Monday, August 1, 2016

കാളിന്ദി തീരത്ത് ഭാഗം 2

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ പുതപ്പ് വലിച്ചു അമ്പു ഒന്നും മിണ്ടിയില്ല.പകുതി ദേഹത്തു മാത്രമായ പുതപ്പ് അവൻ ശ്രദ്ധിച്ചതേ ഇല്ല. പതിവില്ലാത്തതാണ് അത് ! സാധാരണഗതിയിൽ പുതപ്പിന്റെ മറ്റേ അറ്റം പിടിച്ചു വലിച്ചു ബലപരീക്ഷണം നടത്തേണ്ടതാണ്. ഞാനവനെ നോക്കുമ്പോൾ അട്ടം നോക്കി കിടക്കുന്നു.
" ടാ സുനു പറയാ അതൊരു പെണ്ണാ ബൊമ്മയെ പോലുണ്ട് കാണാൻ ന്നൊക്കെ "
അവനും അത് തന്നെയാണ് ആലോചിക്കുന്നത് എന്ന് പെട്ടെന്നുള്ള മറുപടിയിൽ നിന്നും മനസ്സിലായി.
" ശരിയായിരിക്കും ഹോ എങ്ങനേലും ഒന്നു നേരം വെളുത്താൽ മതിയാരുന്നു രാവിലെ തന്നെ ചെന്നു നോക്കണം "
" അയ്യേ നാണമില്ലല്ലോ ഒരു പെണ്ണിനെ കാണാൻ ങ്ങനെ കൊതിച്ചു നടക്കാൻ "
" ന്തിനാ നാണിക്കുന്നേ ഞാൻ ഒറ്റക്കല്ല സുനൂം ചോട്ടൂം വരും "
" എനിക്ക് കേൾക്കണ്ട ങ്ങനെ നാണമില്ലാ കൂട്ടങ്ങൾ "
" നീ പോടീ നിന്നെ പോലത്തെ ചപ്ര തലച്ചി അല്ല അവള് ..സ്വർണ്ണതലമുടിയാ അവൾക്ക് അറിയോ"
" എനിക്ക് കേൾക്കേണ്ടെന്നു പറഞ്ഞില്ലേ അവളുടെ വിശേഷങ്ങൾ "
" ഞാനല്ലല്ലോ ചോദിച്ചു വന്നേ നീ തന്ന്യല്ലേ "
" ഓഹ് "
ഞാൻ പുതപ്പു കൊണ്ട് തലവഴി മൂടി തിരിഞ്ഞു കിടന്നു.
രാവിലെ പല്ലു തേച്ചു കൊണ്ടു മുറ്റത്ത് നിൽക്കുമ്പോൾ പടിക്കൽ സുനു വന്നു വിളിച്ചു
" അമ്പൂ നീ വരുന്നോ "
" രാവിലെ തന്നെ എഴുന്നെള്ളിയല്ലോ എങ്ങോട്ടേക്കാ "
" ഊഞ്ഞാലാടാനാ അധികാരിന്റാടെ "
" ഉം മനസ്സിലായി ഊഞ്ഞാലാട്ടം ... ചോട്ടു എവിടെ അവനൂഞ്ഞാലാടണ്ടേ ? "
"അവൻ പിന്നെ വരും അങ്ങോട്ടേക്ക് നീ അമ്പൂനെ വിളിക്ക് "
" ഉം .. ടാ അമ്പൂ ദാ നിന്നെ സുനു വിളിക്കുന്നു "
ഞാൻ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു
അമ്പു ഓടി വന്നു .ഞാൻ അന്തിച്ചു പോയി അവനെ കണ്ടപ്പോൾ ...മാമൻ ഓണത്തിന് വാങ്ങി തന്ന ചുവന്ന ഷർട്ടും കറുപ്പ് ട്രൗസറും ഇട്ടിരിക്കുന്നു ! എത്രയാ പൗഡർ മുഖത്ത് !
" അയ്യേ ഇതെന്താടാ മുഖത്ത് ഉള്ള പൗഡർ മൊത്തം ഉണ്ടല്ലോ നീയിതെന്താ പുത്യേതൊക്കെ ഇട്ടിട്ട് ? പെണ്ണ് കാണാൻ പോവാണോടാ "
" ങാ അതേ ! "
അവൻ ഷർട്ടിന്റെ തുമ്പുയർത്തി മുഖം തുടച്ചു കൊണ്ട് സുനുവിന്റെ അടുത്തേക്കോടി ..
" ഞങ്ങള് പെണ്ണിനെ കാണാൻ തന്ന്യാ പോവുന്നെ നിന്നെ പോലത്തെ ചപ്രച്ചയെ അല്ല ബൊമ്മ പോലൊരു പെണ്ണിനെ ! .. "
രണ്ടിനും നൊസ്സായീന്നാ തോന്നുന്നേ സാധാരണ ശനിയാഴ്ചകളിൽ ഉച്ചിയിൽ സൂര്യവെളിച്ചം വീണാലേ രണ്ടാളും എഴുന്നേൽക്കൂ എന്നിട്ട് നോക്കിയേ ഇന്ന് വിളിക്കാതെ തന്നെ എഴുന്നേറ്റു അണിഞ്ഞൊരുങ്ങി പോയിരിക്കുന്നു ! ഒരു ബൊമ്മ പെണ്ണും സ്വർണ്ണമുടിയും ഹോ..
"അവര് പോയോ "
ങേ !
അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്
അനന്തു !
" നീയിതെങ്ങോട്ടാ നീയും അധികാരിന്റവിടേക്കാണോ ഇതെന്താ ഇത്രേം വെളിച്ചെണ്ണ തലയില് ?? അയ്യേ പശു നക്കിയ പോലുണ്ട് മുടി "
" പോടീ ഞാൻ കുളിച്ചിട്ടു ചീകിയതാ നീ വരുന്നേൽ വാ "
" ഞാനില്ല നിങ്ങള് എല്ലാരും കൂടിയങ്ങ് പോയേച്ചാൽ മതി "
അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്നതും നോക്കി എന്തു പറയണമെന്നറിയാതെ ഞാൻ നിന്നു .
കുറച്ചു കഴിഞ്ഞപ്പോൾ നാലും കൂടി തല താഴ്ത്തി വരുന്നത് കണ്ടു
" ന്തേയ് കണ്ടില്ലേ "
" ഇല്ല അവരൊക്കെ രാവിലെ തന്നെ ഗുരുവായൂർക്ക് പോയി "
" ആഹാ കണക്കായി പോയി ഹോ എന്തായിരുന്നു ബഹളം ഒരു ഊഞ്ഞാലാട്ടം പുതിയ കുപ്പായമിടൽ ഇപ്പോഴോ "
എനിക്ക് അടക്കാനാവാത്ത സന്തോഷം തോന്നി
"വല്ലാതെ കളിയാക്കല്ലെടീ ഇന്നല്ലെങ്കിൽ നാളെ കാണുമല്ലോ അതുറപ്പല്ലേ അത് മതി "
ചോട്ടു മുഖം കോട്ടി .
തിങ്കളാഴ്ച സ്‌കൂളിൽ പോയപ്പോൾ പതിവില്ലാത്ത വിധം അധികാരിയുടെ കാർ കണ്ടു സ്‌കൂളിൽ .
" ങേ അധികാരി ന്താ ഇവിടെ വാ നമുക്ക് നോക്കാം "
സുനു ജനവാതിലിലൂടെ നോക്കി ഞങ്ങളും തിക്കിതിരക്കി എത്തി നോക്കി . അധികാരി ചിരിച്ചു കൊണ്ടു നിൽക്കുന്നു ! ചുറ്റിലും മാഷുമാരും ടീച്ചർമാരും
ഇതെന്താ കഥ !
"ചിലപ്പോ ആ പെണ്ണിനെ ഇവിടെ ചേർത്താൻ വന്നതാവും "
ചോട്ടുവിന്റെ മുഖം തെളിഞ്ഞു .
" എന്താ എല്ലാരും ഇവിടെ ഓടിനെടാ എല്ലാം "
അപ്പോഴേക്ക് മുകുന്ദൻ മാഷ് വടിയുമായി ഓടിയെത്തി ഞങ്ങള് ക്ളാസ്സിലേക്കോടി
കേട്ടെഴുത്ത് എടുത്തു കഴിഞ്ഞപ്പോൾ രത്നമ്മ ടീച്ചർ പറഞ്ഞു
" നാളെ മുതൽ ഈ ക്ലാസ്സില് ഒരു കുട്ടി കൂടി ഉണ്ടാവും . സിറിയയിൽ നിന്നും വന്നതാ കാളിന്ദി എന്നാണ് പേര് "
ഞങ്ങളൊക്കെ വാ പൊളിച്ചാണ് ആ പേര് കേട്ടത് കാളിന്ദിയോ ന്ത് പേരാ ഇത് ?
" ഇതാ അധികാരീന്റെ വീട്ടിലെ കുട്ടീടെ കാര്യമാണോ "
തൊട്ടു പിറകിൽ ഇരിക്കുകയായിരുന്ന അനന്തു ബെഞ്ചിൽ തല ചേർത്തു കിടന്നു കൊണ്ടു പതുക്കെ എന്നോട് ചോദിച്ചു
" ആ എനിക്കറിഞ്ഞൂടാ "
"നിനക്ക് പിന്നെ എന്തറിയാടീ ചപ്രതലച്ചീ "
ടീച്ചർ ശ്രദ്ധിക്കുന്നത് കൊണ്ടാ അല്ലെങ്കിൽ ഞാൻ കണക്കിന് കൊടുത്തേനെ അവന് . പല്ലിറുമ്മി ഞാൻ ദേഷ്യം അടക്കി .
എന്തായാലും അവളെ എനിക്കും കാണണം ഞാൻ മനസ്സിലുറപ്പിച്ചു
അന്നെങ്ങനെ ക്ലാസിലിരുന്ന് വൈകുന്നേരമാക്കിയെന്നു ദൈവത്തിനെ അറിയൂ .ഇടക്ക് ചോട്ടു പറഞ്ഞു
" സ്‌കൂൾ വിട്ടാൽ അപ്പൊ തന്നെ ഓടണം കേട്ടല്ലോ വേഗം എത്തണം അധികാരീന്റാടെ "
ഞാനും അനന്തുവും സുനുവും തല കുലുക്കി സമ്മതിച്ചു അത് തന്നെയായിരുന്നു ഞങ്ങളുടെ മനസ്സിലും
വൈകുന്നേരം ബെല്ല് മുഴങ്ങിയതും ഞങ്ങൾ ഇറങ്ങിയോടി
" പാവേ നീ അമ്പൂനെ കൂട്ടിയില്ലേ "
അനന്തു ഇടക്ക് ചോദിച്ചു
" അവൻ വന്നോളും നീ വേഗം വാ "
ഓടുന്നതിനിടക്ക് ഞാൻ പിറകിലായപ്പോൾ അനന്തു എന്നെ കാത്തു നിന്നു
" കുണുങ്ങാതെ വേഗത്തിൽ ഓടെടീ "
അധികാരിയുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം മുറ്റത്തൂടെ നടക്കുന്നുണ്ടായിരുന്നു 
ഞങ്ങളെ കണ്ടപ്പോ അദ്ദേഹം ചിരിച്ചു
" ഞാൻ വന്നിരുന്നു സ്‌കൂളിൽ "
" കണ്ടിരുന്നു "
ഞാൻ വേഗം മുന്നോട്ടു നീങ്ങി നിന്നു
"ഇവള് മാത്രമല്ല ഞങ്ങളൊക്കെ കണ്ടിരുന്നു "
ചോട്ടു എന്നെ തിക്കി മാറ്റി മുന്നോട്ടു നീങ്ങി
" ഉം എന്റെ സരയു മോളുടെ മോള് എത്തീട്ടുണ്ട് അങ്ങു സിറിയായിൽ നിന്നാ അവള് കുറച്ചു കാലം ഇവിടുണ്ടാവും മലയാളമൊക്കെ പഠിക്കട്ടെ "
" ഓഹോ അപ്പൊ കൊച്ചു മോളാ..മനുഷ്യ കുട്ടി തന്നെയാ ഞാൻ പറഞ്ഞില്ലേ പെൺകുട്ടിയാണെന്ന് ഇപ്പൊ എന്തായി "
സുനു എന്റെ ചെവീല് പിറുപിറുത്തു
ഞങ്ങളുടെയൊക്കെ കണ്ണ് കോലായിലും അകത്തേക്കുമായി ഉഴറി നടന്നു
"അവളെ കാണണോ "
മാധവനധികാരി ചിരിയോടെ ചോദിച്ചു ഞങ്ങളുടെ തിക്കലും എക്കലും ഒക്കെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി കാണണം
" കാളീ ഇങ്ങു വന്നേ "
"അയ്യേ ഇതെന്തു പേരാ "
സുനു എന്നെ തോണ്ടി
" നീയൊന്നു മിണ്ടാതെ നിൽക്ക് അധികാരി കേൾക്കും "
എനിക്കും ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു സിറിയായിൽ നിന്നും വന്ന പെണ്ണാ ബൊമ്മയെ പോലുണ്ട് സ്വർണ്ണ മുടി ന്നൊക്കെ പറഞ്ഞിട്ടു കാളീന്നാ വിളിക്ക്യാ ? നിഗൂഢമായൊരു സന്തോഷം തോന്നി എനിക്ക്
പെട്ടെന്ന് ഒരു വെള്ളിവെളിച്ചം പരന്ന പോലെ കോലായിൽ !
ഞങ്ങൾ അമ്പരപ്പോടെ നോക്കി നിന്നു
ഇളം നീല ഉടുപ്പും അഴിച്ചിട്ട സ്വർണ്ണ തലമുടിയും അന്നൊരു ദിവസം ചോട്ടു എറിഞ്ഞു വീഴ്ത്തിയ ചാമ്പക്കയെക്കാൾ ചുവന്ന ചുണ്ടുകളുമൊക്കെയായി ഒരു മാലാഖകുട്ടി !
" ഒന്നങ്ങു നീങ്ങി നിൽക്ക് എനിക്ക് കാണാനാവുന്നില്ല "
അനന്തു എന്നെ തള്ളിമാറ്റി
ഞാൻ വാശിയോടെ അവൻറെ മുന്നിൽ മറഞ്ഞു നിന്നു എന്നാലും അവൻ കാൽവിരലിൽ ഊന്നി ഏന്തിവലിഞ്ഞു അവളെ നോക്കി
" എന്റെ പറശ്ശിനി കടവ് മുത്തപ്പാ ഇതെന്താടീ "
അനന്തു എന്റെ കൈത്തണ്ടയിൽ പിടിച്ചമർത്തി ...ഞാൻ അവനെ നോക്കി... കണ്ണും മിഴിച്ചു കോലായിലേക്ക് നോക്കി നിൽക്കുകയാ
നാണമില്ലാത്തവൻ !
എനിക്ക് ദേഷ്യം സഹിക്കാൻ വയ്യാതായി
" കൈ വിടെടാ "
ഞാൻ ബലമായി അവന്റെ കൈ തട്ടി മാറ്റി
അവൻ അമർത്തിയ ഇടം വേദനിക്കുന്നുണ്ട് ഞാൻ അവിടെ തടവി കൊണ്ടു അവനെ നോക്കി
അപ്പോഴും അവൻ ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയാ...എന്തൊരു അതിശയവും സന്തോഷവുമാ മുഖത്ത് ! വിഷൂന് പൂത്തിരി കത്തിക്കുമ്പോൾ മാത്രാ ഈ ഭാവം അവന്റെ മുഖത്തു മുന്നേ കണ്ടിട്ടുള്ളത് 
ഞാൻ ഒന്നൂടെ കൈത്തണ്ട നോക്കി ഇപ്പൊ ശരിക്ക് വേദനിക്കുന്നുണ്ട്...അവനെ നോക്കി കൊണ്ടു തല കുനിച്ചു ഞാൻ തിരിഞ്ഞു നടന്നു ...എനിക്ക് ശരിക്ക് വേദനിക്കുന്നുണ്ട് കേട്ടോ അനന്തൂ ..
തുടരും....

No comments:

Post a Comment