Author

Tuesday, January 19, 2016

ദിയ എന്ന ആ പെണ്‍കുട്ടി

ദിയ എന്ന പെണ്‍കുട്ടി
സ്വയം എരിയുമ്പോഴും മറ്റുള്ളവർക്ക് പ്രകാശം പരത്തുന്ന ചിരാതുകൾ ഒരുങ്ങി കഴിഞ്ഞു ..ദീപാവലിയെ വരവേൽക്കാൻ..അതു പോലൊരു ചിരാതിന്റെ കഥ പറയാം ഞാൻ..
ദിയ ! അവളുടെ പേര് യാഥാർത്ഥമല്ലാ എങ്കിലും ഒരു കുഞ്ഞു തിരിനാളം പോലെ വർഷങ്ങൾക്കു മുന്നേയുള്ളൊരു ദീപാവലിക്ക് എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന അവളെ ദിയ എന്ന് തന്നെ പേരിട്ട് വിളിക്കാം ! 
വിവാഹം കഴിഞ്ഞ് ഇവിടെയെത്തിയപ്പോൾ, ഭർത്താവിന്റെ വീട്ടുകാരെയല്ലാതെ ആരെയും പരിചയമില്ലാത്ത ഈ മഹാനഗരത്തിലെ എന്റെ ആദ്യ കൂട്ടുകാരിയായിരുന്നു അവൾ. ഓഫീസിൽ പോവാനായി എന്നും സ്ഥിരമായി കയറുന്ന ബസ്സിൽ എന്നെയും കാത്തു അവളുണ്ടാവുമായിരുന്നു .
എന്നെ കാണുമ്പോൾ പതുക്കെ പുഞ്ചിരിക്കും. മുംബൈയിൽ ജനിച്ചു വളർന്ന കുട്ടിയാണെങ്കിലും അതിന്റേതായ ഒരു പകിട്ടും അവളുടെ വസ്ത്രധാരണത്തിലോ ഒരുക്കത്തിലോ ഉണ്ടായിരുന്നില്ല . പലപ്പോഴും ഏതോ ദുരന്തകഥയിൽ നിന്നിറങ്ങി വന്നൊരു കഥാപാത്രത്തെ പോലെ തോന്നാറുണ്ടായിരുന്നു . എങ്കിലും വാ തോരാതെ നാടിനെകുറിച്ചും വീട്ടുകാരെയും കൂട്ടുകാരെയും കുറിച്ചൊക്കെ ഞാൻ പറയുമ്പോൾ അവൾ സാകൂതം കേട്ടിരിക്കും . അവൾക്കത് ഏറെ ഇഷ്ടവുമായിരുന്നു. ചിലപ്പോൾ പറഞ്ഞു പറഞ്ഞെന്റെ കണ്ണുകൾ നിറയും 
ഏയ്‌ ചേച്ചീ ..
എന്ന് മെല്ലെ പറഞ്ഞു കൊണ്ട് അരുതെന്ന് തല വെട്ടിച്ച് ഓർമ്മപ്പെടുത്തികൊണ്ടവൾ എന്റെ കൈ മെല്ലെ അമർത്തും ..എല്ലാവരെയും പിരിഞ്ഞ് ഇത്ര ദൂരം വരേണ്ടി വന്നതിന്റെ ഒറ്റപ്പെടലും വേദനയും അസഹ്യമായ ആ നാളുകളിൽ അവളെന്നെ എപ്പോഴും ആശ്വസിപ്പിച്ചു കൊണ്ട് പറയുന്നൊരു വാചകമുണ്ട്
" ചേച്ചീ ..ഇതൊന്നുമല്ലാ ജീവിതം ...ശരിക്കുള്ള വേദന..ഒറ്റപ്പെടൽ എന്തെന്ന് ചേച്ചി അറിഞ്ഞിട്ടില്ല അത് കൊണ്ടാണ് ഇത്തരം ചെറിയ സങ്കടങ്ങളിൽ ഇങ്ങനെ പതറി പോവുന്നത് "
നിസ്സംഗതയോടെ അവളത് പറയുമ്പോൾ എനിക്ക് ചിരി വരും . ഈ കൊച്ചു പെണ്ണാണോ ജീവിതത്തെ കുറിച്ച് ഈ വിധമൊക്കെ പറയുന്നത് !
ഒരിക്കൽ അവളുടെ കൂടെ മറ്റൊരു പെണ്‍കുട്ടിയേയും ഒരു മോളെയും കണ്ടു .
എനിക്ക് പരിചയപ്പെടുത്തി തന്നു .ഏടത്തിയമ്മയാണ് മലയാളിയല്ലാ യു പി ക്കാരിയാണ് എന്നൊക്കെ.. ഏട്ടനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്ന് രണ്ടു വാക്കുകളിൽ പറഞ്ഞു നിർത്തി ..
ഒരു ആക്സിഡന്റ്റ് ൽ പെട്ട് ഏട്ടനും അച്ഛനും മരിച്ചു അമ്മ അതോടെ കിടപ്പിലായി ഇപ്പോഴും അമ്മ കിടപ്പിലാണ് . അത് പറയുമ്പോൾ സങ്കടം കൊണ്ടാ മുഖം വലിഞ്ഞു മുറുകുന്നത് പോലെ തോന്നി . ഞാൻ തുടർന്നൊന്നും ചോദിച്ചില്ല .
പിന്നീട് ഞാൻ നാട്ടിലേക്ക് പോയ സമയത്ത് അവൾ ഓഫീസ് മാറി. തിരിച്ചു വന്നതിനു ശേഷം എനിക്കവളെ കാണാനേ ആയില്ലാ . ഫോണ്‍ നമ്പർ വാങ്ങാഞ്ഞതിനു ഞാനെന്നെ നൂറു വട്ടം ശപിച്ച നാളുകളായിരുന്നു അന്നൊക്കെ ..പിന്നെ ജീവിതത്തിലേക്ക് നന്നുമോൻ വന്നു ..തിരക്ക് നിറഞ്ഞ ദിനങ്ങളിലൂടെ കടന്നു പോവുമ്പോഴും ഇടക്കൊക്കെ ദിയയെ ഓർക്കുമായിരുന്നു. അവൾ എവിടെയായിരിക്കും എന്നെ മറന്നിട്ടുണ്ടാവുമോ എന്നൊക്കെ...
7 വർഷങ്ങൾ കടന്നു പോയി. ഒരിക്കൽ അവിചാരിതമായി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞാനൊരു സ്ത്രീയെ പരിചയപെട്ടു . സംസാരത്തിനിടെ മകനെ നഷ്ടമാകാനിടയായ കഥ എനിക്കവർ പറഞ്ഞു തന്നു.
മുംബൈയെ ..പ്രത്യേകിച്ച് മുംബൈ മലയാളികളെ നടുക്കിയ 'വസായ് കൂട്ടക്കൊല 'യെ കുറിച്ചായിരുന്നു അവരുടെ സംസാരം ! വസായ് എന്ന സ്ഥലത്ത് താമസിച്ചിരുന്ന അവരുടെ ചേച്ചിയുടെ കുടുംബമായിരുന്നു കൂട്ടക്കൊലക്കിരയായത് .ചേച്ചിയുടെ മകൻ ഒരു അന്യസംസ്ഥാനക്കാരിയെ പ്രണയിച്ച് വിവാഹം ചെയ്തു. അതിന്റെ പകയായി ആ പെണ്ണിന്റെ വീട്ടുകാർ പെട്ടെന്നൊരു ദിവസം ചേച്ചിയുടെ വീട്ടിൽ വന്നാക്രമിച്ചു . അന്നാ ദുരന്തത്തിൽ ഈ സ്ത്രീക്ക് നഷ്ടമായത് സ്വന്തം മകനും ചേച്ചിയുടെ മകനും ഭർത്താവും അടുത്ത വീട്ടിലെ ഒരു കുട്ടിയുമായിരുന്നു .ചേച്ചിക്കും മകൾക്കും പരിക്കേറ്റു .ചേച്ചിക്കായിരുന്നു മാരകമായി പരിക്കേറ്റത് അതോട് കൂടി ചേച്ചി കിടപ്പിലായി . ഒരുപാട് ദുരിതമനുഭവിച്ചൊടുവിൽ ആ പാവം മരിച്ചു . 
കൂട്ടക്കുരുതി നടക്കുമ്പോൾ മരുമകൾ ഗർഭിണിയായിരുന്നു പിന്നീട് അവൾ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു . കോളിളക്കം സൃഷ്ടിച്ച ദുരന്തമായതു കൊണ്ട് സർക്കാർ ഇടപെട്ടു മരുമകൾക്കൊരു ജോലി നൽകി. ചേച്ചിയുടെ മകളുടെ കാര്യമായിരുന്നു ഏറെ കഷ്ടം. ആ പെണ്‍കുട്ടി ഒറ്റപ്പെട്ടു പോയി ! ഇവർ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു . ഇപ്പോൾ അവൾക്ക് കല്യാണം ശരിയായി എന്ന് സന്തോഷത്തോടെ പറഞ്ഞവർ നിർത്തി.
അത്ര നേരം ഒരു ദുരന്ത കഥ കേട്ട് മനസ്സ് മടുത്തിരുന്ന എനിക്ക് അവസാന വാചകം ഒരാശ്വാസമേകി . ഞാനും പുഞ്ചിരിച്ചു . 
നിനക്ക് കാണണോ കല്യാണ പെണ്ണിനെ എന്നും പറഞ്ഞ് അവർ മൊബൈലിൽ ഉണ്ടായിരുന്ന ചേച്ചിയുടെ മകളുടെ ഫോട്ടോ എനിക്ക് നേരെ നീട്ടി.
വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഊഹിക്കാം ആരായിരിക്കും ആ ഫോട്ടോയിൽ ഉള്ളത് എന്ന് !
ഞാൻ വിറച്ചു പോയി .നടുക്കം വിട്ടു മാറാതെ അമ്പരന്നു അവരുടെ മുഖത്തേക്ക് നോക്കി . ദൂരെ നിന്നും ട്രെയിൻ വരുന്ന ശബ്ദം കേട്ടപ്പോൾ ആ സ്ത്രീ പെട്ടെന്നെഴുന്നേറ്റു യാത്ര പറഞ്ഞു നടന്നു . ആ കഥ പറയുന്നതിനിടെ 2-3 ട്രെയിൻ കടന്നു പോയിരുന്നു . തിടുക്കത്തിൽ ട്രെയിനിൽ കയറുന്ന അവരെ നോക്കി ഞാൻ മരവിച്ചിരുന്നു .
ട്രെയിൻ ഓടി തുടങ്ങിയപ്പോൾ അവരെനിക്ക് കൈ വീശി കാണിച്ചു യാത്ര പറഞ്ഞു അപ്പോൾ അവരുടെ കൈയിലെ മൊബൈലിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു . അവളും എന്നോട് യാത്ര പറയുന്നത് പോലെ തോന്നി !
ചേച്ചീ ഇതൊന്നുമല്ല ജീവിതത്തിലെ ദുഃഖങ്ങൾ ശരിക്കുള്ള ഒറ്റപ്പെടൽ എന്തെന്ന് ചേച്ചി അറിഞ്ഞിട്ടില്ല 
എന്നെന്നെ പറഞ്ഞാശ്വസിപ്പിക്കുന്ന വെളുത്ത് കൊലുന്നനെയുള്ള ആ പെണ്‍കുട്ടി ! കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറഞ്ഞ് സങ്കടപ്പെട്ട് കരയുന്ന എന്റെ കൈ തലോടി ചെറുപുഞ്ചിരിയോടെ എന്നെ ആശ്വസിപ്പിക്കുന്ന ദിയ !
കടലോളം നൊമ്പരം ഉള്ളിലടക്കി എന്തോരം കണ്ണീരുരുക്കിയാവും അവളാ ചെറുപുഞ്ചിരി എനിക്കായ് കാത്തു വെച്ചത് ! എന്തെന്തു ദുഃഖങ്ങൾ അവൾ അനുഭവിച്ചിരിക്കണം എന്ത് മാത്രം ഒറ്റപ്പെടൽ അനുഭവിച്ചിരിക്കണം അവളീ ലോകത്ത്..ഒന്നുമൊന്നും അവളെന്നെ അറിയിച്ചില്ല. എന്നും എനിക്കായി ഒരു പുഞ്ചിരി കാത്തു വെച്ചു . എന്റെ ഇത്തിരി പോന്ന സങ്കടമുറിവുകളിൽ കുഞ്ഞിളം കാറ്റാവാനായ്..ദിയ എന്ന ആ പെണ്‍കുട്ടി !

1 comment: