Author

Tuesday, January 19, 2016

ഇങ്ങനെയുമൊരാൾ


" എത്ര ദിവസായി പറയുന്നു ആ ടെലിഫോണ്‍ എക്സ്ചേഞ്ചിൽ പോയി എസ്ടിഡി പ്ലാനിലേക്കൊന്നു മാറ്റാൻ... വീട്ടിലേക്ക് വിളിക്കണേൽ ബൂത്തിൽ പോണം ആ മൊബൈൽ ഒന്ന് ചോദിച്ചാൽ തൊടാൻ പോലും തരില്ലല്ലോ നിങ്ങൾ "
" ഹോ ഇന്നലേം മറന്നു ഉം ഇന്നെന്തായാലും പോവാം .പിന്നെ മൊബൈലില് സംസാരിക്കാനുള്ള പൂതി മനസ്സില് വെച്ചാ മതി അതേയ് ഒരു മിനിറ്റിനു ആറ് രൂപയാ നീ ബൂത്തില് പോയി വിളിച്ചോ "
മിക്ക ദിവസവും അച്ഛനുമമ്മയും തമ്മിലുള്ള സംഭാഷണമാണിത് ഇതിനൊടുവിൽ അമ്മയെന്നോട് പറയും
" ഡീ നീ കോളേജിൽ പോവുമ്പോ ആ ബൂത്തിലൊന്നു കയറണം ഒന്നമ്മമ്മയെ വിളിച്ചു ചോദിക്ക് കാലു വേദന കുറവുണ്ടോ ന്നു മാമനോട് ഒന്നെന്നെ ഇങ്ങോട്ട് വിളിക്കാനും പറയണം "
ബസ്റ്റോപ്പിനടുത്താണ് ബൂത്ത്..മുക്കിനു
മുക്കിനു ടെലിഫോണ്‍ ബൂത്തുകൾ ഉള്ള കാലം എന്നാലും എല്ലായിടത്തും തിരക്കായിരിക്കും പ്രത്യേകിച്ച് രാവിലെ ...സ്ഥിരമായി പോവുന്ന ബൂത്തുണ്ട് ...രാവിലെ പോവുമ്പോഴൊക്കെ അവിടെ ഒരാളെ കാണാറുണ്ടായിരുന്നു . 
മധ്യവയസ്കൻ ആണ് . ഒരു കുഞ്ഞു ബാഗ് കക്ഷത്തിൽ ഇറുക്കി പിടിച്ചിട്ടുണ്ടാവും .കർച്ചീഫ് ഇടയ്ക്കിടെ മടക്കി മുഖമൊപ്പുന്നത് കാണാം . എപ്പോഴും ഒരു വെപ്രാളമാ ആ മുഖത്ത്.ആരെങ്കിലും ആ മുഖത്തേക്കൊന്നു നോക്കിയാൽ വിളറിയ ചിരിയോടെ പിറകോട്ടു മാറും ഉൾവലിഞ്ഞൊരു പ്രകൃതം . പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അയാൾ ഫോണ്‍ ചെയ്തു കഴിഞ്ഞാൽ പുറത്തിറങ്ങി ബൂത്തിലിരിക്കുന്ന ചേച്ചിയോട് ഞാൻ പോവട്ടെ എന്നൊരർത്ഥത്തിൽ തല കുലുക്കി യാത്രയാവും . ഒരിക്കൽ പോലും ഫോണ്‍ ചെയ്തതിന്റെ പൈസ കൊടുക്കുന്നത് കണ്ടിട്ടില്ല !
"ചേച്ചീ അയാളെന്താ പൈസ തരാത്തെ ? "
" ഡീ ആ നമ്പർ നിലവിലില്ല "
" ങേ അതെന്താ ? "
അപ്പോഴേക്ക് ബൂത്തിൽ തിരക്കായി ചേച്ചി പിന്നെയൊന്നും പറഞ്ഞില്ല . അന്ന് മുഴുവൻ ചിന്ത അതായിരുന്നു .
എന്തിനാവും അയാൾ നിലവിലില്ലാത്ത നമ്പറിലേക്ക് വിളിക്കുന്നത് ? ആർക്കായിരിക്കും വിളിക്കുന്നത്‌ ? ആ നമ്പറിന്നുടമ ഇപ്പോൾ ജീവിചിരിപ്പുണ്ടാവില്ലേ ? രാത്രി കുറെ സമയം ഇതാലോചിച്ചിരുന്നു .
പിറ്റേന്ന് രാവിലെ ബൂത്തിൽ പോയപ്പോൾ അയാൾ ഫോണ്‍ ചെയ്തിറങ്ങുന്നത് കണ്ടു 
ഒരു നേർത്ത പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു 
ചിലപ്പോൾ അങ്ങേ തലക്ക് നിന്നും ഫോണ്‍ എടുത്തിട്ടുണ്ടാവാം ...അതാവും ഈ ചിരിക്ക് പിറകിലെ കാരണം .പക്ഷെ അന്നുമെന്നെ അമ്പരപ്പിച്ചു കൊണ്ട് അയാള് പൈസ കൊടുക്കാതെ ഇറങ്ങി പോയി .
" അല്ല ചേച്ചീ അയാളെന്താ ഇന്നും പൈസ തരാഞ്ഞേ ? "
" ഡീ ഞാൻ പറഞ്ഞില്ലേ അയാള് വിളിക്കുന്നത്‌ നിലവിലില്ലാത്ത നമ്പറിലേക്കാണെന്ന് "
" ങേ അതേതു നമ്പർ? ചേച്ചി എന്തൊക്ക്യാ പറയുന്നേ "
" ഒരു മിനിറ്റ് നീയീ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കിയേ "
ചേച്ചി ഒരു നമ്പർ കടലാസിൽ എഴുതി എനിക്ക് നേരെ നീട്ടി .
ഞാൻ സംശയത്തോടെ ചേച്ചിയെ നോക്കി കൊണ്ട് ഫോണ്‍ ഡയൽ ചെയ്തു
" നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിലില്ല " 
കമ്പ്യൂട്ടറിൽ ഫീഡ് ചെയ്ത പതിവ് സ്ത്രീ സ്വരം !
" ശരിയാ ഈ നമ്പർ നിലവിലില്ലാന്ന് "
" അങ്ങനെ ആര് പറഞ്ഞു ? "
"അതാ കമ്പ്യൂട്ടറിലെ പെണ്ണ് പറഞ്ഞതാ "
" ഉം ..ഡീ ആ ശബ്ദം കേൾക്കാനാ അയാളെന്നും വിളിക്കുന്നത് "
ഞാൻ അമ്പരന്നു പോയി !
"അയാൾക്കറിയില്ലേ അത് ഒരാള് അറ്റൻഡ് ചെയ്തു പറയുന്നതല്ലാ എന്ന് ? "
"അറിയാം ..എങ്കിലും അയാളെന്നും രാവിലെ അവളുടെ ശബ്ദം കേൾക്കാൻ വിളിക്കും ..എന്നിട്ടേ ജോലിക്ക് പോവൂ .അയാളുടെ വീട്ടില് ഫോണ്‍ ഇല്ലാ അത് കൊണ്ട് എന്നും രാവിലെ ഇവിടെ വരും "
ഞാനൊന്നും മനസ്സിലാവാതെ ചേച്ചിയെ നോക്കിയിരുന്നു.
" ഇതെന്തു ഭ്രാന്താ അയാൾക്ക് ? "
" എന്തെ ? ഇതിലെന്താ ഭ്രാന്ത് ? ആരെയെങ്കിലുമൊക്കെ സ്നേഹിക്കാതെ ഒരാളെങ്ങനെ കഴിയും ?? ആരെങ്കിലുമൊക്കെ സ്നേഹിക്കണ്ടേ ? ഇല്ലെങ്കിൽ എന്താ ജീവിതത്തിനർത്ഥം ? അയാള് ജീവിക്കാൻ മറന്നു പോയെടീ അനിയന്മാരുടെയും അനിയത്തിമാരുടെയുമൊക്കെ ജീവിതം ഭദ്രമാക്കുന്ന തിരക്കിൽ"
എനിക്കാകെ സങ്കടമായി
" അവരാരും അയാളെ നോക്കുന്നില്ലേ ചേച്ചീ ? "
" ഉണ്ടല്ലോ അവരൊക്കെ സ്നേഹമുള്ളവര് തന്നെയാ എന്നാലും അയാള് ഒറ്റക്കാ...
അയാളുടെ ജീവിതത്തിൽ ഈ രണ്ടു സെക്കന്റ്‌ ശബ്ദം കേൾക്കുമ്പോൾ മനസ്സിലുണരുന്ന സ്നേഹവും പ്രണയവും മാത്രമേയുള്ളൂ മുന്നോട്ടുള്ള ജീവിതത്തിനു നിറമേകാൻ ..അയാൾക്കറിയാം അതൊരു ശബ്ദം മാത്രമാണെന്ന്..എങ്കിലുമയാൾ ഇന്ന് മറ്റെന്തിനെക്കാളുമേറെ ആ ശബ്ദത്തെ സ്നേഹിക്കുന്നു ..ഓരോ പ്രഭാതങ്ങളിലും പ്രണയാതുരനായി മാറുന്നു ..ആ ദിവസം മുഴുവൻ മനോഹരമാക്കാൻ അത് മാത്രം മതി അയാൾക്ക് ...തനിക്ക് ചുറ്റിലുമുള്ള ആൾക്കൂട്ടത്തിൽ ഒരു പക്ഷെ അയാൾ തെരയുന്നുണ്ടാവാം ആ ശബ്ദത്തിന്നുടമയെ..എന്നെങ്കിലും കണ്ടുമുട്ടുമെന്നും പ്രതീക്ഷിക്കുന്നുണ്ടാവാം..ഡീ പെണ്ണെ ഇങ്ങനെ എന്തെങ്കിലുമൊക്കെ വേണ്ടേ ജീവിതത്തിൽ പ്രതീക്ഷിക്കാൻ .."
അവസാന വാചകം നേർത്തു പോയതിന്റെ കാരണം എനിക്ക് മനസ്സിലായിരുന്നു . ഞാൻ ചേച്ചിയുടെ നര കയറി തുടങ്ങിയ മുടിയിലേക്കും കഴുത്തിലെ മുത്തു മാലയിലേക്കും ഒന്ന് നോക്കി ...പതുക്കെ എഴുന്നേറ്റു ...

No comments:

Post a Comment