Author

Tuesday, January 19, 2016

ദൃഷ്ടി ദോഷം

ദൃഷ്ടി ദോഷം മാറാൻ ഉപ്പും മുളകും ഉഴിഞ്ഞിടുന്ന ഒരു പരിപാടിയില്ലേ 😄 
ന്താന്നറീല്ല എനിക്കത് ഭയങ്കര ഇഷ്ടാ. മുൻപൊക്കെ എന്തേലും അസുഖമൊക്കെ ആയാൽ അമ്മ സ്ഥിരം ചെയ്യുമായിരുന്നു . ഒരു കടലാസിൽ കല്ലുപ്പും കായ് മുളകും (കായ്മുളക് മൂന്ന് , അഞ്ച് അങ്ങനെ ഒറ്റസംഖ്യ എണ്ണമേ എടുക്കൂ ) കടുകും പിന്നെ ചൂലിന്റെ അറ്റത്തു നിന്നും പൊട്ടിച്ചെടുത്ത ഒരു കുഞ്ഞു കഷ്ണവും എല്ലാം കൂടെ പൊതിഞ്ഞ് മൂന്നു വട്ടം തല വഴി ദേഹം മൊത്തം സ്പർശിക്കാതെ ഉഴിയും
" കരിങ്കണ്ണന്മാരുടെ കണ്ണേറു ഒഴിഞ്ഞു പോട്ടെ !
കരിങ്കണ്ണൊക്കെ പൊട്ടി പോട്ടെ ! "
ഹോ ന്താല്ലേ മന്ത്രം 😨
എനിക്കത് കേൾക്കുമ്പോൾ മൈ ഡിയർ കുട്ടിച്ചാത്തനിൽ കൊട്ടാരക്കര മന്ത്രം ചൊല്ലുന്നത് ഓർമ്മ വരും 😨
അമ്മ ഏതോ മന്ത്രവാദിനിയെ പോലെ ജിംഭും ഭാ ന്നൊക്കെ പറഞ്ഞ് കൈയിലിരിക്കുന്ന പൊതി അടുപ്പിലെ തീയിലെക്കിടും 😱
പിന്നെയുള്ള പണി മണമുണ്ടോന്നു അറിയലാ മുളകിന്റെ എരിവു കലർന്ന മണം വന്നാൽ ദൃഷ്ടി ദോഷം മാറീന്നർത്ഥം ചിലപ്പോൾ മണമൊന്നുമുണ്ടാവില്ല അപ്പോൾ ഞാൻ പറയും
" കണ്ടോ കണ്ടോ അമ്മേ എന്തൊരു കണ്ണേറ് ആണല്ലേ എന്റെ മേല് "
" ഹും ശര്യാ ഹൗ ആരാണാവോ ഇങ്ങനെ കണ്ണ് വെച്ചത് "
ഞങ്ങളുടെ ഈ സംഭാഷണം കേൾക്കുമ്പോൾ അനിയന് വിറഞ്ഞു കയറും
" പിന്നേ ഇവളെ കണ്ണ് വെക്ക്യാ ഓര്ക്കൊന്നും വേറെ പണിയില്ലാഞ്ഞിട്ട്‌ ..അമ്മക്കെന്താ ഇവളീ പറയുന്നത് കേട്ട് ഓരോന്നും വിശ്വസിച്ചോളും "
" അല്ലേടാ നീ കണ്ടില്ലേ മുളകിന് മണമുണ്ടോ ? "
" നിങ്ങള് രണ്ടു മൂന്നു മാസം മുന്നേ വാങ്ങിച്ച മുളകല്ലേ ഇട്ടത് ഇനി ഉഴിയുമ്പോൾ എന്നോട് പറയ്‌ ഞാൻ കടേല് അപ്പൊ പോയി വാങ്ങി വരാം അതോണ്ട് ഉഴിഞ്ഞാൽ മതി "
"ഇവന് കുശുമ്പാ അമ്മേ 😏 എന്നെ കണ്ണ് വെക്കും എല്ലാരും.. ഇവനെ നോക്കൂല അതോണ്ടാ " 😜
" ഒഹ്ഹ് അമ്മാതിരി മോന്തേം കണ്ണ് വെക്ക്യാൻ 😏 ഹോ എനിക്കിവളുടെ ഇജ്ജാതി ഓരോ വർത്താനം കേൾക്കുമ്പോഴാ "😁
എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടാ ഉഴിഞ്ഞിടാൻ വേണ്ടി അമ്മക്ക് മുന്നില് നിന്ന് കൊടുക്കാൻ.. കണ്ണേറും കാതേറും ചാത്തനേറുമൊന്നും ഇല്ലെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല ന്നാലും ഒരു രസം ... ക്ഷീണമഭിനയിച്ച് അമ്മേടെ മുന്നില് നിൽക്കാൻ.. അമ്മ ഉഴിഞ്ഞിട്ട്‌ കഴിയുമ്പോൾ ഞാൻ പഴയതു പോലെ ഓടികളിക്കും . അമ്മയത് കാണുമ്പോൾ മേജർ ഓപറേഷൻ നടത്തി വിജയിച്ച ഡോക്ടർ രോഗിയെ നോക്കുന്ന പോലെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഒന്ന് നോക്കും ..അത് കാണാൻ നല്ല രസാ 
അതേയ് ഒരു രഹസ്യം കേൾക്കണോ ..കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ പുറത്തൊക്കെ പോയി ക്ഷീണിച്ചു വന്നു കോലായിൽ ഇരിക്കുമ്പോൾ അനിയൻ അമ്മയെ വിളിച്ചു പറയാ
" ഇത് നോക്ക്യമ്മെ ഇവൾക്കെന്തോ വല്ലായ്മ ങ്ങളൊന്നു ഉഴിഞ്ഞിട്ടോളീ കണ്ണേറെന്തേല്മുണ്ടേൽ പൊയ്ക്കോട്ടേ ! " ന്ന്

No comments:

Post a Comment