Author

Tuesday, March 29, 2016

അഞ്ചാമത്തെ ഡയറി.. അവസാനത്തെയും (ഒന്നാം ഭാഗം )


കോളേജ് വെക്കേഷൻ തുടങ്ങിയാൽ എന്നെ കോഴിക്കോട്ടെ അമ്മായിയുടെ വീട്ടിലേക്ക് വിടണമെന്ന് അവരാദ്യമേ അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചിരുന്നു.അച്ഛന്റെ നേർപെങ്ങൾ അല്ല ഇളയച്ഛന്റെ മകളാണ് .ന്നാലും അച്ഛനവരോട് ഏറെ സ്നേഹവും ബഹുമാനവുമാണ്.
" എനിക്കിഷ്ടല്ല്യ അച്ഛാ അങ്ങോട്ട്‌ പോവാൻ ഞാൻ അമ്മമ്മേന്റെവിട്യാ പോവ്‌ന്നേ "
"അതല്ലെടീ ഏടത്തി ഒറ്റക്ക്യാത്രേ രവിയേട്ടൻ കോയമ്പത്തൂർക്ക് പോയിരിക്ക്യാ "
" അപ്പൊ ഞാനും അമ്മായീം മാത്രം ല്ലേ ഞാനില്ലേയില്ലാ ബോറടിച്ചു ചാവും "
" ഏതായാലും വിളിച്ചതല്ലേ ഒരാഴ്ച നിക്ക് പിന്നെന്തേലും പറഞ്ഞ് നിന്നെ ഞാനിങ്ങു കൂട്ടികൊള്ളാം "
" ഉം അങ്ങന്യാണേല് മാത്രം ഞാൻ സമ്മതിക്കാം "
സരോജമ്മായിക്കും രവിമാമനും മൂന്നു ആൺകുട്ടികളായിരുന്നു . ഇളയ മോൻ ഒരാക്സിഡന്റിൽ പെട്ട് മരണമടഞ്ഞു . ജിതൻ ചേട്ടന്റെ മരണത്തിനു ശേഷമാണ് ഇരുവീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവുണ്ടായത്..അമ്മായിയുടെ ബാക്കി രണ്ടു മക്കളും വിദേശത്താണ് .
ഞാൻ കണ്ടിട്ടേയില്ല ജിതേട്ടനെ . പറഞ്ഞു കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .പലരിൽ നിന്നും പല കഥകൾ കേട്ട് കേട്ട് ഒടുക്കം വ്യക്തമായ ഒരു കഥ മനസ്സിലാക്കാനാവാതെ പോയി ...അച്ഛൻ പറയാറുണ്ട്‌ അവനെ ഒരിക്കൽ പരിചയപ്പെട്ടവർ മറക്കില്ല വല്ലാത്തൊരു മൂർച്ചയാണ് അവന്റെ വാക്കുകൾക്ക്..സംസാരം കേൾക്കുമ്പോൾ നമുക്ക് ദേഷ്യം വരും എടുത്തുചാട്ടം കൂടുതലാ ഓരോന്നു ചെയ്യുന്നതിന് അവന്റെ ന്യായീകരണം കേട്ടാൽ ആർക്കും ഒരിക്കലും അംഗീകരിക്കനാവില്ല. എന്നാലും എല്ലാവർക്കുമവനെ വലിയ ഇഷ്ടമായിരുന്നു സംസാരം കേട്ടിരുന്നു പോവും എന്നൊക്കെ ..
ഒരു ഫോട്ടോ എങ്കിലും കാണാൻ ഒരുപാടാഗ്രഹിച്ചിരുന്നു .പക്ഷെ നിറം മങ്ങിയ ഒരു കുടുംബ ഫോട്ടോയിൽ കണ്ണ് മിഴിച്ചു നിൽക്കുന്ന ഒരു കുഞ്ഞു ട്രൗസർകാരനെ കണ്ട്‌ ജിതൻ എന്നു മന്ത്രിക്കാനേ ആയുള്ളൂ . മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ജിതേട്ടൻ എന്ന് പറയുമായിരുന്നെങ്കിലും അദ്ദേഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ ജിതൻ എന്നേ മനസ്സിൽ വരാറുള്ളൂ..ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും കാണില്ലെന്ന് അറിയാമായിരുന്നെങ്കിലും എന്ത് കൊണ്ടോ ജിതനെ കുറിച്ച് ഞാനിടക്കിടെ ഓർക്കാറുണ്ടായിരുന്നു. ഭ്രമിപ്പിക്കുന്ന എന്തോ ഒന്നാ ഓർമ്മകളിൽ നിറയാറുണ്ടായിരുന്നു.മുറചെക്കൻ എന്ന സ്ഥാനം നിഗൂഡമായി നൽകി നേർത്തൊരു ആഹ്ലാദത്തോടെ പലപ്പോഴും ജിതനുമായി ഞാൻ സംവദിച്ചു.. ഒറ്റക്കിരിക്കുന്ന വേളകളിൽ മനസ്സ് പലപ്പോഴും തീവ്രമായും ആഗ്രഹിച്ചിരുന്നു ഒരിക്കലെങ്കിലും ഒന്ന് കാണാൻ ആയിരുന്നെങ്കിലെന്ന്..
ഞാൻ എട്ടിൽ പഠിക്കുമ്പോഴായിരുന്നു ജിതന്റെ മരണം . വിവരമറിഞ്ഞ പാടെ അമ്മ പറഞ്ഞു കരഞ്ഞത് ഓർമ്മയുണ്ട്
" ന്തൊരു ജന്മമാ ..വല്ലാത്തൊരു ജീവിതായിരുന്നു അവന്റെത് ..എല്ലാരെയും ഉപേക്ഷിച്ച് ആ പെണ്ണിനേം കൊണ്ട് നാട് വിട്ടു ന്നിട്ടോ ,എന്നും വഴക്കും വക്കാണോം ഒടുക്കം അവളെ മദ്രാസില് വിട്ടു തനിയെ ഇങ്ങു പോന്നു. ന്നാലോ അവളെ ആരും ഒന്നും പറയാൻ സമ്മതിക്കൂല താനും എപ്പോഴും അവളെ ഓർത്ത് നടക്കും ന്നാ പിന്നെ ന്തിനാണാവോ പിണങ്ങീരുന്നെ.."
ഒഴുകിയിറങ്ങുന്ന കണ്ണീര് തുടച്ചും ഏങ്ങലടിച്ചും കരഞ്ഞ് ധൃതിയിൽ സാരിയുടെ ഞൊറി ശരിയാക്കി കൊണ്ട് അമ്മ പതം പറഞ്ഞു..
" ചെറ്യ വയസ്സല്ലേ ഓൾക്കും ന്ത് ചെയ്യും ആവോ ഒളിച്ചോട്മ്പോ ആ പെണ്ണിന് 17 ആയേ ഉണ്ടായിരുന്നുള്ളൂ ഈ ചെക്കനാണേൽ ഇരുപതും .എങ്ങനെയൊക്കെ ജീവിച്ചോ ആവോ മദ്രാസിൽ .. അന്നേ അഹമ്മതി ആയിരുന്നു ന്നിട്ടിപ്പോ ന്തായി .ഒടുക്കം ഇങ്ങന്യായില്ലേ .."
അച്ഛനത് കേട്ട് ദേഷ്യപ്പെട്ടു
" ഒന്ന് പോടീ തോന്ന്യാസം പറയാതെ ഒളിച്ചോടി പോയതോണ്ടാണോ ആക്സിഡന്റിൽ മരിച്ചേ "
" അതല്ലാ ഞാൻ പറഞ്ഞെ ആ പെണ്ണിന്റെ വീട്ടുകാരൊക്കെ അകന്നല്ലേ കഴിയുന്നെ ഇനിയാ പെണ്ണിനാരുണ്ട് ഇങ്ങനെയുള്ള സമയത്തല്ലേ വീട്ടുകാരും ബന്ധുക്കാരുമൊക്കെ വേണ്ടത് "
" ആ ചെക്കൻ മരിച്ചു കിടക്കുകയാ ..അവിടെ ചെന്നിട്ടു നീയിമ്മാതിരി വർത്താനം പറഞ്ഞേക്കരുത് ആദ്യേ പറയാം ഞാൻ "
" എനിക്കെന്താ അത്രക്കും ബോധല്ല്യെ ഇതിപ്പോ ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ "
" നീയൊന്നു മിണ്ടാതിരി എനിക്കറിയാത്തതൊന്നുമല്ലല്ലൊ ഈ സമയത്തല്ല ഇതൊക്കെ പറയേണ്ടത് വേഗം റെഡി ആവാൻ നോക്ക് ഉച്ചയാവുമ്പോഴേക്ക് ബോഡി എടുക്കും "
എല്ലാം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ അമ്മക്ക് പറയാനുണ്ടായിരുന്നത് അത്രേം ബിന്ദ്യ ചേച്ചിയെ കുറിച്ചായിരുന്നു
" ഹോ ചെറ്യൊരു പെണ്ണ് അതിനീ ഗതി വന്നല്ലോ ന്തോ ഭാഗ്യത്തിന് അവള്ടെ അച്ഛനും ഏട്ടന്മാരും വന്നിട്ടുണ്ട് അവര് കൊണ്ടോവും അവളെ "
കുറച്ച് നാൾ കഴിഞ്ഞറിഞ്ഞു ബിന്ദ്യചേച്ചി അവരുടെ വീട്ടിലേക്ക് പോയെന്ന്.പിന്നീട് അവരുടെ വിവരമൊന്നും ആരും പറഞ്ഞു കേട്ടില്ല . ജിതനും ബിന്ദ്യചേച്ചിയുമൊക്കെ നെടുവീർപ്പിന്റെയും കണ്ണീരിന്റെയും അകമ്പടിയാൽ ഓർമ്മിക്കുന്ന വാചകങ്ങളിൽ വീണ്ടും വീണ്ടും ജീവിച്ചും മരിച്ചും കൊണ്ടിരുന്നു.
****
ഞാനും അച്ഛനും ചെല്ലുമ്പോൾ അമ്മായി ഞങ്ങളേം കാത്തിരിക്കയായിരുന്നു
" ത്ര നേരായി ഞാൻ കോലായിലിരിക്കുന്നു ന്താടാ വൈക്യേ ? "
" ന്റെ ഏട്ത്ത്യെ ദൂരം എത്ര്യാ ചില്ലറയാണോ എപ്പോ പുറപ്പെട്ടതാ "
"നിനക്കിന്നു പോണോ രണ്ടീസം കഴിഞ്ഞിട്ട് പോയാ പോരെ "
" ഏയ്‌ അത് പറ്റില്ല ചോറ് തിന്ന ഉടനെ ഞാനിറങ്ങും ന്നാലെ രാത്രിയാവുമ്പോഴേക്ക് അങ്ങെത്തൂ "
അച്ഛൻ പോയി കഴിഞ്ഞപ്പോൾ ഞാനും അമ്മായീം തനിച്ചായി .കുറച്ചു നേരം ന്തൊക്ക്യോ ചോദിച്ചു അമ്മായി അടുത്തിരുന്നു. പിന്നെ സ്വെറ്റർ 
തുന്നാൻ തുടങ്ങി.
" ഇതാര്ക്കാ അമ്മായീ ഉണ്ടാക്കുന്നെ ? "
" ആര്ക്ക്വല്ല ഞാനിങ്ങനെ വെറുതെയിരിക്കുമ്പോൾ തുന്നുന്നതാ ആരേലും വന്നാലങ്ങു കൊടുക്കും അതേയ് അവിടെ റൂമില് ബുക്സ് ഉണ്ട് വേണേൽ എടുത്തു വായിച്ചോ "
ചെന്ന് നോക്കുമ്പോ നാലഞ്ചു മഹിളാരത്നവും വനിതയും ! വേറൊന്നും ചെയ്യാനില്ലാത്തതോണ്ട് അത് വായിച്ചു കിടന്നു ..പിറ്റേ ദിവസവും ഇത് തന്നെ പണി ..ഞാനെഴുന്നേറ്റു വരുമ്പോഴെക്ക് അമ്മായി ഒരുവിധം എല്ലാ പണിയും തീർത്തിട്ടുണ്ടാവും
" അല്ലമ്മായീ നിങ്ങളെപ്പോഴാ എണീക്കുന്നെ ? "
എനിക്കത്ഭുതം തോന്നി
" പുലർച്ചെ എണീറ്റ്‌ എല്ലാം ചെയ്തു പണ്ടേ ശീലായി പോയെടീ..."
ഉച്ചക്ക് ഞാൻ കോലായിലെ തൂണും ചാരിയിരിക്ക്യായിരുന്നു .അതിനിടെ ആ പുസ്തകങ്ങളൊക്കെ വായിച്ചു തീർന്നിരുന്നു .സമയം നീങ്ങുന്നേയുണ്ടായിരുന്നില്ല
" അമ്മായീ ഇന്യെന്തെലും ണ്ടോ വായിക്കാൻ ? "
" ഇനിപ്പോ ..നീയൊരു കാര്യം ചെയ്യ്‌ ജിതന്റെ റൂമിൽ നോക്ക് അവിടെ കുറേ പുസ്തകങ്ങൾ ഉണ്ട് "
ഇടനാഴിയുടെ അറ്റത്തായാണ് ജിതന്റെ മുറി ...മെല്ലെ മുറിക്കകത്ത് കയറി . മരിച്ചിട്ട് ആറു വർഷം കഴിഞ്ഞെങ്കിലും ജിതന്റെ മുറിയായി തന്നെ അവരതു സൂക്ഷിച്ചിട്ടുണ്ട് . മരത്തിന്റെ ഷെൽഫ് നിറയെ കുറെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു . ഞാനോരോന്നെടുത്തു മറിച്ചു നോക്കി ഇടക്ക് ഷെൽഫ് മുന്നോട്ടു വീഴാൻ ആഞ്ഞപ്പോൾ ഞാനത് താങ്ങി പിടിച്ചു . പെട്ടെന്ന് ചുമരിനും ഷെൽഫിനും ഇടയിൽ നിന്നായി ഒരു ബുക്ക്‌ ഊർന്നു വീണു . എടുത്തു നോക്കിയപ്പോൾ ഒരു ഡയറി ആണ് ..കൌതുകത്തോടെ ഞാനതെടുത്തു അതിന്മേൽ പറ്റിയ പൊടി പാവാട തുമ്പു കൊണ്ട് തുടച്ചു .അവിടെ ഒരു മേശയും തൊട്ടടുത്ത്‌ ഒരു കസേരയും കിടപ്പുണ്ടായിരുന്നു .ഞാനതിൽ ഇരുന്നു കൊണ്ട് സാവധാനം ഡയറി തുറന്നു ..
'അഞ്ചാമത്തെ ഡയറി '
ഭംഗിയില്ലാത്ത അക്ഷരങ്ങളാൽ കോറിയിട്ടിരിക്കുന്നു ! ഒരു നേർത്ത നടുക്കം എന്റെയുള്ളിൽ പിടഞ്ഞമർന്നു .ജിതന്റെ എഴുത്ത് !
ഞാനാ എഴുത്തിലൂടെ പതുക്കെ വിരലോടിച്ചു ..ജിതന്റെ വിരലുകൾ പതിഞ്ഞ ഇടം .. പറഞ്ഞറിയിക്കനാവാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ ..ആദ്യ പേജ് മറിച്ചു..
പേജിന്റെ അറ്റത്തു അടയാളപ്പെടുത്തിയ തീയതി കണ്ടപ്പോൾ ഒടുവിലായി എഴുതിയ ഡയറി ആണെന്ന് മനസ്സിലായി .എങ്കിലും അവസാന പേജിലെ തീയതി നോക്കി ഒന്ന് കൂടെ ഉറപ്പ് വരുത്തി.
അവിടെ കണ്ട ഒരു പേനയെടുത്ത് ജിതൻ എഴുതിയതിന്റെ കൂടെ ഒരു വാക്ക് കൂടെ എഴുതി ചേർത്തു..
അഞ്ചാമത്തെ ഡയറി
..അവസാനത്തെയും !
( തുടരും ...)