Author

Tuesday, January 19, 2016

തീണ്ടാരി പൂവുകൾ പൂക്കുന്ന പെണ്ണുടലുകൾ മൂന്നാം ഭാഗം

( മൂന്നു ഭാഗങ്ങൾ ആയാണിത് പോസ്റ്റ്‌ ചെയ്യുന്നത്...തെരണ്ട് കല്യാണത്തിനു (വയസ്സറിയിക്കൽ ) മുമ്പ് അമ്മയും ഞാനുമെങ്ങനെയായിരുന്നു എന്നാണ് ആദ്യ പോസ്റ്റിൽ ...രണ്ടാം ഭാഗം, തീണ്ടാരി
പൂവുകൾ പൂത്ത എന്നുടലിന്റെ ആധികളും വിഹ്വലതകളുമാണ്.. അതിനെ തുടർന്നുള്ള ചടങ്ങും വിശേഷങ്ങളും ആണ് മൂന്നാമത്തെയും അവസാനത്തെയും ആയ ഈ ഭാഗത്തിൽ..മൂന്നു ഭാഗങ്ങളും വായിക്കുമെന്ന് കരുതുന്നു )
****************
" ഇതെന്താണെന്നല്ലേ ചോദിച്ചെ നിന്നോട് ? "
ചോര പടർന്നിട്ട്‌ കഴുകിയിട്ടും പോവാതെ ഒടുവിൽ കറ അവശേഷിച്ച പാവാട എനിക്ക് നേരെ നീട്ടി കൊണ്ടമ്മ ചോദിച്ചു
ഞാൻ വെപ്രാളത്തോടെ പറഞ്ഞു
" ആ അത് കളിക്കുമ്പോ കൈ മുറിഞ്ഞപ്പോ ആയതാ "
ഉം !
അമ്മ സംശയത്തോടെ എന്നെ ഒന്ന് നോക്കി .
എവിടെ നിന്നോ പെട്ടെന്ന് ഒരു ധൈര്യം കിട്ടിയത് പോലെ തോന്നി ..ഒരു നിമിഷം ചിന്തിച്ചു.. പറഞ്ഞാലോ ?
"അത് കൈ മുറിഞ്ഞേന്റ്യാ പക്ഷെ ഇപ്പൊ ... ഇപ്പോം ചോരിണ്ട് "
ഞാൻ തല കുനിച്ചു .അമ്മക്ക് എന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ കാര്യം മനസ്സിലായെന്നു തോന്നുന്നു. അത് കൊണ്ട് തന്നെ കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ വേഗം അടുത്ത വീട്ടിലെ ഷെരീഫുമ്മയെ വിളിക്കാനോടി. ഉമ്മ എന്നോട് ചോദിച്ചപ്പോൾ ഞാൻ മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു പക്ഷെ അന്ന് രാവിലെയാണ് സംഭവിച്ചത് എന്ന മട്ടിലാണ് ഞാൻ പറഞ്ഞത് .
ഷെരീഫുമ്മ ചിരിയോടെ എന്റെ കവിളിൽ തട്ടി .
" ഇനിയൊക്കെ അമ്മ പറഞ്ഞു തരും കേട്ടോ നീ പേടിക്കണ്ട "
അവരുടെ ചിരിയും സംസാരവുമൊക്കെ കണ്ടപ്പോൾ അത്ര പേടിക്കേണ്ടാത്ത എന്തോ ആണെന്ന് മനസ്സിലായി അത് തന്നെ എനിക്ക് വലിയ ആശ്വാസമായിരുന്നു . അമ്മ വീടിനടുത്തുള്ള അച്ഛൻ പെങ്ങളെ വരുത്തി അമ്മായിയാണ് എനിക്ക് പിന്നെയുള്ള എല്ലാം കാര്യങ്ങളും പറഞ്ഞു തന്നത് . അപ്പോഴൊക്കെ അമ്മ അല്പം നാണത്തോടെ എന്നെയും നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാനൊരു ദീർഘനിശ്വാസം വിട്ടു . തൂക്കി കൊല്ലാൻ വിധിച്ച ഒരാള് തൂക്കുമരത്തിന്നടുത്തു വെച്ചു വധശിക്ഷ നിർത്തലാക്കിയ വാർത്ത അറിഞ്ഞപ്പോൾ തോന്നിയ അതേ ആശ്വാസം . ആഹ്ലാദം കൊണ്ടെന്റെ മനസ്സ് നിറഞ്ഞു. ചുറ്റുമുള്ള ലോകത്തിനു ഭംഗിയും മിഴിവും കൂടിയത് പോലെ തോന്നി .. .എന്തായാലും അസുഖമല്ലല്ലോ ..ഞാൻ മരിച്ചു പോവില്ലല്ലോ ഈ രണ്ടു കാര്യങ്ങൾ അറിഞ്ഞതിലുള്ള സന്തോഷം അടക്കാനേ ആയില്ല.
" ഇനി മൂന്നു ദിവസത്തേക്ക് സ്കൂളിൽ പോവണ്ടാ നീയാ മുറിയിൽ പോയിരിക്ക് ഞാനങ്ങോട്ടു വരാം "
അമ്മ എന്നെ വടക്കേലെ മുറിയിലാക്കി .കട്ടിലിലേക്ക് കയറാനൊരുങ്ങിയപ്പോൾ അത് വേണ്ട പുല്പായ വിരിച്ചു തരാം അവിടിരിക്ക് ന്നായി..നിലത്തെങ്കിൽ നിലത്ത് പായേലെങ്കിൽ പായേല് എനിക്കപ്പോൾ അതൊന്നും ഒരു വിഷയമേ ആയി തോന്നിയതേയില്ല.വേണമെങ്കിൽ മുറ്റത്തെ മണ്ണിൽ കിടക്കാൻ പറഞ്ഞാൽ അതുമപ്പോൾ ചെയ്യുമായിരുന്നു.
മുറിയിലെ മൂലയിൽ വിരിച്ച പുല്പായയിൽ ഞാനിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു .
" എവ്ടെ അവള് ? "
" ആ മുറീലുണ്ട് ങ്ങള് അങ്ങോട്ട്‌ പോയ്‌ നോക്കിക്കോളീ "
അമ്മയും വന്നു അച്ഛന്റെ കൂടെ ..രണ്ടാളും വാതിലിന്റെ അടുത്തു നിന്നും എത്തി നോക്കി .അവരുടെ മുഖത്തെ നാണം കണ്ടപ്പോൾ എനിക്ക് ചിരിയാണ്‌ വന്നത്. മുപ്പത്തിയൊന്നു വയസ്സുള്ള ഒരമ്മയും മുപ്പത്തിയേഴു വയസ്സുള്ള ഒരച്ഛനും പരസ്പരം നോക്കി പുഞ്ചിരിച്ചും നാണിച്ചും മകള് വലിയ കുട്ടിയായ സത്യം ഉൾക്കൊള്ളാനാവാതെ ഇടയ്ക്കിടെ മുറിയുടെ വാതിൽക്കൽ വന്നെത്തി നോക്കി കൊണ്ടിരുന്നു .
അപ്പോഴൊക്കെ ഞാൻ ഉള്ളിൽ ചിരിച്ചു പശൂം ചത്തു മോരിലെ പുളിയും പോയി ..ന്നിട്ടാപ്പോ ..എനിക്കന്നു നാലാം നാൾ ആയിരുന്നു . അവരുടെ കണ്ണിൽ ആദ്യ ദിവസവും !
തലശ്ശേരിയിൽ ഇതൊക്കെ വീട്ടിലുള്ള ആണുങ്ങൾ പോലും അറിയാതെ കടന്നു പോവുന്ന ദിനങ്ങൾ ആണെങ്കിലും കോഴിക്കോടൊക്കെ കൃത്യമായ ചിട്ടവട്ടങ്ങൾ ഒപ്പിച്ചുള്ള ചടങ്ങുകളുണ്ട്..അമ്മ വീട് കോഴിക്കോട് ആയതു കൊണ്ട് ചടങ്ങുകൾ ആ നാട്ടുരീതിക്ക് അനുസരിച്ചാവാം എന്ന് തീരുമാനിക്കുന്നതും കേട്ട് കൊണ്ട് ഞാനിരുന്നു .ഇടയ്ക്കിടെ അനിയത്തി വാതിൽക്കൽ വന്ന് കൌതുകത്തോടെ നോക്കി. അവൾക്ക് അത്ഭുതമായിരുന്നിരിക്കണം ഞാനിങ്ങനെ അടങ്ങിയൊതുങ്ങി മിണ്ടാതെ ഇരിക്കുന്നത്.
" ഏച്ച്യെ..തീരെ വയ്യാ ല്ലേ സുഖല്ല്യാന്നു അമ്മ പറഞ്ഞു "
" ഉം സുഖല്ല്യാ നീ പോയ്‌ കളിച്ചോട്ടോ "
ഉച്ചക്ക് ചോറുമായി അമ്മ വന്നപ്പോൾ ചോദിക്കാൻ ചില സംശയങ്ങൾ ഞാൻ ഓർത്തു വെച്ചിട്ടുണ്ടായിരുന്നു .
" ന്തോക്ക്യാ ചടങ്ങേള് ? "
" ഡീ നിനക്കോർമ്മല്ല്യെ സിനിയുടെ തെരണ്ട് കല്യാണം ?? പന്തലൊക്കെ ഇട്ടിട്ടു കല്യാണം പോലെ നടത്തീത് ഓർമ്മല്ല്യെ ? നമ്മളന്നു മോതിരല്ലേ കൊടുത്തെ ഓൾക്ക്‌ "
ഒഹ്ഹ് അത് ശരി ! അപ്പൊ അന്ന് സിനിചേച്ചീടെ വീട്ടില് നടന്ന ചടങ്ങ് ഇതായിരുന്നല്ലേ ? 
കണ്‍‍മുന്നിൽ കാണുന്നത് പോലെ ആ ദിവസത്തെ ഓരോ സംഭവങ്ങളും തെളിഞ്ഞു . അമ്മേടെ മൂത്ത ചേച്ചീടെ മോൾ ആണ് സിനി ചേച്ചി . ഇച്ചേച്ചീടെ വീട് കോഴിക്കോട് ജില്ലയിലെ പട്ടർപാലം എന്ന സ്ഥലത്താണ് . സ്കൂൾ ഇല്ലാത്ത ദിവസമായതു കൊണ്ട് എന്നെയും കൂട്ടിയിരുന്നു അവിടെ പോവുമ്പോൾ. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഇച്ചേച്ചിയെ കുളിപ്പിക്കാനായി മഞ്ഞളെണ്ണ തേപ്പിച്ചു കുളക്കടവിലെക്ക് പോവുകയായിരുന്നു . വല്യ മാമിയും ജയെളേമ്മയും പിന്നെ അടുത്തുള്ള രണ്ടു സ്ത്രീകളും കൂടി. വാശി പിടിച്ചപ്പോൾ എന്നെയും കൂടെ കൂട്ടി . ഒരു പറമ്പിന് അപ്പുറത്താണ് കുളം . കടവിൽ എത്തിയപ്പോൾ ചെക്കന്മാര് കുളിക്കുന്നുണ്ടായിരുന്നു . ജയെളേമ്മ വിളിച്ചു പറഞ്ഞു,
" തീണ്ടാരി പെണ്ണിന് കുളിക്കണം ഒക്കെ വേഗം കുളിച്ചു കേറ്യാട്ടെ "
ജയെളേമ്മ അങ്ങനെയാ അമ്മേടെ ഇളയ അനുജത്തിയാ പക്ഷെ അമ്മയെ പോലൊന്നുമല്ല ഉശിരുള്ള പെണ്ണാ വെട്ടി തുറന്നങ്ങ് പറയും .
" സിനീടെ കുഞ്ഞി കല്യാണാ ല്ലേ അമ്മ പറഞ്ഞീനി ഇന്നലെ കുപ്പായം വാങ്ങി കൊണ്ടേരുന്ന കണ്ടിരുന്നു ഇവക്ക് കൊടുക്കാനായി .."
മുന്നിലെ വീട്ടിലെ വിന്വേട്ടൻ അതും പറഞ്ഞ് സോപ്പ് വേഗം വേഗം തേച്ചു വെള്ളത്തിലേക്ക് ഊളിയിട്ട് ഒന്ന് മുങ്ങി പൊങ്ങി കയറി പോയി . ബാക്കിള്ള ചെക്കന്മാരും വേഗം കയറി ..
ഇച്ചേച്ചി പിറുപിറുത്തു കൊണ്ട് ഇളേമ്മയെ നോക്കി 
" ങ്ങളെ തൊള്ള അടങ്ങിരിക്കൂല ല്ലേ നാട്ടാരോടു മുഴ്വോനും വിളിച്ച് കൂവിക്കോ "
"പോടീ ഇതൊക്കെ എല്ലോട്ത്തിലും ള്ളതല്ലേ .."
അപ്പോഴൊന്നും എനിക്ക് കാര്യം മനസ്സിലായിരുന്നില്ല . ജയെളേമ്മയോട്‌ ചോദിയ്ക്കാൻ പേടി തോന്നി 
വേണ്ടാത്ത കാര്യം ചോദിക്കുന്നു ന്നും പറഞ്ഞ് ചില്ലറ നുള്ളലൊന്നുമല്ല കിട്ടിയത് .
ഇച്ചേച്ചി കൈതക്കാടിന്റെ മറവുള്ള സ്ഥലത്തിരുന്നു കുളിച്ചു . അതിനു മുൻപ് കിടന്ന പായയും വിരിപ്പും മൂന്ന് ദിവസത്തെ ഡ്രെസ്സും അലക്കി വെച്ചിരുന്നു .വല്യമാമി കുളത്തിൽ നിന്നും വെള്ളം കൈകുമ്പിളിൽ എടുത്തു അലക്കി വെച്ചതിലൊക്കെ കുടഞ്ഞു. അപ്പോഴത്തെ ഭാവം കണ്ടാൽ പുണ്യാഹമാണ് തളിക്കുന്നതെന്നു തോന്നും.
കടവത്തു നിന്നും ഇത്തിരി മാറിയിരുന്നു ഇച്ചേച്ചിയെ അണിയിച്ചൊരുക്കി . പൂവും കൂടി വെച്ച് കഴിഞ്ഞപ്പോൾ കല്യാണ പെണ്ണിനെ പോലെ തോന്നിച്ചു . പിന്നെ എല്ലാരും കൂടി വീട്ടിലേക്ക് മടങ്ങി. വല്യമാമി കുട ചൂടിച്ചിരുന്നു ഇച്ചേച്ചിയെ അതും കണ്ടപ്പോൾ മഹാറാണിയും പരിവാരങ്ങളും നടക്കുന്നത് പോലെ തോന്നി . 
അവിടെ വരെ ഓർമ്മയെത്തിയപ്പോൾ ആണ് ഞാനൊരു കാര്യം ചിന്തിച്ചത് .
കുളത്തിൽ കുളിക്കുന്ന കാര്യം !
അതിനിപ്പോ എന്താ ചെയ്യാ ഇവിടെ അടുത്തൊന്നും കുളമില്ലാ. പിന്നെ അൽപ ദൂരത്തുള്ള എരഞ്ഞോളി പുഴയിൽ പോവണം .ന്നാലും സാരല്ല്യ ചടങ്ങൊക്കെ ഭംഗിയായി നടക്കണം ആരൊക്കെ എന്തൊക്കെ കൊണ്ട് വരുമോ ആവോ . സിനിചേച്ചിക്ക് മോതിരം കൊടുത്തത് കൊണ്ട് മൂത്തമ്മ കുറഞ്ഞത്‌ ഒരു മോതിരമെങ്കിലും തരുമായിരിക്കും . പിന്നെ മാമന്മാരും സ്വർണ്ണം തരാതിരിക്കില്ല . ഞാൻ കിടന്നോണ്ടു കണക്കു കൂട്ടലുകൾ നടത്തി . മുറിയുടെ മൂലക്ക് നിന്നും ഒരു കടലാസ് പെൻസിൽ കിട്ടിയിരുന്നു അത് കൊണ്ട് ചുമരിൽ എഴുതി വെച്ചു. ആരൊക്കെ എന്തൊക്കെ തരാൻ സാധ്യത ഉണ്ടെന്ന് .എന്തായാലും 7-8 കുപ്പായം പുത്യേത് കിട്ടും .മിഡിയായാൽ മത്യാരുന്നു .പാവാടേം ബ്ലൗസും രണ്ടെണ്ണം ഇരുന്നോട്ടെ ..മാലയും വളയുമൊക്കെ കിട്ടുമായിരിക്കും . ചുമരിലെ നീണ്ട ലിസ്റ്റും നോക്കി ഞാൻ കിടന്നു.
ഇടക്ക് അനിയൻ വന്നു ജനവാതിലിനുള്ളിലൂടെ കല്ലെറിഞ്ഞു. ഞാൻ എഴുന്നേറ്റു നോക്കിയപ്പോൾ ഏന്തി വലിഞ്ഞു ജനലഴിയും പിടിച്ചു കൊണ്ട് അവനും അച്ഛൻ പെങ്ങളുടെ മോൻ ജിത്തുവും .
" ന്താടീ നിനക്ക് പകരുന്ന സൂക്കേട് ആണെന്ന് അമ്മ പറഞ്ഞു ന്താ നിനക്ക് "
" പോടാ പകരൊന്നൂല്ല്യാ അമ്മ വെർതെ പറയാ എനിക്ക് കൊത്തംകല്ല് പെറുക്കി തര്വോ ഞാനിവിടിരുന്നു കളിച്ചോളാം ബോറടിക്കുന്നു എനിക്ക് "
" വേണ്ട വേണ്ട ഞാൻ എടുത്തരൂല അകത്തിരുന്നു കളിച്ചിട്ട് വേണം വീടിനുള്ളില് കടം കയറാൻ "
അനിയൻ സമ്മതിച്ചില്ല .ജിത്തുവും ശരി വെച്ചു
" ആ അത് ശര്യാ അമ്മീം പറഞ്ഞീനി അങ്ങനെ.. ങ്ങളവിടെ മിണ്ടാതെ കുത്തിര്ന്നോ "
എനിക്ക് സങ്കടം വന്നു !
" ഡാ എന്തേലും കളിക്കാൻ കൂട്ട് ന്നേം "
അനിയൻ എന്നെ തന്നെ നോക്കി ജനലഴിയും പിടിച്ച് ഒരു നിമിഷം നിന്നു.
" ഡീ കര്യണ്ടാ ഒരൈഡിയ ണ്ട് ഞാൻ പ്പോ വരാം "
അൽപ സമയം കഴിഞ്ഞപ്പോൾ അവൻ വന്നു ഒരു പാട്ടയിൽ സോപ്പ് പൊടി കലക്കി ജിത്തുവിന്റെ കൈയിൽ കൊടുത്തു. പിന്നെ പപ്പായ തണ്ടിന്റെ ഒരു വശം സോപ്പ് വെള്ളത്തിൽ മുക്കിയ ശേഷം മറുവശം എനിക്ക് നേരെ നീട്ടി ,
" ഊതെടീ "
" ഹായ് ഇത് നല്ലൈഡിയ "
ഞാൻ മെല്ലെ ഊതി സോപ്പ് കുമിള വലുതായി.
അപ്പോഴേക്കും അമ്മമ്മ കണ്ടു പോയി
" ഹോ അസത്തുക്കളെ ഓടിനെടാ രണ്ടും "
രണ്ടാളും ജനൽപിടി വിട്ടോടി 
എനിക്ക് ദേഷ്യം വന്നു
" ങ്ങക്ക് അവിടെ ഒരു പണീമില്ല്യെ ഇടയ്ക്കിടെ ന്തിനാ ങ്ങോട്ട്‌ ഓടി വരുന്നേ "
അമ്മമ്മ ചിരിച്ചു കൊണ്ട് എന്നെ തൊടാതെ ശ്രദ്ധിച്ച് പായയുടെ അടുത്തിരുന്നു .
" ന്തിനാ ചിരിക്കുന്നെ ? "
" ഉം ഒന്നുല്ല്യാ നെന്റെയീ മറുതല പറച്ചിലൊക്കെ നിർത്തിക്ക്യൊ അതാ നെനക്ക് നല്ലേ ,ഇനി ഇത്തിരി അടക്കോം ഒതുക്കോമൊക്കെ ശീലിച്ചോ "
" ഓഹ്ഹ് ങ്ങള് അങ്ങോട്ട്‌ മാറിയിരുന്നു ചിരിച്ചോളീ എനിക്ക് കിടക്കണം "
" നീയിതു കുടിക്ക് ന്നിട്ട് കിടന്നോ "
എന്തോ പേരറിയാത്ത ഒരു നാട്ടുമരുന്നു ആണ് .കുടിക്കുമ്പോൾ കുടല് മറിഞ്ഞു വരുന്നത് പോലെ തോന്നും
" ഹൌ ഇതെനീം തീർന്നില്ല്യെ ന്ത് ത്തൊരു ടേസ്റ്റ് ആണിതിന് .ഇത്തിരി മധുരം ഇട്ടൂടെ "
ഞാൻ മുഖം ചുളിച്ചു
" ഡീ മരുന്നാ ഇത് , ഉള്ള്ശക്തിക്കാ നാഡീഞരമ്പുകൾക്കൊക്കെ ബലംണ്ടാവും കണ്ണും പൂട്ടി വലിച്ചങ്ങു കുടിച്ചോ "
അതിന്റെ രുചി എഴുതിയോ പറഞ്ഞോ അറിയിക്കാനാവില്ല അത് കുടിക്കുന്ന ആളുടെ മുഖഭാവം കാണുമ്പോൾ മാത്രമേ മനസ്സിലാവൂ രുചി !
ഇതൊക്കെ ഇത്ര വൃത്തികെട്ട രുചിയിൽ ആക്കിയെടുക്കാൻ ആരോക്കെയാണാവോ അടുക്കളയിൽ കിടന്ന് പാടുപെടുന്നെ ... 
അമ്മ ഇടക്ക് വരും സാനിറ്ററി നാപ്കിൻ കൊണ്ട് തരാനായി അത് വാങ്ങിക്കുമ്പോൾ ഞാൻ നെടുവിർപ്പിടും ഹോ രണ്ടു ദിവസം മുൻപിത്‌ കിട്ടിയിരുന്നെങ്കിൽ . ഓരോ തവണയും നാപ്കിൻ കളയുമ്പോൾ അവയെന്നെ നോക്കി പല്ലിളിച്ചു ഇതിപ്പോ ന്തിനാ നീയെന്നെ ഉടുത്തെ ?? എന്ന് ചോദിക്കുന്നത് പോലെ...ഒരു നാപ്കിനിൽ പോലും രക്തക്കറ പുരണ്ടിരുന്നില്ല ! 
അങ്ങനെ വിരസമായ മൂന്നു ദിവസങ്ങൾ കഴിഞ്ഞു . 
നാലാം ദിവസമായി ...
ഇന്നാണ് ചടങ്ങുകൾ രാവിലെ തന്നെ എന്നെ എഴുന്നേൽപ്പിച്ചു മാമിയും അച്ഛൻ പെങ്ങളും കൂടി എണ്ണയൊക്കെ തേപ്പിച്ചു .ഒരു മുണ്ട് കൊണ്ട് എന്നെ പുതപ്പിച്ചു .
" നടക്ക് കുളിമുറിയിലേക്ക് "
" ങേ കുളിമുറീലോ ?? അല്ലാ കുളത്തിലാ പോണ്ടത്‌ "
" കുളത്തിലോ ? അതിനിവിടെവിടാ കുളം ?"
" ഇല്ല്യേല് ന്നെ പൊഴേല് കൊണ്ട് പോ "
" എരഞ്ഞോളി പൊഴേലോ "
മാമി കണ്ണ് മിഴിച്ചു
" അയ്നെന്താ ന്നെ അങ്ങോട്ട്‌ കൊണ്ടോയാ മതി "
" കുഞ്ഞാളേടത്ത്യെ ങ്ങളൊന്നു ങ്ങോട്ട്‌ വരീ ഇവള് പറയുന്നെ കേക്കീ "
ന്താ ...അമ്മ ഓടി വന്നു
" ഇവക്ക് പൊഴേല് കുളിക്കണോലെ "
" പൊഴേലോ നീയെന്താടീ എരുമ്യോ പൊഴേല് കുളിക്കണം പോലെ ഓൾക്ക് .. മിണ്ടാതെ പോയ്ക്ക്യോ ഇവരുടെ കൂടെ കുളിമുറീൽക്ക്‌ "
അമ്മ കലി തുള്ളി !
" ന്നാ ന്നെ കാർത്തിയമ്മയുടെ പറമ്പിലെ കൊളത്തിലേക്ക് കൊണ്ട് പോവരുതോ "
" മിണ്ടാതെ നടന്നോ നീ നുള്ളി തോലെടുക്കും ഞാൻ "
അമ്മ പല്ലിറുമ്മി. എനിക്ക് കരച്ചില് വന്നു ഇതെന്തു ചടങ്ങാ കുളിമുറീന്നു കുളിപ്പിക്കാനാണോ രണ്ടാള് താലപ്പൊലിയുമായി പിറകെ ? എനിക്കെന്താ ഒറ്റയ്ക്ക് കുളിക്കാൻ അറിയാഞ്ഞിട്ടാണോ ..
ഞാൻ കരഞ്ഞു കൊണ്ടാണ് കുളിമുറിയിലേക്ക് പോയത് . അവരെന്നെ ഇഞ്ചയൊക്കെ തേച്ച് കുളിപ്പിച്ചു.
കുളി കഴിഞ്ഞു എന്നേം ഒരുക്കി സിനി ചേച്ചിയെ ഒരുക്കിയ പോലെ ..
പാവാടയും ബ്ലൗസും ഇടീപ്പിച്ചു തത്ത കൂട് കമ്മൽ ആയിരുന്നു മാമി തന്നത് . അതൊക്കെ ഇട്ടു പൂവൊക്കെ ചൂടിയപ്പോൾ എനിക്ക് അല്പം നാണമൊക്കെ തോന്നി . അന്നേരം വരെ എനിക്ക് നാണമൊന്നും തോന്നിയിട്ടില്ലായിരുന്നു. എന്നെ കണ്ടു മറ്റുള്ളവർ നാണിച്ചെന്നല്ലാതെ .
രണ്ടു പേരും കൂടി എന്നെ വീടിന്റെ മുൻവശത്ത് കൊണ്ട് വന്ന് നിർത്തി അപ്പോൾ കോലായിലേക്ക് അമ്മയും മൂത്തമ്മമാരും നിലവിളക്കും കിണ്ടിയുമായി വന്നു .വിളക്ക് മാമി വാങ്ങിച്ചു വെള്ളം നിറച്ച ഓട്ടുകിണ്ടി എന്റെ കൈയിൽ തന്നു . എനിക്കോർമ്മയുണ്ടായിരുന്നു ഇച്ചേച്ചി ചെയ്തത് . മുമ്പേ വിളക്കുമായി മാമിയും പിറകിൽ ഞാനും എനിക്കും പിറകിലായി മൂത്തമ്മെം നടന്നു . വീടിന്റെ ഓരോ മൂലക്കെത്തുമ്പോഴും കിണ്ടി ചെരിച്ചു അല്പം വെള്ളം വീഴ്ത്തി കൊണ്ടിരുന്നു . അങ്ങനെ 3 വട്ടം ഞങ്ങൾ പുര ചുറ്റി മുൻവശത്ത്‌ വന്നു .ഒരു നിമിഷം നിന്നതിനു ശേഷം പറമ്പിലേക്ക് നടന്നു ഓരോ മരങ്ങളും എന്നെ കൊണ്ട് തൊടീച്ചു..
മരങ്ങളും ചെടികളുമെല്ലാം തൊട് 
അമ്മമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു .അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീട് മാസക്കുളി സമയത്ത് ഇവയൊക്കെ തൊട്ടാൽ മരത്തിനു ദോഷമാണ് പോലും . പിന്നെ ഞങ്ങളൊക്കെ വീടിനകത്തേക്ക് കയറി . ഒരു കസേരയിൽ എന്നെയിരുത്തി . അനിയത്തി അത്ഭുതത്തോടെ . എന്റെ മുന്നില് വന്നു നിന്നു. അണിഞ്ഞൊരുങ്ങിയത് കണ്ടിട്ടാവണം എന്നെ തൊട്ടു നോക്കി പാവാടയൊക്കെ തലോടി പൂവൊക്കെ പിടിച്ചു നോക്കി .
എനിക്ക് ദേഷ്യം വന്നു
"പോടീ അതൊന്നും വെടക്കാക്കല്ലെ ഇപ്പൊ വിരുന്നാര് വരും എന്നെ കാണാൻ "
ഞാനാകെ സന്തോഷത്തിലായിരുന്നു .ചുമരിൽ എഴുതി വെച്ച സമ്മാന കണക്കുകൾ എന്റെ മനസ്സില് തെളിഞ്ഞു .ഇപ്പൊ ഓരോരുത്തരായി വരും ആഗ്രഹിച്ചത്‌ ഒക്കെ കിട്ടുമല്ലോ .ഓർത്തപ്പോൾ സന്തോഷം അടക്കാനായില്ല .
കുറച്ചു കഴിഞ്ഞപ്പോഴേക്കും ബന്ധുക്കൾ എത്തി തുടങ്ങി ആരും ഒട്ടും മോശമാക്കിയില്ല വിചാരിച്ചതിനേക്കാൾ കൂടുതൽ സമ്മാനങ്ങൾ കിട്ടി . ഞാൻ ഏകദിന റാണിയായ് ഞെളിഞ്ഞിരുന്നു . 
അല്പം കൂടെ കഴിഞ്ഞപ്പോൾ എന്നെ നടുവിലകത്തേക്ക് വിളിച്ചു . ചെന്ന് നോക്കുമ്പോൾ വിളക്ക് കത്തിച്ചു വെച്ചിരിക്കുന്നു കിണ്ടിയും പറയുമൊക്കെ അടുത്ത് തന്നെയുണ്ട്‌ . വിളക്കിന് എതിരായിട്ട പലകയിൽ എന്നെ ഇരുത്തി. അതിനു ശേഷം കുഞ്ഞു കുഞ്ഞു മണ്‍ചട്ടിയിൽ ചോറും കറികളും പായസവും എല്ലാം നിറച്ചു കൊണ്ട് വന്നു ഓരോന്നായി മേൽക്കു മേൽ വെച്ച് .ഉറിയിൽ അടുക്കി വെക്കുന്നത് പോലെ ..ചട്ടികൾ വീണു പോവാതെ മുകളറ്റം ഞാനും അടിഭാഗത്തെ ചട്ടി മാമിയും പിടിച്ചു പിന്നെ എന്റെ നേർക്കു മാമിക്ക് നേർക്കും മൂന്നാലു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നീക്കി .ഇതെന്തു കളിയാ ഞാൻ അമ്പരന്നു ആരോട് ചോദിക്കാനാ ഒക്കെ കണക്കാ .
അത് കഴിഞ്ഞപ്പോൾ മുറത്തിൽ കുറെ പൊതിക്കെട്ടുകളുമായി അമ്മ വന്നു .
മുറമെടുത്തോന്നു ചേറി.. എന്നിട്ട് താഴെ വെച്ച് ഏതെങ്കിലും ഒരു പൊതി എടുക്കാൻ പറഞ്ഞു .
ഞാനെടുത്ത പൊതി തുറന്നു നോക്കിയപ്പോൾ അരി കണ്ടു .
" ഹാവൂ സമാധാനം തിന്നാൻ മുട്ടുണ്ടാവില്ല ഒരു കാലത്തും "
അമ്മമ്മ ചിരിച്ചു കൊണ്ടെന്റെ തലയിൽ കൈ വെച്ചനുഗ്രഹിച്ചു .പിന്നെ എല്ലാവരും എന്നെ അനുഗ്രഹിച്ചു .
"ഇനി എഴുന്നേറ്റോ ന്നിട്ട് ചോറ് തിന്ന് "
അമ്മ എന്റെ കൈ പിടിച്ചു .എഴുന്നേറ്റു ഞാനമ്മയുടെ മുഖത്തേക്ക് നോക്കി 
എന്തെടീ ...
അമ്മ ചിരിച്ചു കൊണ്ടെന്റെ കൈ പിടിച്ചു മെല്ലെ തഴുകി
" ഏയ്‌ ഒന്നുല്ല്യാമ്മേ വെറുതെ .."
ഞാനും ചിരിച്ചു .അമ്മ കൈ മാത്രമല്ലാ മനസ്സും തൊടുന്നത് പോലെ തോന്നി .ഇത് പോലെ ഒരിക്കലും സമാധാനത്തോടെ ചിരിച്ചു കൊണ്ടമ്മ എന്നോട് സംസാരിച്ചിട്ടില്ല ഞാനതിനു ഒരവസരവും കൊടുത്തിട്ടില്ല എന്നത് വേറെ സത്യം .അമ്മ
ഒരുപാട് മാറിയത് പോലെ തോന്നി..
ഇപ്പോൾ ശരിക്കും അമ്മയായത് പോലെ !! എന്ത് കൊണ്ടോ അമ്മയുടെ കൂടെയിരുന്നു ചോറ് തിന്നാൻ തോന്നി ..കഴിക്കുമ്പോൾ ഇടക്ക് ഞാൻ അമ്മയെ നോക്കി .
" തിന്നു കഴിഞ്ഞിട്ട് നീ പോയ്ക്ക്യോ കളിക്ക്യാൻ ..രണ്ടു മൂന്നു ദിവസായിട്ട് അതിന്റുള്ളിൽ ഇരുന്നിട്ട് മടുത്തിട്ടുണ്ടാവും ല്ലേ "
അത് കേട്ടപ്പോൾ കളിക്കാനൊന്നും പോവാനല്ല അമ്മയോട് ചേർന്നിരിക്ക്യാനാ എനിക്ക് തോന്നിയത് .മുമ്പെങ്ങുമില്ലാത്ത വിധം ഒരു സുരക്ഷിതബോധം എനിക്ക് അനുഭവപ്പെട്ടു .അമ്മയുണ്ട് കൂടെ എല്ലാത്തിനും എന്ന തോന്നൽ എനിക്ക് വല്ലാത്തൊരു ധൈര്യമേകി..
ആ ദിവസങ്ങളിലാണ് ഞാനമ്മയോട്‌ കൂടുതൽ അടുത്തു തുടങ്ങിയത് ..പിന്നീട് ഓരോ സങ്കടങ്ങളിലും ആദ്യം തെളിയുന്ന മുഖം അമ്മയുടെതായി മാറിയത് ആ ദിവസത്തിനു ശേഷമായിരുന്നു ..
മനസ്സ് കൊണ്ട് അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടക്കുന്ന കുഞ്ഞായി വീണ്ടും മാറിയതും...ഇന്നോളവും ഏറ്റവും സുഖമുള്ള വാക്കും സാന്നിധ്യവുമായി അമ്മ മാറിയതും അന്ന് മുതലാണ്‌ ...ഒരു പെണ്‍കുട്ടിയിൽ നിന്നും പെണ്ണിലേക്കുള്ള മാറ്റം, ജീവിതത്തിലെ ഒരുപാട് തിരിച്ചറിവുകളുടെ നീണ്ട യാത്രയുടെ തുടക്കം ...എന്നെ ചേർത്തു നിർത്തിയ അമ്മയുടെ കൈയുടെ ഇളം ചൂടുള്ള പടവുകളിലൂടെയായിരുന്നു ...

No comments:

Post a Comment