടം. ആ പെണ്‍കുട്ടി ഒറ്റപ്പെട്ടു പോയി ! ഇവർ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു . ഇപ്പോൾ അവൾക്ക് കല്യാണം ശരിയായി എന്ന് സന്തോഷത്തോടെ പറഞ്ഞവർ നിർത്തി.
അത്ര നേരം ഒരു ദുരന്ത കഥ കേട്ട് മനസ്സ് മടുത്തിരുന്ന എനിക്ക് അവസാന വാചകം ഒരാശ്വാസമേകി . ഞാനും പുഞ്ചിരിച്ചു . 
നിനക്ക് കാണണോ കല്യാണ പെണ്ണിനെ എന്നും പറഞ്ഞ് അവർ മൊബൈലിൽ ഉണ്ടായിരുന്ന ചേച്ചിയുടെ മകളുടെ ഫോട്ടോ എനിക്ക് നേരെ നീട്ടി.
വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഊഹിക്കാം ആരായിരിക്കും ആ ഫോട്ടോയിൽ ഉള്ളത് എന്ന് !
ഞാൻ വിറച്ചു പോയി .നടുക്കം വിട്ടു മാറാതെ അമ്പരന്നു അവരുടെ മുഖത്തേക്ക് നോക്കി . ദൂരെ നിന്നും ട്രെയിൻ വരുന്ന ശബ്ദം കേട്ടപ്പോൾ ആ സ്ത്രീ പെട്ടെന്നെഴുന്നേറ്റു യാത്ര പറഞ്ഞു നടന്നു . ആ കഥ പറയുന്നതിനിടെ 2-3 ട്രെയിൻ കടന്നു പോയിരുന്നു . തിടുക്കത്തിൽ ട്രെയിനിൽ കയറുന്ന അവരെ നോക്കി ഞാൻ മരവിച്ചിരുന്നു .
ട്രെയിൻ ഓടി തുടങ്ങിയപ്പോൾ അവരെനിക്ക് കൈ വീശി കാണിച്ചു യാത്ര പറഞ്ഞു അപ്പോൾ അവരുടെ കൈയിലെ മൊബൈലിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു . അവളും എന്നോട് യാത്ര പറയുന്നത് പോലെ തോന്നി !
ചേച്ചീ ഇതൊന്നുമല്ല ജീവിതത്തിലെ ദുഃഖങ്ങൾ ശരിക്കുള്ള ഒറ്റപ്പെടൽ എന്തെന്ന് ചേച്ചി അറിഞ്ഞിട്ടില്ല 
എന്നെന്നെ പറഞ്ഞാശ്വസിപ്പിക്കുന്ന വെളുത്ത് കൊലുന്നനെയുള്ള ആ പെണ്‍കുട്ടി ! കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറഞ്ഞ് സങ്കടപ്പെട്ട് കരയുന്ന എന്റെ കൈ തലോടി ചെറുപുഞ്ചിരിയോടെ എന്നെ ആശ്വസിപ്പിക്കുന്ന ദിയ !
കടലോളം നൊമ്പരം ഉള്ളിലടക്കി എന്തോരം കണ്ണീരുരുക്കിയാവും അവളാ ചെറുപുഞ്ചിരി എനിക്കായ് കാത്തു വെച്ചത് ! എന്തെന്തു ദുഃഖങ്ങൾ അവൾ അനുഭവിച്ചിരിക്കണം എന്ത് മാത്രം ഒറ്റപ്പെടൽ അനുഭവിച്ചിരിക്കണം അവളീ ലോകത്ത്..ഒന്നുമൊന്നും അവളെന്നെ അറിയിച്ചില്ല. എന്നും എനിക്കായി ഒരു പുഞ്ചിരി കാത്തു വെച്ചു . എന്റെ ഇത്തിരി പോന്ന സങ്കടമുറിവുകളിൽ കുഞ്ഞിളം കാറ്റാവാനായ്..ദിയ എന്ന ആ പെണ്‍കുട്ടി !

തീണ്ടാരി പൂവുകൾ പൂക്കുന്ന പെണ്ണുടലുകൾ മൂന്നാം ഭാഗം

( മൂന്നു ഭാഗങ്ങൾ ആയാണിത് പോസ്റ്റ്‌ ചെയ്യുന്നത്...തെരണ്ട് കല്യാണത്തിനു (വയസ്സറിയിക്കൽ ) മുമ്പ് അമ്മയും ഞാനുമെങ്ങനെയായിരുന്നു എന്നാണ് ആദ്യ പോസ്റ്റിൽ ...രണ്ടാം ഭാഗം, തീണ്ടാരി
പൂവുകൾ പൂത്ത എന്നുടലിന്റെ ആധികളും വിഹ്വലതകളുമാണ്.. അതിനെ തുടർന്നുള്ള ചടങ്ങും വിശേഷങ്ങളും ആണ് മൂന്നാമത്തെയും അവസാനത്തെയും ആയ ഈ ഭാഗത്തിൽ..മൂന്നു ഭാഗങ്ങളും വായിക്കുമെന്ന് കരുതുന്നു )
****************
" ഇതെന്താണെന്നല്ലേ ചോദിച്ചെ നിന്നോട് ? "
ചോര പടർന്നിട്ട്‌ കഴുകിയിട്ടും പോവാതെ ഒടുവിൽ കറ അവശേഷിച്ച പാവാട എനിക്ക് നേരെ നീട്ടി കൊണ്ടമ്മ ചോദിച്ചു
ഞാൻ വെപ്രാളത്തോടെ പറഞ്ഞു
" ആ അത് കളിക്കുമ്പോ കൈ മുറിഞ്ഞപ്പോ ആയതാ "
ഉം !
അമ്മ സംശയത്തോടെ എന്നെ ഒന്ന് നോക്കി .
എവിടെ നിന്നോ പെട്ടെന്ന് ഒരു ധൈര്യം കിട്ടിയത് പോലെ തോന്നി ..ഒരു നിമിഷം ചിന്തിച്ചു.. പറഞ്ഞാലോ ?
"അത് കൈ മുറിഞ്ഞേന്റ്യാ പക്ഷെ ഇപ്പൊ ... ഇപ്പോം ചോരിണ്ട് "
ഞാൻ തല കുനിച്ചു .അമ്മക്ക് എന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ കാര്യം മനസ്സിലായെന്നു തോന്നുന്നു. അത് കൊണ്ട് തന്നെ കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ വേഗം അടുത്ത വീട്ടിലെ ഷെരീഫുമ്മയെ വിളിക്കാനോടി. ഉമ്മ എന്നോട് ചോദിച്ചപ്പോൾ ഞാൻ മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു പക്ഷെ അന്ന് രാവിലെയാണ് സംഭവിച്ചത് എന്ന മട്ടിലാണ് ഞാൻ പറഞ്ഞത് .
ഷെരീഫുമ്മ ചിരിയോടെ എന്റെ കവിളിൽ തട്ടി .
" ഇനിയൊക്കെ അമ്മ പറഞ്ഞു തരും കേട്ടോ നീ പേടിക്കണ്ട "
അവരുടെ ചിരിയും സംസാരവുമൊക്കെ കണ്ടപ്പോൾ അത്ര പേടിക്കേണ്ടാത്ത എന്തോ ആണെന്ന് മനസ്സിലായി അത് തന്നെ എനിക്ക് വലിയ ആശ്വാസമായിരുന്നു . അമ്മ വീടിനടുത്തുള്ള അച്ഛൻ പെങ്ങളെ വരുത്തി അമ്മായിയാണ് എനിക്ക് പിന്നെയുള്ള എല്ലാം കാര്യങ്ങളും പറഞ്ഞു തന്നത് . അപ്പോഴൊക്കെ അമ്മ അല്പം നാണത്തോടെ എന്നെയും നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാനൊരു ദീർഘനിശ്വാസം വിട്ടു . തൂക്കി കൊല്ലാൻ വിധിച്ച ഒരാള് തൂക്കുമരത്തിന്നടുത്തു വെച്ചു വധശിക്ഷ നിർത്തലാക്കിയ വാർത്ത അറിഞ്ഞപ്പോൾ തോന്നിയ അതേ ആശ്വാസം . ആഹ്ലാദം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു. ചുറ്റുമുള്ള ലോകത്തിനു ഭംഗിയും മിഴിവും കൂടിയത് പോലെ തോന്നി .. .എന്തായാലും അസുഖമല്ലല്ലോ ..ഞാൻ മരിച്ചു പോവില്ലല്ലോ ഈ രണ്ടു കാര്യങ്ങൾ അറിഞ്ഞതിലുള്ള സന്തോഷം അടക്കാനേ ആയില്ല.
" ഇനി മൂന്നു ദിവസത്തേക്ക് സ്കൂളിൽ പോവണ്ടാ നീയാ മുറിയിൽ പോയിരിക്ക് ഞാനങ്ങോട്ടു വരാം "
അമ്മ എന്നെ വടക്കേലെ മുറിയിലാക്കി .കട്ടിലിലേക്ക് കയറാനൊരുങ്ങിയപ്പോൾ അത് വേണ്ട പുല്പായ വിരിച്ചു തരാം അവിടിരിക്ക് ന്നായി..നിലത്തെങ്കിൽ നിലത്ത് പായേലെങ്കിൽ പായേല് എനിക്കപ്പോൾ അതൊന്നും ഒരു വിഷയമേ ആയി തോന്നിയതേയില്ല.വേണമെങ്കിൽ മുറ്റത്തെ മണ്ണിൽ കിടക്കാൻ പറഞ്ഞാൽ അതുമപ്പോൾ ചെയ്യുമായിരുന്നു.
മുറിയിലെ മൂലയിൽ വിരിച്ച പുല്പായയിൽ ഞാനിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു .
" എവ്ടെ അവള് ? "
" ആ മുറീലുണ്ട് ങ്ങള് അങ്ങോട്ട്‌ പോയ്‌ നോക്കിക്കോളീ "
അമ്മയും വന്നു അച്ഛന്റെ കൂടെ ..രണ്ടാളും വാതിലിന്റെ അടുത്തു നിന്നും എത്തി നോക്കി .അവരുടെ മുഖത്തെ നാണം കണ്ടപ്പോൾ എനിക്ക് ചിരിയാണ്‌ വന്നത്. മുപ്പത്തിയൊന്നു വയസ്സുള്ള ഒരമ്മയും മുപ്പത്തിയേഴു വയസ്സുള്ള ഒരച്ഛനും പരസ്പരം നോക്കി പുഞ്ചിരിച്ചും നാണിച്ചും മകള് വലിയ കുട്ടിയായ സത്യം ഉൾക്കൊള്ളാനാവാതെ ഇടയ്ക്കിടെ മുറിയുടെ വാതിൽക്കൽ വന്നെത്തി നോക്കി കൊണ്ടിരുന്നു .
അപ്പോഴൊക്കെ ഞാൻ ഉള്ളിൽ ചിരിച്ചു പശൂം ചത്തു മോരിലെ പുളിയും പോയി ..ന്നിട്ടാപ്പോ ..എനിക്കന്നു നാലാം നാൾ ആയിരുന്നു . അവരുടെ കണ്ണിൽ ആദ്യ ദിവസവും !
തലശ്ശേരിയിൽ ഇതൊക്കെ വീട്ടിലുള്ള ആണുങ്ങൾ പോലും അറിയാതെ കടന്നു പോവുന്ന ദിനങ്ങൾ ആണെങ്കിലും കോഴിക്കോടൊക്കെ കൃത്യമായ ചിട്ടവട്ടങ്ങൾ ഒപ്പിച്ചുള്ള ചടങ്ങുകളുണ്ട്..അമ്മ വീട് കോഴിക്കോട് ആയതു കൊണ്ട് ചടങ്ങുകൾ ആ നാട്ടുരീതിക്ക് അനുസരിച്ചാവാം എന്ന് തീരുമാനിക്കുന്നതും കേട്ട് കൊണ്ട് ഞാനിരുന്നു .ഇടയ്ക്കിടെ അനിയത്തി വാതിൽക്കൽ വന്ന് കൌതുകത്തോടെ നോക്കി. അവൾക്ക് അത്ഭുതമായിരുന്നിരിക്കണം ഞാനിങ്ങനെ അടങ്ങിയൊതുങ്ങി മിണ്ടാതെ ഇരിക്കുന്നത്.
" ഏച്ച്യെ..തീരെ വയ്യാ ല്ലേ സുഖല്ല്യാന്നു അമ്മ പറഞ്ഞു "
" ഉം സുഖല്ല്യാ നീ പോയ്‌ കളിച്ചോട്ടോ "
ഉച്ചക്ക് ചോറുമായി അമ്മ വന്നപ്പോൾ ചോദിക്കാൻ ചില സംശയങ്ങൾ ഞാൻ ഓർത്തു വെച്ചിട്ടുണ്ടായിരുന്നു .
" ന്തോക്ക്യാ ചടങ്ങേള് ? "
" ഡീ നിനക്കോർമ്മല്ല്യെ സിനിയുടെ തെരണ്ട് കല്യാണം ?? പന്തലൊക്കെ ഇട്ടിട്ടു കല്യാണം പോലെ നടത്തീത് ഓർമ്മല്ല്യെ ? നമ്മളന്നു മോതിരല്ലേ കൊടുത്തെ ഓൾക്ക്‌ "
ഒഹ്ഹ് അത് ശരി ! അപ്പൊ അന്ന് സിനിചേച്ചീടെ വീട്ടില് നടന്ന ചടങ്ങ് ഇതായിരുന്നല്ലേ ? 
കണ്‍‍മുന്നിൽ കാണുന്നത് പോലെ ആ ദിവസത്തെ ഓരോ സംഭവങ്ങളും തെളിഞ്ഞു . അമ്മേടെ മൂത്ത ചേച്ചീടെ മോൾ ആണ് സിനി ചേച്ചി . ഇച്ചേച്ചീടെ വീട് കോഴിക്കോട് ജില്ലയിലെ പട്ടർപാലം എന്ന സ്ഥലത്താണ് . സ്കൂൾ ഇല്ലാത്ത ദിവസമായതു കൊണ്ട് എന്നെയും കൂട്ടിയിരുന്നു അവിടെ പോവുമ്പോൾ. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഇച്ചേച്ചിയെ കുളിപ്പിക്കാനായി മഞ്ഞളെണ്ണ തേപ്പിച്ചു കുളക്കടവിലെക്ക് പോവുകയായിരുന്നു . വല്യ മാമിയും ജയെളേമ്മയും പിന്നെ അടുത്തുള്ള രണ്ടു സ്ത്രീകളും കൂടി. വാശി പിടിച്ചപ്പോൾ എന്നെയും കൂടെ കൂട്ടി . ഒരു പറമ്പിന് അപ്പുറത്താണ് കുളം . കടവിൽ എത്തിയപ്പോൾ ചെക്കന്മാര് കുളിക്കുന്നുണ്ടായിരുന്നു . ജയെളേമ്മ വിളിച്ചു പറഞ്ഞു,
" തീണ്ടാരി പെണ്ണിന് കുളിക്കണം ഒക്കെ വേഗം കുളിച്ചു കേറ്യാട്ടെ "
ജയെളേമ്മ അങ്ങനെയാ അമ്മേടെ ഇളയ അനുജത്തിയാ പക്ഷെ അമ്മയെ പോലൊന്നുമല്ല ഉശിരുള്ള പെണ്ണാ വെട്ടി തുറന്നങ്ങ് പറയും .
" സിനീടെ കുഞ്ഞി കല്യാണാ ല്ലേ അമ്മ പറഞ്ഞീനി ഇന്നലെ കുപ്പായം വാങ്ങി കൊണ്ടേരുന്ന കണ്ടിരുന്നു ഇവക്ക് കൊടുക്കാനായി .."
മുന്നിലെ വീട്ടിലെ വിന്വേട്ടൻ അതും പറഞ്ഞ് സോപ്പ് വേഗം വേഗം തേച്ചു വെള്ളത്തിലേക്ക് ഊളിയിട്ട് ഒന്ന് മുങ്ങി പൊങ്ങി കയറി പോയി . ബാക്കിള്ള ചെക്കന്മാരും വേഗം കയറി ..
ഇച്ചേച്ചി പിറുപിറുത്തു കൊണ്ട് ഇളേമ്മയെ നോക്കി 
" ങ്ങളെ തൊള്ള അടങ്ങിരിക്കൂല ല്ലേ നാട്ടാരോടു മുഴ്വോനും വിളിച്ച് കൂവിക്കോ "
"പോടീ ഇതൊക്കെ എല്ലോട്ത്തിലും ള്ളതല്ലേ .."
അപ്പോഴൊന്നും എനിക്ക് കാര്യം മനസ്സിലായിരുന്നില്ല . ജയെളേമ്മയോട്‌ ചോദിയ്ക്കാൻ പേടി തോന്നി 
വേണ്ടാത്ത കാര്യം ചോദിക്കുന്നു ന്നും പറഞ്ഞ് ചില്ലറ നുള്ളലൊന്നുമല്ല കിട്ടിയത് .
ഇച്ചേച്ചി കൈതക്കാടിന്റെ മറവുള്ള സ്ഥലത്തിരുന്നു കുളിച്ചു . അതിനു മുൻപ് കിടന്ന പായയും വിരിപ്പും മൂന്ന് ദിവസത്തെ ഡ്രെസ്സും അലക്കി വെച്ചിരുന്നു .വല്യമാമി കുളത്തിൽ നിന്നും വെള്ളം കൈകുമ്പിളിൽ എടുത്തു അലക്കി വെച്ചതിലൊക്കെ കുടഞ്ഞു. അപ്പോഴത്തെ ഭാവം കണ്ടാൽ പുണ്യാഹമാണ് തളിക്കുന്നതെന്നു തോന്നും.
കടവത്തു നിന്നും ഇത്തിരി മാറിയിരുന്നു ഇച്ചേച്ചിയെ അണിയിച്ചൊരുക്കി . പൂവും കൂടി വെച്ച് കഴിഞ്ഞപ്പോൾ കല്യാണ പെണ്ണിനെ പോലെ തോന്നിച്ചു . പിന്നെ എല്ലാരും കൂടി വീട്ടിലേക്ക് മടങ്ങി. വല്യമാമി കുട ചൂടിച്ചിരുന്നു ഇച്ചേച്ചിയെ അതും കണ്ടപ്പോൾ മഹാറാണിയും പരിവാരങ്ങളും നടക്കുന്നത് പോലെ തോന്നി . 
അവിടെ വരെ ഓർമ്മയെത്തിയപ്പോൾ ആണ് ഞാനൊരു കാര്യം ചിന്തിച്ചത് .
കുളത്തിൽ കുളിക്കുന്ന കാര്യം !
അതിനിപ്പോ എന്താ ചെയ്യാ ഇവിടെ അടുത്തൊന്നും കുളമില്ലാ. പിന്നെ അൽപ ദൂരത്തുള്ള എരഞ്ഞോളി പുഴയിൽ പോവണം .ന്നാലും സാരല്ല്യ ചടങ്ങൊക്കെ ഭംഗിയായി നടക്കണം ആരൊക്കെ എന്തൊക്കെ കൊണ്ട് വരുമോ ആവോ . സിനിചേച്ചിക്ക് മോതിരം കൊടുത്തത് കൊണ്ട് മൂത്തമ്മ കുറഞ്ഞത്‌ ഒരു മോതിരമെങ്കിലും തരുമായിരിക്കും . പിന്നെ മാമന്മാരും സ്വർണ്ണം തരാതിരിക്കില്ല . ഞാൻ കിടന്നോണ്ടു കണക്കു കൂട്ടലുകൾ നടത്തി . മുറിയുടെ മൂലക്ക് നിന്നും ഒരു കടലാസ് പെൻസിൽ കിട്ടിയിരുന്നു അത് കൊണ്ട് ചുമരിൽ എഴുതി വെച്ചു. ആരൊക്കെ എന്തൊക്കെ തരാൻ സാധ്യത ഉണ്ടെന്ന് .എന്തായാലും 7-8 കുപ്പായം പുത്യേത് കിട്ടും .മിഡിയായാൽ മത്യാരുന്നു .പാവാടേം ബ്ലൗസും രണ്ടെണ്ണം ഇരുന്നോട്ടെ ..മാലയും വളയുമൊക്കെ കിട്ടുമായിരിക്കും . ചുമരിലെ നീണ്ട ലിസ്റ്റും നോക്കി ഞാൻ കിടന്നു.
ഇടക്ക് അനിയൻ വന്നു ജനവാതിലിനുള്ളിലൂടെ കല്ലെറിഞ്ഞു. ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ ഏന്തി വലിഞ്ഞു ജനലഴിയും പിടിച്ചു കൊണ്ട് അവനും അച്ഛൻ പെങ്ങളുടെ മോൻ ജിത്തുവും .
" ന്താടീ നിനക്ക് പകരുന്ന സൂക്കേട് ആണെന്ന് അമ്മ പറഞ്ഞു ന്താ നിനക്ക് "
" പോടാ പകരൊന്നൂല്ല്യാ അമ്മ വെർതെ പറയാ എനിക്ക് കൊത്തംകല്ല് പെറുക്കി തര്വോ ഞാനിവിടിരുന്നു കളിച്ചോളാം ബോറടിക്കുന്നു എനിക്ക് "
" വേണ്ട വേണ്ട ഞാൻ എടുത്തരൂല അകത്തിരുന്നു കളിച്ചിട്ട് വേണം വീടിനുള്ളില് കടം കയറാൻ "
അനിയൻ സമ്മതിച്ചില്ല .ജിത്തുവും ശരി വെച്ചു
" ആ അത് ശര്യാ അമ്മീം പറഞ്ഞീനി അങ്ങനെ.. ങ്ങളവിടെ മിണ്ടാതെ കുത്തിര്ന്നോ "
എനിക്ക് സങ്കടം വന്നു !
" ഡാ എന്തേലും കളിക്കാൻ കൂട്ട് ന്നേം "
അനിയൻ എന്നെ തന്നെ നോക്കി ജനലഴിയും പിടിച്ച് ഒരു നിമിഷം നിന്നു.
" ഡീ കര്യണ്ടാ ഒരൈഡിയ ണ്ട് ഞാൻ പ്പോ വരാം "
അൽപ സമയം കഴിഞ്ഞപ്പോൾ അവൻ വന്നു ഒരു പാട്ടയിൽ സോപ്പ് പൊടി കലക്കി ജിത്തുവിന്റെ കൈയിൽ കൊടുത്തു. പിന്നെ പപ്പായ തണ്ടിന്റെ ഒരു വശം സോപ്പ് വെള്ളത്തിൽ മുക്കിയ ശേഷം മറുവശം എനിക്ക് നേരെ നീട്ടി ,
" ഊതെടീ "
" ഹായ് ഇത് നല്ലൈഡിയ "
ഞാൻ മെല്ലെ ഊതി സോപ്പ് കുമിള വലുതായി.
അപ്പോഴേക്കും അമ്മമ്മ കണ്ടു പോയി
" ഹോ അസത്തുക്കളെ ഓടിനെടാ രണ്ടും "
രണ്ടാളും ജനൽപിടി വിട്ടോടി 
എനിക്ക് ദേഷ്യം വന്നു
" ങ്ങക്ക് അവിടെ ഒരു പണീമില്ല്യെ ഇടയ്ക്കിടെ ന്തിനാ ങ്ങോട്ട്‌ ഓടി വരുന്നേ "
അമ്മമ്മ ചിരിച്ചു കൊണ്ട് എന്നെ തൊടാതെ ശ്രദ്ധിച്ച് പായയുടെ അടുത്തിരുന്നു .
" ന്തിനാ ചിരിക്കുന്നെ ? "
" ഉം ഒന്നുല്ല്യാ നെന്റെയീ മറുതല പറച്ചിലൊക്കെ നിർത്തിക്ക്യൊ അതാ നെനക്ക് നല്ലേ ,ഇനി ഇത്തിരി അടക്കോം ഒതുക്കോമൊക്കെ ശീലിച്ചോ "
" ഓഹ്ഹ് ങ്ങള് അങ്ങോട്ട്‌ മാറിയിരുന്നു ചിരിച്ചോളീ എനിക്ക് കിടക്കണം "
" നീയിതു കുടിക്ക് ന്നിട്ട് കിടന്നോ "
എന്തോ പേരറിയാത്ത ഒരു നാട്ടുമരുന്നു ആണ് .കുടിക്കുമ്പോൾ കുടല് മറിഞ്ഞു വരുന്നത് പോലെ തോന്നും
" ഹൌ ഇതെനീം തീർന്നില്ല്യെ ന്ത് ത്തൊരു ടേസ്റ്റ് ആണിതിന് .ഇത്തിരി മധുരം ഇട്ടൂടെ "
ഞാൻ മുഖം ചുളിച്ചു
" ഡീ മരുന്നാ ഇത് , ഉള്ള്ശക്തിക്കാ നാഡീഞരമ്പുകൾക്കൊക്കെ ബലംണ്ടാവും കണ്ണും പൂട്ടി വലിച്ചങ്ങു കുടിച്ചോ "
അതിന്റെ രുചി എഴുതിയോ പറഞ്ഞോ അറിയിക്കാനാവില്ല അത് കുടിക്കുന്ന ആളുടെ മുഖഭാവം കാണുമ്പോൾ മാത്രമേ മനസ്സിലാവൂ രുചി !
ഇതൊക്കെ ഇത്ര വൃത്തികെട്ട രുചിയിൽ ആക്കിയെടുക്കാൻ ആരോക്കെയാണാവോ അടുക്കളയിൽ കിടന്ന് പാടുപെടുന്നെ ... 
അമ്മ ഇടക്ക് വരും സാനിറ്ററി നാപ്കിൻ കൊണ്ട് തരാനായി അത് വാങ്ങിക്കുമ്പോൾ ഞാൻ നെടുവിർപ്പിടും ഹോ രണ്ടു ദിവസം മുൻപിത്‌ കിട്ടിയിരുന്നെങ്കിൽ . ഓരോ തവണയും നാപ്കിൻ കളയുമ്പോൾ അവയെന്നെ നോക്കി പല്ലിളിച്ചു ഇതിപ്പോ ന്തിനാ നീയെന്നെ ഉടുത്തെ ?? എന്ന് ചോദിക്കുന്നത് പോലെ...ഒരു നാപ്കിനിൽ പോലും രക്തക്കറ പുരണ്ടിരുന്നില്ല ! 
അങ്ങനെ വിരസമായ മൂന്നു ദിവസങ്ങൾ കഴിഞ്ഞു . 
നാലാം ദിവസമായി ...
ഇന്നാണ് ചടങ്ങുകൾ രാവിലെ തന്നെ എന്നെ എഴുന്നേൽപ്പിച്ചു മാമിയും അച്ഛൻ പെങ്ങളും കൂടി എണ്ണയൊക്കെ തേപ്പിച്ചു .ഒരു മുണ്ട് കൊണ്ട് എന്നെ പുതപ്പിച്ചു .
" നടക്ക് കുളിമുറിയിലേക്ക് "
" ങേ കുളിമുറീലോ ?? അല്ലാ കുളത്തിലാ പോണ്ടത്‌ "
" കുളത്തിലോ ? അതിനിവിടെവിടാ കുളം ?"
" ഇല്ല്യേല് ന്നെ പൊഴേല് കൊണ്ട് പോ "
" എരഞ്ഞോളി പൊഴേലോ "
മാമി കണ്ണ് മിഴിച്ചു
" അയ്നെന്താ ന്നെ അങ്ങോട്ട്‌ കൊണ്ടോയാ മതി "
" കുഞ്ഞാളേടത്ത്യെ ങ്ങളൊന്നു ങ്ങോട്ട്‌ വരീ ഇവള് പറയുന്നെ കേക്കീ "
ന്താ ...അമ്മ ഓടി വന്നു
" ഇവക്ക് പൊഴേല് കുളിക്കണോലെ "
" പൊഴേലോ നീയെന്താടീ എരുമ്യോ പൊഴേല് കുളിക്കണം പോലെ ഓൾക്ക് .. മിണ്ടാതെ പോയ്ക്ക്യോ ഇവരുടെ കൂടെ കുളിമുറീൽക്ക്‌ "
അമ്മ കലി തുള്ളി !
" ന്നാ ന്നെ കാർത്തിയമ്മയുടെ പറമ്പിലെ കൊളത്തിലേക്ക് കൊണ്ട് പോവരുതോ "
" മിണ്ടാതെ നടന്നോ നീ നുള്ളി തോലെടുക്കും ഞാൻ "
അമ്മ പല്ലിറുമ്മി. എനിക്ക് കരച്ചില് വന്നു ഇതെന്തു ചടങ്ങാ കുളിമുറീന്നു കുളിപ്പിക്കാനാണോ രണ്ടാള് താലപ്പൊലിയുമായി പിറകെ ? എനിക്കെന്താ ഒറ്റയ്ക്ക് കുളിക്കാൻ അറിയാഞ്ഞിട്ടാണോ ..
ഞാൻ കരഞ്ഞു കൊണ്ടാണ് കുളിമുറിയിലേക്ക് പോയത് . അവരെന്നെ ഇഞ്ചയൊക്കെ തേച്ച് കുളിപ്പിച്ചു.
കുളി കഴിഞ്ഞു എന്നേം ഒരുക്കി സിനി ചേച്ചിയെ ഒരുക്കിയ പോലെ ..
പാവാടയും ബ്ലൗസും ഇടീപ്പിച്ചു തത്ത കൂട് കമ്മൽ ആയിരുന്നു മാമി തന്നത് . അതൊക്കെ ഇട്ടു പൂവൊക്കെ ചൂടിയപ്പോൾ എനിക്ക് അല്പം നാണമൊക്കെ തോന്നി . അന്നേരം വരെ എനിക്ക് നാണമൊന്നും തോന്നിയിട്ടില്ലായിരുന്നു. എന്നെ കണ്ടു മറ്റുള്ളവർ നാണിച്ചെന്നല്ലാതെ .
രണ്ടു പേരും കൂടി എന്നെ വീടിന്റെ മുൻവശത്ത് കൊണ്ട് വന്ന് നിർത്തി അപ്പോൾ കോലായിലേക്ക് അമ്മയും മൂത്തമ്മമാരും നിലവിളക്കും കിണ്ടിയുമായി വന്നു .വിളക്ക് മാമി വാങ്ങിച്ചു വെള്ളം നിറച്ച ഓട്ടുകിണ്ടി എന്റെ കൈയിൽ തന്നു . എനിക്കോർമ്മയുണ്ടായിരുന്നു ഇച്ചേച്ചി ചെയ്തത് . മുമ്പേ വിളക്കുമായി മാമിയും പിറകിൽ ഞാനും എനിക്കും പിറകിലായി മൂത്തമ്മെം നടന്നു . വീടിന്റെ ഓരോ മൂലക്കെത്തുമ്പോഴും കിണ്ടി ചെരിച്ചു അല്പം വെള്ളം വീഴ്ത്തി കൊണ്ടിരുന്നു . അങ്ങനെ 3 വട്ടം ഞങ്ങൾ പുര ചുറ്റി മുൻവശത്ത്‌ വന്നു .ഒരു നിമിഷം നിന്നതിനു ശേഷം പറമ്പിലേക്ക് നടന്നു ഓരോ മരങ്ങളും എന്നെ കൊണ്ട് തൊടീച്ചു..
മരങ്ങളും ചെടികളുമെല്ലാം തൊട് 
അമ്മമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു .അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീട് മാസക്കുളി സമയത്ത് ഇവയൊക്കെ തൊട്ടാൽ മരത്തിനു ദോഷമാണ് പോലും . പിന്നെ ഞങ്ങളൊക്കെ വീടിനകത്തേക്ക് കയറി . ഒരു കസേരയിൽ എന്നെയിരുത്തി . അനിയത്തി അത്ഭുതത്തോടെ . എന്റെ മുന്നില് വന്നു നിന്നു. അണിഞ്ഞൊരുങ്ങിയത് കണ്ടിട്ടാവണം എന്നെ തൊട്ടു നോക്കി പാവാടയൊക്കെ തലോടി പൂവൊക്കെ പിടിച്ചു നോക്കി .
എനിക്ക് ദേഷ്യം വന്നു
"പോടീ അതൊന്നും വെടക്കാക്കല്ലെ ഇപ്പൊ വിരുന്നാര് വരും എന്നെ കാണാൻ "
ഞാനാകെ സന്തോഷത്തിലായിരുന്നു .ചുമരിൽ എഴുതി വെച്ച സമ്മാന കണക്കുകൾ എന്റെ മനസ്സില് തെളിഞ്ഞു .ഇപ്പൊ ഓരോരുത്തരായി വരും ആഗ്രഹിച്ചത്‌ ഒക്കെ കിട്ടുമല്ലോ .ഓർത്തപ്പോൾ സന്തോഷം അടക്കാനായില്ല .
കുറച്ചു കഴിഞ്ഞപ്പോഴേക്കും ബന്ധുക്കൾ എത്തി തുടങ്ങി ആരും ഒട്ടും മോശമാക്കിയില്ല വിചാരിച്ചതിനേക്കാൾ കൂടുതൽ സമ്മാനങ്ങൾ കിട്ടി . ഞാൻ ഏകദിന റാണിയായ് ഞെളിഞ്ഞിരുന്നു . 
അല്പം കൂടെ കഴിഞ്ഞപ്പോൾ എന്നെ നടുവിലകത്തേക്ക് വിളിച്ചു . ചെന്ന് നോക്കുമ്പോൾ വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു കിണ്ടിയും പറയുമൊക്കെ അടുത്ത് തന്നെയുണ്ട്‌ . വിളക്കിന് എതിരായിട്ട പലകയിൽ എന്നെ ഇരുത്തി. അതിനു ശേഷം കുഞ്ഞു കുഞ്ഞു മണ്‍ചട്ടിയിൽ ചോറും കറികളും പായസവും എല്ലാം നിറച്ചു കൊണ്ട് വന്നു ഓരോന്നായി മേൽക്കു മേൽ വെച്ച് .ഉറിയിൽ അടുക്കി വെക്കുന്നത് പോലെ ..ചട്ടികൾ വീണു പോവാതെ മുകളറ്റം ഞാനും അടിഭാഗത്തെ ചട്ടി മാമിയും പിടിച്ചു പിന്നെ എന്റെ നേർക്കു മാമിക്ക് നേർക്കും മൂന്നാലു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നീക്കി .ഇതെന്തു കളിയാ ഞാൻ അമ്പരന്നു ആരോട് ചോദിക്കാനാ ഒക്കെ കണക്കാ .
അത് കഴിഞ്ഞപ്പോൾ മുറത്തിൽ കുറെ പൊതിക്കെട്ടുകളുമായി അമ്മ വന്നു .
മുറമെടുത്തോന്നു ചേറി.. എന്നിട്ട് താഴെ വെച്ച് ഏതെങ്കിലും ഒരു പൊതി എടുക്കാൻ പറഞ്ഞു .
ഞാനെടുത്ത പൊതി തുറന്നു നോക്കിയപ്പോൾ അരി കണ്ടു .
" ഹാവൂ സമാധാനം തിന്നാൻ മുട്ടുണ്ടാവില്ല ഒരു കാലത്തും "
അമ്മമ്മ ചിരിച്ചു കൊണ്ടെന്റെ തലയിൽ കൈ വെച്ചനുഗ്രഹിച്ചു .പിന്നെ എല്ലാവരും എന്നെ അനുഗ്രഹിച്ചു .
"ഇനി എഴുന്നേറ്റോ ന്നിട്ട് ചോറ് തിന്ന് "
അമ്മ എന്റെ കൈ പിടിച്ചു .എഴുന്നേറ്റു ഞാനമ്മയുടെ മുഖത്തേക്ക് നോക്കി 
എന്തെടീ ...
അമ്മ ചിരിച്ചു കൊണ്ടെന്റെ കൈ പിടിച്ചു മെല്ലെ തഴുകി
" ഏയ്‌ ഒന്നുല്ല്യാമ്മേ വെറുതെ .."
ഞാനും ചിരിച്ചു .അമ്മ കൈ മാത്രമല്ലാ മനസ്സും തൊടുന്നത് പോലെ തോന്നി .ഇത് പോലെ ഒരിക്കലും സമാധാനത്തോടെ ചിരിച്ചു കൊണ്ടമ്മ എന്നോട് സംസാരിച്ചിട്ടില്ല ഞാനതിനു ഒരവസരവും കൊടുത്തിട്ടില്ല എന്നത് വേറെ സത്യം .അമ്മ
ഒരുപാട് മാറിയത് പോലെ തോന്നി..
ഇപ്പോൾ ശരിക്കും അമ്മയായത് പോലെ !! എന്ത് കൊണ്ടോ അമ്മയുടെ കൂടെയിരുന്നു ചോറ് തിന്നാൻ തോന്നി ..കഴിക്കുമ്പോൾ ഇടക്ക് ഞാൻ അമ്മയെ നോക്കി .
" തിന്നു കഴിഞ്ഞിട്ട് നീ പോയ്ക്ക്യോ കളിക്ക്യാൻ ..രണ്ടു മൂന്നു ദിവസായിട്ട് അതിന്റുള്ളിൽ ഇരുന്നിട്ട് മടുത്തിട്ടുണ്ടാവും ല്ലേ "
അത് കേട്ടപ്പോൾ കളിക്കാനൊന്നും പോവാനല്ല അമ്മയോട് ചേർന്നിരിക്ക്യാനാ എനിക്ക് തോന്നിയത് .മുമ്പെങ്ങുമില്ലാത്ത വിധം ഒരു സുരക്ഷിതബോധം എനിക്ക് അനുഭവപ്പെട്ടു .അമ്മയുണ്ട് കൂടെ എല്ലാത്തിനും എന്ന തോന്നൽ എനിക്ക് വല്ലാത്തൊരു ധൈര്യമേകി..
ആ ദിവസങ്ങളിലാണ് ഞാനമ്മയോട്‌ കൂടുതൽ അടുത്തു തുടങ്ങിയത് ..പിന്നീട് ഓരോ സങ്കടങ്ങളിലും ആദ്യം തെളിയുന്ന മുഖം അമ്മയുടെതായി മാറിയത് ആ ദിവസത്തിനു ശേഷമായിരുന്നു ..
മനസ്സ് കൊണ്ട് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടക്കുന്ന കുഞ്ഞായി വീണ്ടും മാറിയതും...ഇന്നോളവും ഏറ്റവും സുഖമുള്ള വാക്കും സാന്നിധ്യവുമായി അമ്മ മാറിയതും അന്ന് മുതലാണ്‌ ...ഒരു പെണ്‍കുട്ടിയിൽ നിന്നും പെണ്ണിലേക്കുള്ള മാറ്റം, ജീവിതത്തിലെ ഒരുപാട് തിരിച്ചറിവുകളുടെ നീണ്ട യാത്രയുടെ തുടക്കം ...എന്നെ ചേർത്തു നിർത്തിയ അമ്മയുടെ കൈയുടെ ഇളം ചൂടുള്ള പടവുകളിലൂടെയായിരുന്നു ...