Author

Tuesday, January 19, 2016

രേവന്തക്കെന്നോട് പ്രണയമായിരുന്നില്ല മൂന്നാം ഭാഗം

പിറ്റേന്ന് ട്രെയിനിൽ വെച്ച് രേവന്തയെ കണ്ടപ്പോൾ അവളെന്നെ നോക്കി ചിരിച്ചു. എനിക്ക് നേരെ എതിരെയുള്ള സീറ്റിലായിരുന്നു അവളിരുന്നത്.ഞാൻ നീലു ചേച്ചിയെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു അവൾക്ക് മനസ്സിലായെന്നു തോന്നുന്നു പിന്നെ സംസാരിക്കാമെന്നാണെന്ന് !
" എന്താടീ കഥകളി ? "
ചേച്ചി അപ്പോഴേക്കും കണ്ടു പോയി
" ഉം ഒന്നുല്ല്യ " ഞാൻ തല കുനിച്ചു
" ഞാൻ സീരിയസ്സായി പറയുകയാ ഇത് നല്ലതിനല്ല ഇതൊരു ആപത്തിലേ ചെന്നവസാനിക്കൂ . അമിത പ്രാധാന്യവും സ്നേഹവുമാണ് നീയിവൾക്ക് നൽകുന്നതെന്ന് പല പ്രാവശ്യം പറഞ്ഞു എത്ര പറഞ്ഞിട്ടും മനസ്സിലാവാത്തതു പോലെ നീ നടിക്കുകയാണ് . ഒടുക്കം എന്തെങ്കിലും ദുരന്തത്തിൽ ഇത് ചെന്നെത്തും അപ്പോഴേ നീ പഠിക്കൂ "
എന്റെ മനസ്സിൽ ഭീതിയുടെ ഒരു ചെറുവിത്ത് വീണു . എന്താ എല്ലാവരും ഇങ്ങനെ തന്നെ പറയുന്നത് ഇവളോട്‌ മിണ്ടുന്നത് കൊണ്ട് എന്താപത്താണ് ഉണ്ടാവുക ?
" എന്തായാലും ഇനി ഞാനിതേ കുറിച്ച് നിന്നോട് പറയില്ല നിനക്ക് തോന്നിയത് പോലെ ചെയ്യ്‌ "
ഞാൻ കണ്ണടച്ചു ചാരി കിടന്നു എന്നെ തന്നെ നോക്കി കൊണ്ട് സ്നേഹം നിറഞ്ഞ രണ്ടു കണ്ണുകൾ നേരെ മുന്നിലുണ്ട് എന്നെനിക്കറിയാമായിരുന്നു . ആ സമയത്ത് നീലു ചേച്ചിയെ വീണ്ടും ദേഷ്യം പിടിപ്പിക്കേണ്ടെന്നു കരുതി മാത്രം ഞാൻ കണ്ണ് തുറന്നേയില്ല
" നീയുറങ്ങിയോ ? ദേ അടുത്തത്‌ നമ്മുടെ സ്റ്റേഷനാണ് "
ചേച്ചി എന്നെ വിളിച്ചു .ഞാൻ വേഗം കണ്ണ് തുറന്നു നോട്ടം വീണത്‌ രേവയുടെ മുഖത്തേക്കാണ് .ഞാനൊന്ന് നോക്കുക പോലും ചെയ്യാത്തത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ മുഖം വല്ലാതായിരിക്കുന്നു .ഞാനൊന്നു പുഞ്ചിരിച്ചു. നിലാവുദിച്ചതു പോലെ അവളുടെ മുഖം തെളിഞ്ഞു .സ്റ്റേഷനിൽ ഞങ്ങൾ ഇറങ്ങിയപ്പോൾ അവളും കൂടെ ഇറങ്ങി ഞാനൊന്നമ്പരന്നു .
" ദീദി എന്റെ ഓഫീസ് ഇങ്ങോട്ട് ഷിഫ്റ്റ്‌ ആയി "
" ആണോ ആഹാ എവിടെയാ ?"
" ഞാൻ പോവുന്നു നീയെപ്പോഴെങ്കിലും വാ" 
ദേഷ്യത്തോടെ എന്നെയൊന്നമർത്തി നോക്കി കൊണ്ട് നീലു ചേച്ചി മുന്നോട്ടു നടന്നു . 
രേവന്ത അവളുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബിൽഡിംഗ് പറഞ്ഞു തന്നു .
" ങേ അത് എന്റെ ഓഫീസിന്റടുത്താണല്ലോ "
" ആണോ ? എന്നാൽ പിന്നെ എനിക്കും വരാലോ നിങ്ങളുടെ കൂടെ അല്ലെ ദീദി ? "
ഞാനൊന്നും മിണ്ടാതെ ചേച്ചി പോയ വഴിയിലേക്ക് കണ്ണുകൾ പായിച്ചു .
രേവക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു
" അല്ലേൽ വേണ്ട അല്ലേ ദീദി എപ്പോഴെങ്കിലുമൊക്കെ കാണാം "
" ഉം " ഞാൻ ആലോചിച്ചു കൊണ്ട് നടന്നു .എന്ത് ചെയ്യും ഓഫീസിൽ അല്ലെങ്കിൽ തന്നെ എല്ലാവരും രേവയുടെ കാര്യം പറഞ്ഞെന്നോട് വഴക്കാണ് ഇനിയിതും കൂടിയറിഞ്ഞാൽ ..
സ്റ്റേഷനിൽ നിന്നും പത്തു മിനിറ്റ് നടക്കാനുണ്ട് ഓഫീസിലേക്ക് . ഞങ്ങൾ ഒരുമിച്ചു നടന്നു
" ദീദി ഒരു കാര്യം ചോദിക്കാൻ മറന്നു മുറുക്ക് എല്ലാവർക്കും ഇഷ്ടമായോ ? "
" ങേ " ഞാനൊന്ന് ഞെട്ടി നീലു ചേച്ചിയുടെ മുഖം മനസ്സിൽ തെളിഞ്ഞു
" നിന്നോട് എത്ര പറഞ്ഞാലും കേൾക്കില്ല ആ ഹിജഡയോട് കൂട്ട് കൂടരുതെന്ന്..."
" അതെ എല്ലാവർക്കും
ഇഷ്ടമായി ഓഫീസിൽ തികഞ്ഞില്ല രേവാ "
ഞാൻ പണിപ്പെട്ട് ചിരിച്ചു.
" ഉം ദീദി ഒന്നെന്നെ നോക്ക് "
" എന്താ രേവാ "
അവളെന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് ചിരിച്ചു
" ദീദിക്ക് ഇഷ്ടമായല്ലോ അത് മതിയെനിക്ക് "
അവൾ ഊഹിച്ചിട്ടുണ്ടാവും സംഭവിച്ചത് .
പിന്നീട് ഞങ്ങൾ അതേ കുറിച്ചൊന്നും സംസാരിച്ചില്ല.
പിന്നെ അത് പതിവായി. സ്റ്റേഷൻ ഇറങ്ങിയാൽ അവളും ഞാനും ഒരുമിച്ചു നടക്കും നീലു ചേച്ചി ആദ്യമേ പോവും .
ഒരാഴ്ച കഴിഞ്ഞപ്പോൾ ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചേച്ചി ചോദിച്ചു
" നിനക്കറിയാമോ ആ ഹിജഡയുടെ ഓഫീസ് ? "
എനിക്കമർഷം തോന്നിയെങ്കിലും ഞാൻ മനസ്സിലടക്കി
" കേട്ടിട്ടുണ്ട് ആ ബിൽഡിംഗ് "
" ഏതു ബിൽഡിംഗ് നീയന്നു പറഞ്ഞതോ? അത് വിട് അവള് ജോലി ചെയ്യുന്ന സ്ഥലമാ ഞാൻ ചോദിച്ചത് "
" അവിടെ തന്നെയാ ചേച്ചീ അവൾ ജോലി ചെയ്യുന്നേ "
" ഡീ നീയിത്ര വിഡ്ഢിയായി പോയല്ലോ അവൾ ആ ഓഫീസിലൊന്നുമല്ല ജോലി ചെയ്യുന്നത് "
" പോ ചേച്ചി ഓരോന്ന് പറയാതെ ഞാൻ കാണുന്നതല്ലേ അവൾ പോവുന്നത് "
" എന്നാ ശരി നാളെ നീയീ ബിൽഡിംഗിലേക്ക് കടന്നു കഴിഞ്ഞാൽ ഒന്ന് നോക്കണം അവളെങ്ങോട്ടാ പോവുന്നതെന്ന് "
ഞാൻ അമ്പരപ്പോടെ ചേച്ചിയെ നോക്കി എന്താണ് പറഞ്ഞു വരുന്നത് ?
" എന്താ പറഞ്ഞിട്ട് വിശ്വാസമായോ "
ഓഫീസ് ബോയ്‌ ചോദിക്കുന്നത് കേട്ടു ചേച്ചിയോട് .
" ഏയ്‌ എവിടെ വിശ്വസിക്കാൻ ? നാളെ നേരിട്ട് കാണുമ്പോൾ വിശ്വസിച്ചോളും ! "
പിറ്റേന്ന് പതിവ് പോലെ ഞാനെന്റെ ഓഫീസിന്റെ ഗേറ്റ് കടന്നു അല്പം നടന്ന ശേഷം തിരിഞ്ഞു നോക്കി എന്നെ തന്നെ നോക്കി കൊണ്ട് രേവ റോഡിൽ നിൽക്കുന്നത് കണ്ടു .
ഞാൻ കൈവീശി കാണിച്ചപ്പോ അവളും കൈ വീശി അല്പം മുന്നോട്ടു നടന്ന് ഞാനൊന്നു കൂടെ നോക്കി 
സ്റ്റേഷനിലേക്ക് തിരിച്ചു നടക്കുന്ന രേവന്ത !
ഞാൻ ഞെട്ടി പോയി ! പിന്നെന്തിനാണിവൾ എന്നോട് കള്ളം പറഞ്ഞത് ? പിന്നീടുള്ള രണ്ടു ദിവസവും അത് തന്നെ ആവർത്തിച്ചു . എന്നെ അവിടം വരെ കൊണ്ട് വിട്ട ശേഷം സ്റ്റേഷനിലേക്ക് തന്നെ തിരിച്ചു നടക്കുന്ന രേവന്ത എനിക്കൊരു ചോദ്യ ചിഹ്നമായി തോന്നി തുടങ്ങി .അടുത്ത ദിവസം ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞു ഈ കാര്യം
" ഇതല്ലേ ഞാനീ പറയുന്നത് 
ഇവരുടെയൊക്കെ ജീവിതം നമ്മൾ കരുതുന്നത് പോലൊന്നുമല്ല അവളൊരു ഓഫീസിൽ ആണെന്ന് പറഞ്ഞല്ലോ എനിക്കുറപ്പാ അതും നുണയാ ഇവറ്റകൾക്കൊക്കെ ആര് ജോലി കൊടുക്കാനാ അതൊക്കെ വളരെ അപൂർവ്വമായേ സംഭവിക്കൂ നീയവൾ പറയുന്നത് മുഴുവൻ വിശ്വസിച്ചു അതാണ്‌ നിനക്ക് പറ്റിയ അബദ്ധം "
ഞാനാകെ ആശയക്കുഴത്തിലായി . ആര് പറയുന്നതാണ് ശരി ? രേവന്ത ഒരു തെറ്റ് ആയി മാറുകയാണോ ? ഈ പറയുന്നതും ചെയ്യുന്നതിന്റെയുമൊക്കെ പിറകിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുമോ ? അകാരണമായൊരു ഭയം എന്നെ പൊതിഞ്ഞു .
എനിക്കന്നു ഉറങ്ങാനേ കഴിഞ്ഞില്ല രേവന്ത എനിക്ക് മുന്നിൽ ചോദ്യങ്ങളുടെ നീണ്ട പട്ടിക തന്നെ നിരത്തി പലതിന്റെയും ഉത്തരം കണ്ടെത്താനാവാതെ ഞാൻ കുഴങ്ങി .എന്തായാലും കുറച്ചു നാളത്തേക്ക് മിണ്ടാൻ പോവണ്ട. നോക്കാമല്ലോ എന്താ സംഭവിക്കുന്നത് എന്ന് !
പിറ്റേന്ന് കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ നടന്നു അവളെന്നെ വിളിച്ചു .ഞാൻ നോക്കിയതേയില്ല അപ്പോഴും അവളോട്‌ പിണക്കമൊന്നും തോന്നിയിരുന്നില്ല വെറുതെ ഒരു പരീക്ഷണം, എന്റെ മൗനം അവളിൽ ഉണ്ടാക്കുന്ന പ്രതികരണം എന്തെന്നറിയണം അത്ര മാത്രം !
രണ്ടു മൂന്നു ദിവസം കഴിഞ്ഞു .അതിനിടയിൽ ഒരിക്കൽ പോലും ഞാനവളെ നോക്കിയത് കൂടിയില്ല .
" ദീദി പ്ലീസ് എനിക്കൊരു കാര്യം പറയാനുണ്ട് "
ഒരു ദിവസം വണ്ടിയിൽ നിന്നിറങ്ങിയ ഉടനെ അവളെന്റെ അടുത്തേക്ക് വന്നു
" എന്താ ? "
ഞാൻ താല്പര്യമില്ലാത്തത് പോലെ തിരക്കി
" ദീദി അടുത്ത ഞായറാഴ്ച എന്റെ റൂമിൽ വരുമോ ? "
" എന്ത് ? "
ഞാൻ ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി
" ഒരു കാര്യമുണ്ട് ദീദി പ്ലീസ് എന്തായാലും വരണം "
" എന്ത് കാര്യം നീ വഴി മാറ് ഞാൻ പോവട്ടെ "
എന്റെ ദേഹവും സ്വരവും ഒരുപോലെ വിറച്ചു
" ഒരു വിശേഷമുണ്ട് അത് കൊണ്ടാ നിങ്ങൾ എന്തായാലും .."
അവളതു പൂർത്തിയാക്കുന്നതിനു മുന്നേ ഞാൻ ശബ്ദമുയർത്തി ,
" രേവാ നീ പോ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ മേലിൽ എന്നോട് മിണ്ടരുത് "
" ദീദി ഇങ്ങനെയൊന്നും പറയല്ലേ ഞാനെല്ലാം വൈകുന്നേരം പറയാം "
" വേണ്ടാ എനിക്കൊന്നും കേൾക്കണ്ടാ ഒരുപാട് പേര് പറഞ്ഞതാ നിങ്ങളെ പോലുള്ളവരെ കുറിച്ചു് എന്നിട്ടും ഞാൻ നിന്നോട് എത്ര സ്നേഹത്തോടെയാ പെരുമാറിയത് ഒടുവിൽ നീയെന്നോട്‌ ചെയ്യുന്നതോ ? "
ഞാൻ അവളെ മറികടന്നു വേഗം മുന്നോട്ടു പോയി ഓഫീസിലേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഈ വൃത്തികെട്ടവൾക്കു വേണ്ടിയാണല്ലോ ഇത്ര നാളും ഞാൻ എല്ലാവരോടും വാദിച്ചത് എന്ത് ധൈര്യത്തിലാണ് അവളെന്നെ വിളിച്ചത് .എനിക്ക് നിയന്ത്രിക്കാനാവാത്ത ദേഷ്യവും സങ്കടവും വന്നു .
പിന്നീടുള്ള രണ്ടു ദിവസം ഞാൻ ലീവെടുത്തു വീട്ടില് തന്നെയിരുന്നു . മനസ്സാകെ അസ്വസ്ഥമായിരുന്നു .
പിറ്റേന്ന് സ്റ്റേഷനിൽ വെച്ചു തന്നെ അവളെ കണ്ടു എന്നെ കണ്ടതും ഓടിയെന്റെ അടുത്തേക്ക് വന്നു .
" ദീദി ..."
ഞാൻ വേഗം ട്രെയിനിൽ കയറി അവളെ ശ്രദ്ധിച്ചതേയില്ലാ...പിന്നെയും പല പ്രാവശ്യം അവളെന്നോട് മിണ്ടാൻ ശ്രമിച്ചു ഒരിക്കൽ പോലും ഞാൻ നിന്നു കൊടുത്തില്ല അവൾ പറയുന്നത് കേൾക്കാൻ.
ഒരു ദിവസം വൈകുന്നേരം ഞാനും നീലു ചേച്ചിയും കൂടി കൂൾ ഡ്രിങ്ക്സ് കുടിച്ചു കൊണ്ട് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു .പെട്ടെന്ന് ഞാൻ തിരിഞ്ഞപ്പോൾ എന്നെ തന്നെ നോക്കി കൊണ്ട് രേവന്ത നിൽക്കുന്നത് കണ്ടു 
കണ്ണുകൾ നിറഞ്ഞിരുന്നു ഞാൻ നോക്കിയപ്പോൾ അവൾ കൈകൂപ്പി ..എനിക്കെന്തു ചെയ്യണമെന്നു അറിയാതെയായി ഒരു നിമിഷം !
ഞാൻ വേഗം മുഖം തിരിച്ച് ചേച്ചിയുടെ അടുത്തേക്ക് നിന്നു. അപ്പോഴേക്കും ട്രെയിൻ വന്നു .ട്രെയിനിൽ കയറി കഴിഞ്ഞപ്പോൾ ഞാനവളെ നോക്കി ..നിറഞ്ഞ കണ്ണുകളോടെ..തൊഴു കൈകളോടെ തന്നെ അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു ..ദൂരെ രേവന്ത ഒരു പൊട്ടു പോലെ മായുന്നത്‌ വരെ ഞാൻ നോക്കി നിന്നു...അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാന കൂടികാഴ്ച !
( തുടരും )

No comments:

Post a Comment