Monday, August 1, 2016

കാളിന്ദി തീരത്ത് ഭാഗം 1 
കാളിന്ദീ തീരത്ത്.... 
---------
" അമ്മേ പാവേച്ചി എത്തിയോ ? "
" ഓളെത്തീട്ടു നേരെത്ര്യായി നീയെവിടാരുന്നു ഇത്ര നേരം ? "
മുറ്റത്തു നിന്നും അമ്പുവും അമ്മയും സംസാരിക്കുന്നതു കേട്ടു..
ഞാനപ്പോൾ ശ്രദ്ധയോടെ ബിസ്കറ്റ് ചായയിൽ മുക്കി തിന്ന്വായിരുന്നു . അമ്മക്കിഷ്ടമല്ല ഞങ്ങൾ ബിസ്കറ്റ്‌ കഴിക്കുന്നത് വൈകുന്നേരം ചോറു തിന്നാൽ മതിയെന്നാണ് ചട്ടം
ഇന്നിപ്പോ സ്‌കൂൾ വിട്ട ഉടനെ എവിടേം ചുറ്റി തിരിയാതെ വേഗത്തിൽ എത്തിയത് കൊണ്ട് മാത്രാ സമ്മതിച്ചേ എന്നാലും അത്ഭുത്തോടെ ചോദിച്ചു കൊണ്ടാണ് തന്നത്
" ഇന്നെന്താ വേഗത്തില് ഓടിയിങ്ങു വന്നേ ? അവരുടെ ആരെയെങ്കിലും കൈയീന്ന് നല്ല മേട്ടം കിട്ടിയാ ?
ഞാൻ മുഖം ചുളിച്ചു
"എനിക്കെന്താ വേഗം വന്നാല് എന്നെ ആരേലും മേടിയാൽ തിരിച്ചങ്ങോട്ടും ഞാൻ നല്ലോണം കൊടുക്കും "
" ഉം മതി മതി വേഗം ഉടുപ്പ് മാറ്റി തിന്നാൻ നോക്ക് ..അമ്പുവെവിടെ നിങ്ങളൊരുമിച്ചല്ലേ സ്കൂളീന്ന് ഇറങ്ങിയത് "
" ഓനാ ചെക്കന്മാരുടെ കൂടെ ആടിപ്പാടി വരുന്നുണ്ട് ഞാനോടിയിങ്ങു പോന്നു അധികാരീന്റെ പറമ്പില് ചാമ്പക്ക പെറുക്കാൻ പോയിട്ടുണ്ടാവും അനന്തു രാവിലെ കണ്ടു പോലും വല്യൊരു ചാമ്പക്ക അത് എറിഞ്ഞു വീഴ്ത്താൻ പോയിണ്ടാവും "
ഊഹം തെറ്റിയില്ല ചെക്കൻ അതിനു പോയിട്ട് തന്ന്യാ വൈകിയേ...ബാഗ് കസേരയിൽ വെച്ചിട്ടു ഓടി എന്റടുത്തു വന്നു
" ടീ പാവേച്ചീ ഒരു സാധനം കണ്ടു ഞങ്ങൾ "
" എന്ത് സാധനം ? "
കുതിർന്ന ബിസ്കറ്റ്‌ ചായയിൽ വീഴാതെ ശ്രദ്ധിച്ചു പൊക്കിയെടുത്തു വായിലേക്കിട്ടു കൊണ്ട് ഞാനവനെ നോക്കി
" ശരിക്ക് കണ്ടില്ല എന്തോ ജീവിയാ അതുറപ്പാ അധികാരീടെ കൂടെ കോലായിൽ നിൽക്കുന്നതു കണ്ടു ! "
" ഡാ കഴിഞ്ഞ പ്രാവശ്യം ഓരുടെ മോള് വന്നപ്പോ മൊഖം ചുളിഞ്ഞ നായ്കുട്ടീനെ കൊണ്ടോന്നില്ലേ അത് പോലെ എന്തെങ്കിലും ആണോ "
" ഇതതൊന്ന്വല്ല മനുഷ്യ കുട്ടി തന്ന്യാന്നാ തോന്നുന്നേ പക്ഷേ വേറെ രൂപം "
" അതെന്ത് രൂപം ? നീ വെറുതെ ബഡായി വിടല്ലേ "
" സത്യാ ശരിക്ക് കാണാൻ പറ്റിയില്ല അപ്പോഴേക്ക് അകത്തേക്ക് പോയ്‌കളഞ്ഞു സുനു ശരിക്ക് കണ്ടു "
" ന്നാ ഞാൻ ഓനോട്‌ ചോദിച്ചു നോക്കട്ടെ "
ഞാൻ വേഗം കൈ കഴുകി സുനൂന്റടുത്തേക്കോടി
അവൻ ചോറ് തിന്നുകയായിരുന്നു .
" ഡാ ന്താ അധികാരിന്റവിടെ ? "
" ഹോ എന്റെ പാവമണീ ഇവനു വന്നു കേറിയ മുതല് അവിടെ കണ്ട കുട്ടിയെ കുറിച്ചേ പറയാനേ നേരമുള്ളൂ "
അവന്റെ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു .
" ന്താടാ ന്തോ ജീവിയെ പോലുണ്ട് ന്ന് അമ്പു പറഞ്ഞല്ലോ "
" പോടീ നിന്റെ അനിയന് പ്രാന്താ ഞാനെത്ര പറഞ്ഞിട്ടും അവനും അനന്തുവുമൊന്നും വിശ്വസിക്കുന്നില്ല . അത് മനുഷ്യകുട്ടി തന്നെയാ .."
"ആണോ ശരിക്ക് കണ്ടോ നീ "
അവനതു ശ്രദ്ധിക്കാതെ ചോറ് മതിയായി എന്ന ഭാവത്തിൽ മുഖം ചുളിച്ചു കൊണ്ട് ചോട്ടുവിനെ കുറിച്ചു അന്വേഷിക്കുകയാണ് ചെയ്തത്
" നിന്റെ കൂടെയാണോ ചോട്ടു വന്നത് ? ഓനെ ഞങ്ങളൊന്നും കണ്ടില്ലല്ലോ "
" ഉം ഞാനും ഓനും വേം ഇങ്ങു വന്നു ഞങ്ങള് ഓട്ട മത്സരം നടത്തി "
" ആരാ ജയിച്ചേ "
അവനെന്നെ നോക്കി ചിരിച്ചു. എനിക്ക് മനസ്സിലായിരുന്നു ആ ചിരിയുടെ അർത്ഥം !
" എന്റെ ബാഗില് ഇന്ന് കുറേ ബുക്കുണ്ടായിരുന്നു ഭയങ്കര കനമായിരുന്നു ബാഗ് "
" അല്ലെങ്കില് നീയങ്ങു ജയിച്ചേനെ ! ഒന്നു പോടീ "
" പിന്നെന്താ രാജൻ മാഷ് എന്നെയല്ലേ എപ്പോഴും ഓട്ടമത്സരത്തിന് നിർത്തിക്കുന്നേ "
" ആ മാഷ്ക്ക് തകരാറാ 
നീയെപ്പോഴേലും ജയിച്ചിട്ടുണ്ടാ "
ഹോ എന്തൊരു ധൈര്യമാ ഇവന് ! ഒരു പേടിയുമില്ലാതെ മാഷുമാരെയും ടീച്ചർമാരെയും എല്ലാരെ കുറിച്ചും ഓരോ കുറ്റം പറയും .
ഒരു ദിവസം പറയാ മുകുന്ദൻ മാഷ്ക്ക് വയറ്റിലുണ്ട് അതാ വയറിങ്ങനെ വീർത്തത് എന്ന്. ഞങ്ങള് മാഷോട് പറഞ്ഞു കൊടുത്തപ്പോൾ എന്തായിരുന്നു ഇവന്റെ അഭിനയം അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പറഞ്ഞു അലറി കരഞ്ഞു. ഇവനാ എല്ലാരോടും പറഞ്ഞു പരത്തിയെ രാജൻ മാഷും സുധ ടീച്ചറും തമ്മിൽ ' എന്തോ ' ഉണ്ടെന്ന് . അവരുടെ പേര് സ്കൂളിന്റെ പിന്നാമ്പുറത്തെ മതിലിൽ എഴുതി വെച്ചത് ഇവൻ തന്നെയാണെന്ന് അന്ന് അനന്തു പറഞ്ഞത് ശരിയായിരിക്കും. അല്ലെങ്കിൽ ഇപ്പൊ തന്നെ നോക്കിയേ ഒരു കാര്യം ചോദിച്ചറിയാൻ വന്നാൽ അതല്ലേ പറയേണ്ടത് ഇവനിപ്പോ ഞാൻ തോറ്റ കഥ പറഞ്ഞു രസിക്കുകയാ നാണമില്ലാത്തോൻ .. മര്യാദക്ക് നടക്കാൻ പോലും അറിയില്ല എല്ലാ ദിവസവും സ്‌കൂളിൽ പോവുന്ന വഴിക്ക് രണ്ടു പ്രാവശ്യമെങ്കിലും വീഴും എന്നിട്ടു എന്നെ കളിയാക്കുന്നു ശകുനി !
" രണ്ടുരുള ചോറ് തന്നാല് തിന്നാമോ "
സുനു മെല്ലെ ചോദിച്ചു
ഞാൻ പ്ലേറ്റിലേക്ക് നോക്കി മുരിങ്ങയില കറിയാ അവനു ഇഷ്ടമല്ലാത്ത കറി ! അതൊന്നു തീർന്നു കിട്ടാനാ ചോദിക്കുന്നത് !
"എനിക്ക് വേണ്ട അല്ലേലും മീനും ഇറച്ചിയുമൊക്കെ ഉണ്ടെങ്കിൽ ചോദിക്കൂലല്ലോ ഇതിപ്പോ പച്ചക്കറിയായതോണ്ടല്ലേ...
നീയിതു പറയ് എന്താ കണ്ടത് ന്ന് "
" ചപ്രച്ചേ നിനക്ക് പറഞ്ഞു തരുന്ന പ്രശ്നമേയില്ല എണീച്ചു പോടീ "
ഓഹ് അവനു വേണ്ടാത്ത ചോറ് ഞാൻ തിന്നാത്തതു കൊണ്ടാ ഈ ചാട്ടം !
" നീ പോടാ എനിക്ക് കേൾക്കണ്ട അധികാരിന്റാടത്തെ കുട്ടീനെ കുറിച്ച് ...അല്ലേലും അതു കുട്ട്യല്ലല്ലോ ന്തോ ജീവിയല്ലേ "
ഞാൻ മുറ്റത്തേക്കോടി
" പോടീ പ്രാന്തീ നിന്റെ അനിയനും നിനക്കും പ്രാന്താ ഞാൻ കണ്ടീന് അത് ടീവീല് കാണിക്കുന്ന ബൊമ്മയെ പോലൊരു പെൺകുട്ടിയാ "
" ങേ പെൺകുട്ട്യോ ? "
ഞാനൊരു നിമിഷം മുറ്റത്ത് നിന്നു ! പിന്നേം കോലായിലേക്ക് കയറി
" സത്യമാണോ നീ പറയുന്നേ പെൺകുട്ടിയാണോ ? "
" ഇല്ല ഇനി പറയൂല നിനക്കിത്തിരി സൊല്ല കൂടുതലാ അത് കൊള്ളില്ലല്ലോ "
ഞാൻ ഒരു നിമിഷം ആലോചിച്ചു എന്ത് കൊടുത്താലാ ഇവനെ കൊണ്ടു പറയിക്കാനാവുക ?
" ഞാനേ കാളന്തട്ടയുടെ കായ് ഇന്ന് ചുടുന്നുണ്ട് നിനക്കും തരാം "
"വേണ്ട എനിക്കിഷ്ടല്ല നിന്റയൊരു കാളന്തട്ട "
" ഈന്തിന്റെ പായസം അമ്മ ണ്ടാക്കുമ്പോ നിന്നേം വിളിക്കാം ഞാൻ "
ഞാൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി .
അവൻ അത് ശ്രദ്ധിക്കാതെ അകത്തേക്ക് പാളി നോക്കിയ ശേഷം പ്ലേറ്റിലിരുന്ന ചോറെടുത്തു മുറ്റത്തേക്ക് വീശിയെറിഞ്ഞു
" ഇത് ഞാൻ പറഞ്ഞു കൊടുക്കും! എന്തായാലും പറഞ്ഞു കൊടുക്കും മിനിയേച്ചിയോട് "
" ടീ കുരിപ്പേ നിനക്കെന്താ എന്റെ വീട്ടിലെ ചോറല്ലേ "
" ന്നാലും തിന്നാൻ തന്നാൽ മുറ്റത്തേക്കാ എറിയാ ? ഞാനിത് പറഞ്ഞു കൊടുക്കും ഇപ്പോ തന്നെ "
ഹാവൂ ഒരു പിടിവള്ളി കിട്ടി ! ഈ ഭീഷണിയിൽ അവൻ പറയും ഉറപ്പാ
"നീയും മുഴുവൻ തിന്നാറില്ലല്ലോ കോഴിക്കല്ലേ കൊടുക്കുന്നെ ഞാൻ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് ന്നിട്ട് ഞാൻ പറഞ്ഞാ ആരോടേലും "
" എനിക്കതൊന്നും അറിയണ്ട അല്ലേൽ വേഗം പറയ് അത് മനുഷ്യകുട്ടി തന്നെയാണോ "
" ഞാൻ ശരിക്ക് കണ്ടില്ല ന്നാലും ഒരു മിനിറ്റ് കണ്ടു വെള്വെളെ വെളുത്തു ബൊമ്മയെ പോലുണ്ട് മുടിയൊക്കെ സ്വർണ്ണ കളറാ നിലത്തൂടെ ഇഴയുന്ന ഒരു ഉടുപ്പാ ട്ടിരിക്കുന്നെ "
" നിലത്തൂടെ ഇഴയുന്ന ഉടുപ്പ് ഈ ലോകത്ത് ആരും ഇടൂല ചളിയാവൂലെ ..നീ പറയുന്നത് ഒക്കെ നുണയാ മുടിയെങ്ങന്യാ സ്വർണ്ണകളറ് ആവാ ഒന്നുകിൽ കറുക്കും അല്ലേൽ വെള്ക്കും അല്ലാതെ നീ പറയുന്ന പോലിണ്ടാവില്ല "
" വേണേൽ വിശ്വസിച്ചാൽ മതി സംശയണ്ടേൽ പോയി നോക്കിക്കോ "
ഞാൻ തല ചൊറിഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു ഇന്നെന്തായാലും അധികാരിന്റവിടെ പോവാൻ ആവൂല. കേട്ടെഴുത്ത് ഉണ്ട് നാളെ ...കുറെ എഴുതി പഠിക്കാനുണ്ട് രത്നമ്മ ടീച്ചറാ അടിക്കുന്നേന് ഒരു മയവുമുണ്ടാവില്ല .ന്നാലും ആരാവും അത് എന്ത് സാധനാവും ? മനുഷ്യ കുട്ടി തന്നയാണോ ?? അതും പെൺകുട്ടി ? നിലത്തിഴയുന്ന ഉടുപ്പ് ആർക്കേലും ഉണ്ടാവോ അത് സിനിമേല് മാത്രല്ലേ അത് കഴിഞ്ഞാല് ഓര് മടക്കി വെക്കൂലേ അടുത്ത സിനിമേല് ഇടാൻ വേണ്ടി . പിന്നെങ്ങനാ ? അതുമല്ല സ്വർണ്ണ കളർ മുടി ആർക്കെങ്കിലും ഉണ്ടാവോ അതൊക്കെ അമ്മ പറയുന്ന നുണ കഥകളിലെ രാജകുമാരിമാർക്കല്ലേ ഉണ്ടാവൂ ? അവരാണെങ്കിൽ അമ്മയുടെ മനസ്സിൽ അല്ലെ ഉള്ളൂ കഥ പറയുമ്പോൾ മാത്രം ഇറങ്ങി വരും കഥ കഴിഞ്ഞാൽ അമ്മയുടെ മനസ്സിലേക്ക് തന്നെ കയറി പോവേം ചെയ്യും .ഇതിവര് വേറെന്തോ കണ്ടതാ ഉറപ്പാ..അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിനൊരു സമാധാനം തോന്നി ! എന്നാലും എവിടെയോ ഒരസ്വസ്ഥത !
തുടരും....
 

No comments:

Post a Comment