Author

Tuesday, January 19, 2016

ആരാ ഇവിടെ വന്നേക്കുന്നെ

തിരക്കിട്ട് അടുക്കളയിൽ വല്ലോം ചെയ്യുമ്പോഴാവും നിച്ചമ്മെ ന്നൊരു കുഞ്ഞു വിളി കേൾക്കുക !
തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ ചോദിക്കും
" ആരാ ഇവിടെ വന്നേക്കുന്നെ...നിച്ചമ്മേന്റെ കുഞ്ഞാവ്യാണോ.."
അപ്പൊ മെല്ലെ എന്റെ ഡ്രെസ്സിന്റെ തുമ്പൊന്നു വലിക്കും ..അപ്പുറത്തെ വീട്ടിലെ കുഞ്ഞാ എപ്പോഴും വീട്ടിലാണുണ്ടാവുക. നന്നു മോനെ വിളിച്ചുണർത്താൻ രാവിലെ ഇങ്ങെത്തും മാസങ്ങൾക്ക് മുന്നേ ചുണ്ടൊന്നു മുറിഞ്ഞിരുന്നു അതുണങ്ങി ന്നാലും ഇടയ്ക്കിടെ ചുണ്ട് കാണിച്ചിട്ട് പറയും
" നന്നു ചേട്ടാ നോക്ക് "
അപ്പൊ നന്നു അതിഭയങ്കരമായി ഞെട്ടുന്നതായി അഭിനയിക്കും
" ഹോ ന്താ വാവേ യ്യോ ന്താ പറ്റിയത് അമ്മേ നോക്ക്യേ "
അന്നേരം അവൻ വേദനയുള്ളത് പോലെ മുഖത്തൊക്കെ സങ്കടഭാവം വരുത്തി ഞങ്ങളെ ദയനീയമായി നോക്കും 
അപ്പൊ ഞാനും ഉഗ്രമായി ഞെട്ടും 😄 എന്നിട്ട് അയ്യോ ആവോ സാരല്ല്യാ വാവേ ന്നൊക്കെ പറഞ്ഞ് തലയിൽ തലോടി കവിളിൽ ഒരുമ്മയൊക്കെ കൊടുത്ത് പുന്നാരിക്കും ആ സമയത്ത് അവന്റെ മുഖത്തെ കള്ളച്ചിരി കാണണം 😌 ഞങ്ങളെ പറ്റിച്ച സന്തോഷത്തിലുള്ള കള്ളച്ചിരി ! അങ്ങനെ സ്നേഹിക്കപ്പെടുന്നത് അവനേറെ ആസ്വദിക്കുന്നുണ്ടെന്നറിയാവുന്നത് കൊണ്ട് ഞങ്ങൾക്കും ഇഷ്ടമാണാ കള്ളക്കളി !
കാലം മായ്ച്ച ചില മുറിവുകൾ നമ്മളിത് പോലെ പരസ്പരം ഓർമ്മിപ്പിക്കാറുണ്ട് അല്ലെ 😃 വീണ്ടും വീണ്ടും സ്നേഹിക്കപ്പെടാനായി നമ്മൾ പറയും
നിനക്കറിയോ ഞാനന്നെത്ര മാത്രം സങ്കടപ്പെട്ടിരുന്നു എന്ന് ഇപ്പോഴും അതെന്നെ എത്ര മാത്രം വേദനിപ്പിക്കുന്നെന്ന്.. അല്ലെങ്കിലും സാന്ത്വനിപ്പിക്കാനായി നമുക്ക് നേരെ നീളുന്ന പ്രിയപ്പെട്ടവരുടെ കരസ്പർശം എന്നും നമ്മുടെ സ്വകാര്യ മോഹവും അഹങ്കാരവുമല്ലേ ...

No comments:

Post a Comment