Author

Tuesday, January 19, 2016

കോയി കറി

അമ്മമ്മേടെ ഒരു മാസ്റ്റർ പീസ്‌ ഉണ്ട് 'വറുത്തരച്ച നാടൻ കോഴിക്കറി ' ഏതായാലും കെട്ട്യോൻ വന്നതല്ലേ അതാവാം ഉച്ചക്ക് സ്പെഷ്യൽ ന്നു കരുതി നാടൻ കോഴിയിറച്ചി വാങ്ങി കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞളും നാരങ്ങാനീരും വീട്ടില് തന്നെ തയ്യാറാക്കിയ പ്രത്യേകം മസാല കൂട്ടും പുരട്ടി 1 മണിക്കൂർ വെച്ചതിനു ശേഷം കട്ടിലിന്നടിയിൽ ഒരു കവറിലാക്കി പൊതിഞ്ഞു വെച്ച അമ്മിക്കും അമ്മികുട്ടിക്കും ശാപമോക്ഷം നൽകി വറുത്ത തേങ്ങയും മല്ലിയും അമ്മിയിൽ അരച്ച് അതീവ ശ്രദ്ധയോടെ കറിയുണ്ടാക്കി . ഇത്ര മെനക്കെട്ടതല്ലേ ന്നാ വിളമ്പുന്നതും രാജകീയമാവട്ടെ ന്നു കരുതി ഭംഗിയുള്ള ചില്ല് പാത്രത്തിൽ വിളമ്പി മനോഹരമായി അലങ്കരിച്ച് ഉത്സവത്തിന് താലപ്പൊലി എടുക്കുന്നത് പോലെ കൈയിലേന്തി മന്ദം മന്ദം ഊണ് മേശയുടെ അടുത്തെത്തി മേശ മേൽ വെക്കാൻ തുടങ്ങിയതും ! 😱
ആ ഒരു സെക്കന്റ്‌ സമയത്തിനുള്ളിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല എല്ലാവരുടെയും കണ്ണുകൾ ഒരുമിച്ചു താഴെ നിലത്തുമ്മ വെച്ച് കിടക്കുന്ന കോഴിക്കറിയിൽ 😭 കറിയും ഗ്ലാസ് കഷ്ണങ്ങളും ഒരുമിച്ചു കുഴഞ്ഞു മറിഞ്ഞു സ്നേഹിക്കുന്ന ആ കാഴ്ച 😨 ഏഴു കൊല്ലം പ്രണയിച്ച ന്റെ കാമുകൻ യാത്ര പറഞ്ഞു പോയപ്പോൾ പോലും ഞാനിത്രക്ക് സങ്കടപ്പെട്ടിട്ടില്ല 😪 ആ ഒരു നിമിഷത്തെ കുറിച്ച് ഇപ്പോഴും ഓർമ്മിക്കുമ്പോ 😥 ...ഒടുക്കം ആ സന്ദർഭത്തിനു ആകെ കൂടെ ആശ്വാസമേകുന്ന ഒരേയൊരു വാചകം പിറുപിറുത്തു കൊണ്ട് ഞാൻ രംഗം ശാന്തമാക്കി 
" അല്ലേലും വിചാരിച്ചത്ര നന്നായില്ല കറി ..എന്താന്നറീല്ല ഞാൻ ടേസ്റ്റ് നോക്ക്യപ്പോ എന്തോ പോലെ " 😖
ഇതിൽ നിന്നും പഠിച്ച കാര്യങ്ങൾ നിങ്ങക്ക് കൂടി പറഞ്ഞു തരാനാ ഓടിയിങ്ങു വന്നേ😌😌
1. എല്ലാ കാര്യങ്ങളും (ചില കാര്യങ്ങളെങ്കിലും ) ചെയ്യുമ്പോ വല്ലാണ്ടങ്ങു സംഭവമാക്കണ്ട 😕😕 Build അപ്പ്‌ കൂടുന്തോറും ഫ്ലോപ്പ് ആയാലുള്ള നാണക്കേടും സങ്കടോം കൂടും 😖
2 . പിന്നീട് ഓർക്കുമ്പോൾ വളരെ നിസ്സാരം എന്ന് തോന്നുമെങ്കിലും ചില ചെറിയ കാര്യങ്ങൾ നൽകുന്ന വേദന വലിയ സങ്കടങ്ങളെക്കാൾ ഇരട്ടി ആയിരിക്കും😪
ഇനി ഞാൻ പോട്ടെ 😒 ഇത് പോലെ ന്തേലും തിരിച്ചറിവുണ്ടായാ വരാട്ടോ 😒

No comments:

Post a Comment