Author

Tuesday, January 19, 2016

തീണ്ടാരി പൂവുകൾ പൂക്കുന്ന പെണ്ണുടലുകൾ രണ്ടാം ഭാഗം

( മൂന്നു ഭാഗങ്ങൾ ആയാണിത് പോസ്റ്റ്‌ ചെയ്യുന്നത്...തെരണ്ട് കല്യാണത്തിനു (വയസ്സറിയിക്കൽ ) മുമ്പ് അമ്മയും ഞാനുമെങ്ങനെയായിരുന്നു എന്നാണ് ആദ്യ പോസ്റ്റിൽ ...ഈ ഭാഗം, തീണ്ടാരി
പൂവുകൾ പൂത്ത എന്നുടലിന്റെ ആധികളും വിഹ്വലതകളുമാണ്.. അതിനെ തുടർന്നുള്ള ചടങ്ങും വിശേഷങ്ങളും മൂന്നാമത്തെ ഭാഗത്തിൽ..മൂന്നു ഭാഗങ്ങളും വായിക്കുമെന്ന് കരുതുന്നു )
************
PT പിരീഡിൽ ഞങ്ങൾ ഗ്രൗണ്ടിൽ നിന്നും സുർക്ക കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.അതിനിടെ ഉഷസ്സ് ഞെട്ടലോടെ എന്നോട് പറഞ്ഞു ,
" നിന്റെ പാവാടേലൊക്കെ ചോര ! എവിടേലും തട്ടി മുറിഞ്ഞോ ? "
"യ്യോ എവിടെ ? ഇല്ലല്ലോ മുറിഞ്ഞിട്ടില്ലല്ലോ "
" ന്നിട്ടെന്താ ഇങ്ങനെ? നോക്ക്യേ "
അവൾ പാവാട പിടിച്ചു തിരിച്ചു കാണിച്ചു തന്നു . ഞാനും ഞെട്ടി പോയി
"യ്യോ ഇതെന്താ "
അപ്പോഴേക്കും ബെൽ മുഴങ്ങി അവസാന പീരീഡ്‌ ആണ് ഇനി. ക്ലാസ്സിൽ ഇരിക്കുമ്പോൾ അവൾ ഇടയ്ക്കിടെ ചോദിച്ചു ,
"മുറിഞ്ഞല്ലോ നിനക്ക് വേദനിക്കുന്നുണ്ടോ "
"ഇല്ലാ ഒന്നുല്ല്യാ ഞാനറിയൂലെ മുറിഞ്ഞാല് എനിക്കറിഞ്ഞൂടാ ന്താന്ന് "
സ്കൂൾ വിട്ട ഉടനെ ഞാനും അവളും ബാത്റൂമിലേക്ക് ഓടി
"ഞാൻ വെള്ളം ഒഴിച്ച് തരാം നീ പാവാട കഴുകിക്കോ "
കടുംപച്ച കളർ പാവാടയാണ്.. വെള്ളമായാൽ വേഗം അറിയും എന്നാലും ഞാൻ കഴുകി. പിന്നെയവൾ വാതിലിനു പുറത്തേക്കിറങ്ങി. കുറച്ചു നേരം കാത്തു നിന്നിട്ടും എന്റെ ശബ്ദമൊന്നും കേൾക്കാത്തതു കൊണ്ടാവണം വാതിലിൽ തട്ടി വിളിച്ചു
"നീ എന്താ വരാത്തെ വാ എല്ലാരും പോയിട്ടുണ്ടാവും "
ഞാനപ്പോൾ നിശബ്ദമായി കരയുകയായിരുന്നു.എന്റെ അടക്കി പിടിച്ച തേങ്ങലുകൾ പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ ശബ്ദത്തിൽ അലിഞ്ഞില്ലാതായി . 
അതോടൊപ്പം ആ വെള്ളത്തിൽ രക്തവും കലർന്നു കൊണ്ടിരുന്നു. ഭീതിയോടെ ഞാനത് നോക്കി നിന്നു. വീണ്ടും അവൾ വിളിച്ചപ്പോൾ ഞാൻ പതുക്കെ പുറത്തെക്കിറങ്ങി. അവൾ അമ്പരപ്പോടെ നോക്കി..
" ഇപ്പൊ പോയില്ലേ ചോര്യൊക്കെ ഇനിയെന്താ ? "
" ഇല്ലാ ഇനീമുണ്ട് മൂത്രൊഴിക്കുമ്പൊക്കെ ചോരയാ "
ഞാൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞു 
യ്യോ അവളും ഞെട്ടി വിറച്ചു..
"ഇനിപ്പോ ന്താ ചെയ്യാ ?"
"എനിക്കറിഞ്ഞൂടാ ന്താ ചെയ്യേണ്ടേന്ന് "
ഞാൻ തളർച്ചയോടെ പറഞ്ഞു.
ഇടവഴിയിലൂടെ നടക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു ഇടയ്ക്കവൾ ചോദിച്ചു
"നീ പുളിയച്ചാർ കുറെ തിന്നുന്നില്ലേ ശുഭ ടീച്ചർ പറഞ്ഞിട്ടില്ലേ പുളി തിന്നാ ചോര വയറ്റീന്നു പോവുംന്ന് "
" ആണോ അതോണ്ടായിരിക്ക്യോ ? "
ഞാൻ സംശയത്തോടെ അവളെ നോക്കി
"അതന്ന്യാവും അല്ലെങ്കിൽ ഇങ്ങനെ വര്വോ ? "
അതിൽ കൂടുതൽ ആലോചിക്കാനുള്ള ബുദ്ധിയൊന്നും ആ പന്ത്രണ്ടു വയസ്സുകാരികൾക്കില്ലായിരുന്നു.
വീട്ടിലെത്തിയിട്ടും ഞാൻ മൌനിയായിരുന്നു . വേഗം പോയി കിടന്നു 
ഇടക്ക് എഴുന്നേറ്റു കുളിമുറിയിൽ പോയി നോക്കിയപ്പോൾ വീണ്ടും അത് തന്നെ അവസ്ഥ ! മുറ്റത്തെ കിണറ്റിലേക്ക്‌ എടുത്തു ചാടിയാലോ എന്നൊരു നിമിഷം ചിന്തിച്ചു പോയി .ശപിച്ചു കൊണ്ട് കഴുകി വൃത്തിയാക്കി വന്നു കിടന്നു . 
രാത്രി ഇടയ്ക്കിടെ ഞാൻ കുളിമുറിയിൽ പൊയ്‌കൊണ്ടിരുന്നു . ഒരുപാട് നീളമുള്ള ഭീകര രാത്രി പോലെ തോന്നിച്ചു ആ രാത്രി . ചോരയുടെ മണമുള്ള രാത്രി ! ഏതോ സാത്താന്റെ കോട്ടയിൽ അകപ്പെട്ടതു പോലെ
ഉറക്കം വരാതെ ..മിടിക്കുന്ന ഹൃദയത്തോടെ ...കാൽമുട്ടിൽ താടിയമർത്തി ഞാൻ ഇരുട്ടിലിരുന്ന് കഴിച്ചു കൂട്ടി. 
പിറ്റേന്ന് ശനിയാഴ്ച ആയതു കൊണ്ട് സ്കൂൾ ഇല്ലായിരുന്നു ആരും കാണാതെ ഇടയ്ക്കിടെ കുളിമുറിയിൽ പോയി കഴുകി ഞാൻ വശം കെട്ടു. അന്ന് വൈകുന്നേരം വിളക്ക് വെച്ചപ്പോൾ ഞാൻ ശരിക്കും ഇരുന്നു പ്രാർഥിച്ചു .
ജപിക്കെടീ 
എന്ന് അമ്മ പറയാതെ തന്നെ !
ഇനി പുളി തിന്നൂല ഒരിക്കലും തിന്നൂല എന്റെ അസുഖം മാറ്റണേ. എന്റെ വയറിന്നുള്ളിലെ മുറിവ് മാറണേ.. 
ഞാൻ നൂറു പ്രാവശ്യമെങ്കിലും ജപിച്ചു കാണണം ..
പിറ്റേന്ന് ഞായറാഴ്ചയും ഇത് തന്നെ സ്ഥിതി !
അമ്മ കാണാതെ ഓരോ തവണയും കുളിമുറിയിൽ പോവാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി . കരച്ചിൽ വന്നിട്ട് എനിക്ക് നെഞ്ച് വിങ്ങി . എന്തൊരു കഷ്ടമാണിത് ! ആയിടക്ക് ഒരു ബന്ധുവിന്റെ മൂക്കിൽ നിന്നും ഇടയ്ക്കിടെ ചോര വരുന്ന കാര്യം അമ്മ ഗൌരവത്തോടെയും സങ്കടത്തോടെയും പറഞ്ഞത് ഞാനോർത്തു . മൂക്കിൽ നിന്നും ചോര വന്നത് അറിഞ്ഞിട്ടു അമ്മ ഇത്ര ഭയന്നെങ്കിൽ ഇതറിയുമ്പോൾ അമ്മ പേടിച്ചു ചത്തു പോവൂലേ ,യ്യോ ന്താ ചെയ്യാ?
അമ്മയോട് എന്ത് വന്നാലും പറയരുത് എന്ന് ഞാൻ ഉറപ്പിച്ചു. സ്വതവേ പേടിത്തൊണ്ടിയാ .. ഞാൻ ചത്തു പോവാണെങ്കിൽ അങ്ങ് ചാവട്ടെ !
എന്റെ അവസാന മണിക്കൂറുകൾ എണ്ണപ്പെട്ടെന്നു മനസ്സിലാക്കിയ ഞാൻ ആദ്യമായി അമ്മ പറയുന്നതൊക്കെ അനുസരിച്ചു . അനിയൻ വഴക്ക് കൂടാൻ വന്നപ്പോഴൊക്കെ ഒഴിഞ്ഞു മാറി . അനിയത്തിയെ ഇടക്കിടക്ക് പുന്നാരിച്ചു .വാടിയതു പോലെ അവിടേം ഇവിടെമൊക്കെ ഇരിക്കുന്നത് കണ്ടിട്ട് അമ്മ നെറ്റിക്കൊക്കെ തൊട്ടു നോക്കി ഡോക്ടറുടെ അടുത്തു പോവാമെന്നു പറഞ്ഞു. കണക്കു മാഷ്‌ പരീക്ഷ എടുത്തിട്ടുണ്ട് പേപർ തിങ്കളാഴ്ച കിട്ടും ആ ടെൻഷൻ ആണെന്ന് പറഞ്ഞ് ഒരു വിധം ഞാൻ അമ്മയെ സമാധാനിപ്പിച്ചു . 
കുളിമുറിയിലേക്കുള്ള എന്റെ ഓരോ യാത്രക്കൊടുവിലും അമ്മയുടെ പഴയ കോട്ടൻ സാരി പല കഷ്ണങ്ങളായി പറമ്പിലെ ഒരു മൂലയിൽ ഉപേക്ഷിക്കപ്പെടുന്നുണ്ടായിരുന്നു.
ജീവിതം ഇത്രയ്ക്കു ഭീകരമായി രക്തപ്പുഴ ഒഴുക്കിക്കൊണ്ട് മുന്നില് വന്നു പല്ലിളിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി കൊണ്ടൊരു ഏഴാം ക്ലാസ്സുകാരി ചങ്കിനകത്തു വേദനയും ഭയവും ഒറ്റപ്പെടലും തീർത്ത സംഘർഷത്തിൽ ഉഴറി നടന്നു . രാത്രി ഒരുപോള കണ്ണടക്കാതെ അവളവളുടെ ശരീരത്തിന് കൂട്ടിരുന്നു . ശപിച്ചും പതം പറഞ്ഞും സ്വന്തം ശരീരത്തോടുള്ള വെറുപ്പ് ഓരോ നിമിഷവും അവളിൽ നിറഞ്ഞു !
പിറ്റേന്ന് തിങ്കളാഴ്ച രാവിലെയായപ്പോഴേക്കും എനിക്കൊരു കാര്യം മനസ്സിലായി മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട് ! വയറിനകത്തെ മുറിവിൽ നിന്നും അത്രക്കൊന്നും ചോര വരുന്നില്ലിപ്പോൾ !
വെള്ളിയാഴ്ച ഇട്ട പച്ചപാവാട ഞാൻ തന്നെയായിരുന്നു സ്കൂൾ വിട്ടു വന്നപ്പോൾ അലക്കിയത് . ഇടക്കൊക്കെ ശനിയും ഞായറും എന്റെ കുപ്പായം ഞാൻ തന്നെ അലക്കാറുള്ളത് കൊണ്ട് അമ്മ അതത്ര കാര്യമാക്കിയിരുന്നില്ല . പക്ഷെ ഇസ്തിരിയിടാനായി പാവാട എടുത്തപ്പോൾ വസ്ത്രത്തിൽ രക്തകറ തീർത്ത കുഞ്ഞു പൂക്കൾ കണ്ടപ്പോൾ അമ്മ ഞെട്ടി . 
ഓടിയെന്റടുത്തേക്ക് വന്നു .
ഇതെന്താ നിന്റെ പാവാടേല് ??
നീട്ടി പിടിച്ച അമ്മയുടെ കൈയിലെ പാവാടയിലെ കറ ഞാൻ വിറങ്ങലിച്ചു കൊണ്ട് നോക്കി നിന്നു. രണ്ടു മൂന്നു ദിവസമായി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എല്ലാം കൂടെ ആ ഒരു നിമിഷത്തിലേക്ക് ഉരുണ്ടു കയറി . ഞാൻ സങ്കടം തിങ്ങി വിങ്ങുന്ന മുഖത്തോടെ അമ്മയെ നോക്കി .
തുടരും
Note :- അശ്ലീലം കലർന്നതും അനാവശ്യവുമായ കമന്റുകൾ ഡിലീറ്റ് ചെയ്യും 😊

No comments:

Post a Comment